Idukki local

നെടുങ്കണ്ടം ബ്ലോക്കിന് 140 കോടിയുടെ ബജറ്റ്: ആടുഗ്രാമം പദ്ധതി നടപ്പാക്കും

നെടുങ്കണ്ടം: നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന് 2018-19 സാമ്പത്തികവര്‍ഷം 140 കോടിയുടെ ബജറ്റ്. ആരോഗ്യം, ഭവനിര്‍മാണം, വനിതാ- ശിശു ക്ഷേമം, വൃദ്ധര്‍, വികാലംഗര്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ എന്നിവരുടെ ക്ഷേമപ്രവര്‍ത്തനം, എസ്‌സി എസ്ടി വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍, ഗതാഗത സൗകര്യ വികസനം തുടങ്ങിയ മേഖലകള്‍ക്കാണ് ബജറ്റില്‍ പ്രാധാന്യം നല്‍കിയത്. നീക്കിയിരുപ്പ്: 55,00,000, പ്രതീക്ഷിയ്ക്കുന്ന വരവ്: 140,64,19,000, പ്രതീക്ഷിയ്ക്കുന്ന ചെലവ്: 140,80,54,000, പ്രതീക്ഷിക്കുന്ന നീക്കിയിരുപ്പ്: 38,65,000 എന്നീ കണക്കുകള്‍ പ്രകാരമുള്ള ബജറ്റാണ് നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷേര്‍ളി വില്‍സണ്‍ അവതരിപ്പിച്ചത്. സേവന സംവിധാനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും ജലസേചനം, മാലിന്യ സംസ്‌കരണം, ടൂറിസം, ആരോഗ്യം, ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരിഗണനയും ബജറ്റില്‍ നല്‍കി. നെടുങ്കണ്ടം, രാജാക്കാട്, തൂക്കുപാലം, രാമക്കല്‍മേട് എന്നിവിടങ്ങളിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളോട് ചേര്‍ന്ന് മാതൃ ഭവനങ്ങള്‍ ഒരുക്കാനുള്ള പദ്ധതികള്‍ക്കായി തുക വകയിരുത്തി. 40 ലക്ഷമാണ് പദ്ധതിയ്ക്കായി നീക്കിവച്ചത്. കൈകുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാര്‍ക്ക് വിശ്രമിയ്ക്കാനും മുലയൂട്ടുന്നതിനും സൗകര്യവും ടോയിലറ്റ് സംവിധാനവും മാതൃ ഭവനങ്ങളില്‍ ഉണ്ടാവും. സ്വയം സഹായ സംഘങ്ങള്‍ കാര്യക്ഷമമാക്കാന്‍ ആടുഗ്രാമം പദ്ധതി നടപ്പാക്കും. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പാവപ്പെട്ട രോഗികള്‍ക്ക് ഡയാലിസിസ് നടത്തുന്നതിനു 15 ലക്ഷം അനുവദിച്ചു. ഏഴ് പഞ്ചായത്തുകളിലുള്ള കിടപ്പുരോഗികള്‍ക്ക് അവരുടെ വീടുകളില്‍ പോയി പരിചരണം നല്‍കുന്നതിനും വാട്ടര്‍ ബെഡ്, മരുന്നുകള്‍ എന്നിങ്ങനെയുള്ള പരിചരണങ്ങള്‍ക്കുമായി അഞ്ച് ലക്ഷം വകയിരുത്തി. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമപ്പഞ്ചായത്തുകള്‍ പദ്ധതി വിഹിതത്തില്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ബജറ്റില്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. കരുണാപൂരം ഗ്രാമപ്പഞ്ചായത്ത് 7.46 കോടി, പാമ്പാടുംപാറ ഗ്രാമപ്പഞ്ചായത്ത് അഞ്ചുകോടി, നെടുങ്കണ്ടം ഗ്രാമപ്പഞ്ചായത്ത് 7.97 കോടി, ഉടുമ്പന്‍ചോല ഗ്രാമപ്പഞ്ചായത്ത് 5.94 കോടി, സേനാപതി ഗ്രാമപ്പഞ്ചായത്ത് 4.91 കോടി, രാജകുമാരി ഗ്രാമപ്പഞ്ചായത്ത് 7.38 കോടി, രാജാക്കാട് ഗ്രാമപ്പഞ്ചായത്ത് 5.09 കോടി എന്നിങ്ങനെയാണ് ഗ്രാമപ്പഞ്ചായത്തുകളുടെ ലേബര്‍ ബജറ്റ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമന്ദിരം ശശികുമാര്‍ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ തോമസ് തെക്കേല്‍, സിന്ധു സുകുമാരന്‍നായര്‍, റെജി പനച്ചിക്കല്‍, ജി ഗോപകൃഷ്ണന്‍, ബിഡിഒ പി വി ആലീസ് സംസാരിച്ചു. ബജറ്റിന്‍മേലുള്ള ചര്‍ച്ച അടുത്ത ദിവസം നടക്കും. അതേസമയം, കഴിഞ്ഞവര്‍ഷത്തെ പല പദ്ധതികളും നടപ്പാക്കാതെയാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചതെന്നും ഇതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു.
Next Story

RELATED STORIES

Share it