Idukki local

നെടുങ്കണ്ടം മേഖലയില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു; അധികൃതര്‍ മൗനത്തില്‍



നെടുങ്കണ്ടം: നെടുങ്കണ്ടത്തെത്തുന്ന യാത്രക്കാരുടെ നടുവൊടിച്ച് കുമളി-മൂന്നാര്‍ സംസ്ഥാന പാതയിലെ ഗര്‍ത്തങ്ങള്‍. സംസ്ഥാനപാത കടന്നുപോവുന്ന നെടുങ്കണ്ടം മേഖലയില്‍ മാത്രം റോഡില്‍ 200ഓളം കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ നെടുങ്കണ്ടം, തൂക്കുപാലം, രാമക്കല്‍മെട്ട്, ബാലഗ്രാം, കമ്പംമെട്ട്, ഉടുമ്പന്‍ചോല എന്നിവിടങ്ങളിലായി 76 റോഡ് അപകടങ്ങളാണ് നടന്നത്. റോഡിലെ കുഴികളില്‍ വീണുണ്ടായത് 21 എണ്ണം. നെടുങ്കണ്ടം ടൗണിലാണ് അപകടങ്ങള്‍ ഏറെ. റോഡിലെ കുണ്ടും കുഴിയും സിഗ്‌നല്‍ ബോര്‍ഡ് ഇല്ലായ്മയും സീബ്രാ ലൈന്‍ മാഞ്ഞതുമാണ് അപകടത്തിനു കാരണം. മഴ പെയ്ത് റോഡിലുണ്ടാവുന്ന വെള്ളക്കെട്ടും അപകടം വരുത്തുന്നു. കഴിഞ്ഞദിവസം നെടുങ്കണ്ടം കിഴക്കേ കവലയില്‍ പഞ്ചായത്ത് ഓഫിസിനു മുന്നില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടിരുന്നു. ബൈക്ക് നിയന്ത്രണം വിട്ടതിനു പിന്നാലെ മറ്റ് രണ്ടു കാറുകളും അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല. റോഡ് മുറിച്ചുകടക്കുന്ന കാല്‍നട യാത്രക്കാരും അപകടത്തില്‍പ്പെടുക പതിവാണ്. ടൗണിലെത്തുന്ന വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാന്‍ അധികൃതരുടെ ഭാഗത്തു നിന്ന് ഒരു നടപടിയുമില്ല. റോഡിലെ കുഴികളും വാഹനങ്ങളുടെ അമിതവേഗവുമാണ് അപകടങ്ങള്‍ക്കു കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. സമീപകാലത്ത് നെടുങ്കണ്ടം ചെമ്പകകുഴിയില്‍ അപകടത്തിനിടയാക്കിയ കുഴിയില്‍ നാട്ടുകാര്‍ ചേമ്പ് നട്ട് പ്രതിഷേധിച്ചു. രണ്ടാഴ്ച മുമ്പുണ്ടായ രണ്ട് അപകടങ്ങളില്‍ ബൈക്ക് യാത്രികര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു.അടിയന്തരമായി റോഡിലെ കുഴികള്‍ നികത്തി അറ്റകുറ്റപ്പണി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നെടുങ്കണ്ടം ടൗണില്‍ വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കുന്നതിന് അടിയന്തരമായി പോലീസും പഞ്ചായത്തും മോട്ടോര്‍ വാഹന വകുപ്പും ഇടപെടണമെന്ന് നഗരവാസികള്‍ ആവശ്യപ്പെടുന്നു. സ്‌കൂള്‍ വിടുന്ന സമയങ്ങളില്‍ നെടുങ്കണ്ടം, തുക്കുപാലം, രാമക്കല്‍മെട്ട് റോഡില്‍ ബൈക്കിലെത്തുന്ന വിദ്യാര്‍ഥികളുടെ അമിതവേഗം നാട്ടുകാര്‍ക്ക് തലവേദനയാവുന്നുണ്ട്. ഹെല്‍മെറ്റ് പോലും ധരിക്കാതെയാണ് കുട്ടിസംഘങ്ങളുടെ മരണപ്പാച്ചില്‍. ആയിരക്കണക്കിനു വിനോദ സഞ്ചാരികള്‍ കടന്നുപോവുന്ന കുമളി-മൂന്നാര്‍ സംസ്ഥാന പാതയും സംസ്ഥാന പാതയോടു ചേര്‍ന്ന് മറ്റ് റോഡുകളും നവീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it