നെഞ്ചുവേദന; ജയരാജനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പരിശോധിച്ചു

കൊച്ചി: തൃശൂര്‍ അമല ആശുപത്രിയില്‍ നിന്നു തിരുവനന്തപുരം ശ്രീചിത്രയിലേക്കുള്ള യാത്രാ മധ്യേ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കതിരൂര്‍ മനോജ് വധക്കേസിലെ പ്രതിയും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി ജയരാജനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പരിശോധിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്.
ജനറല്‍ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. വിജോ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഒരു മണിക്കൂറോളം ജയരാജനെ കാര്‍ഡിയോ ഐസിയുവില്‍ നീരീക്ഷണത്തിനു വിധേയനാക്കി. ആരോഗ്യ നിലയില്‍ കാര്യമായ വ്യത്യാസങ്ങള്‍ കണ്ടെത്താതിരുന്നതോടെ ഉച്ചയക്ക് 1.50 ഓടെ ജയരാജനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. ഇസിജി എടുത്തുവെങ്കിലും പുതുതായി ഒന്നും കണ്ടെത്താനായില്ലെന്നു ഡോ. വിജോ ജോര്‍ജ് പറഞ്ഞു. നാല് ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞതിലുള്ള വ്യതിയാനം മാത്രമേ ഉണ്ടായിരുന്നുള്ളു. ആരോഗ്യ നിലയില്‍ കാര്യമായ വ്യതിയാനങ്ങള്‍ ഇല്ലാത്തതിനാലാണ് യാത്ര തുടരാന്‍ അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരില്‍ അമല ആശുപത്രിയില്‍ നിന്നു പുറുപ്പെട്ട ശേഷം നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിപിഎം നേതാക്കളായ എം വി ജയരാജന്‍, കാരായി രാജന്‍ എന്നിവര്‍ ജയരാജനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
ഇന്നലെ രാവിലെ എട്ടേകാലോടെ ജയരാജനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോവാന്‍ പോലിസ് നടത്തിയ ശ്രമം സിപിഎം നേതാക്കള്‍ തടഞ്ഞു. അപകട വിവരം ബന്ധുക്കളെ അറിയിക്കാന്‍ താമസിച്ചെന്ന് ആരോപിച്ചാണ് ജയരാജനെ കൊണ്ടുപോവുന്നത് പ്രവര്‍ത്തകര്‍ തടഞ്ഞത്. ഇതേ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. ഗുരുവായൂര്‍ എസിപി ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള വന്‍ പോലിസ് സംഘം ആശുപത്രി പരിസരത്ത് ക്യാംപ് ചെയ്തിരുന്നു.
ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ ആശുപത്രിയിലെത്തി പോലിസുമായി ചര്‍ച്ച നടത്തിയ ശേഷം രാവിലെ ഒമ്പതേമുക്കാലോടെയാണ് ജയരാജനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്.
Next Story

RELATED STORIES

Share it