നെഞ്ചിടിപ്പോടെ വമ്പന്‍മാര്‍...

മോസ്‌കോ: റഷ്യന്‍ ലോകകപ്പിലെ  ജീവന്‍മരണ പോരാട്ടങ്ങള്‍ക്കു തുടക്കമായി. ഗ്രൂപ്പ് ഘട്ടത്തിലെ ഇഞ്ച്വറി പോരാട്ടങ്ങള്‍ ആരംഭിച്ചപ്പോള്‍ വമ്പന്‍ ടീമുകള്‍ക്ക് പ്രീ ക്വാര്‍ട്ടറിലെത്താന്‍ കളി മാത്രമല്ല, കണക്കും കൂടി അനുകൂലമാവേണ്ട സ്ഥിതിയാണുള്ളത്. റഷ്യ, ഉറുഗ്വേ, ഫ്രാന്‍സ്, ക്രൊയേഷ്യ, ബെല്‍ജിയം, ഇംഗ്ലണ്ട് എന്നിവരാണ് ഇതിനകം പ്രീ ക്വാര്‍ട്ടറില്‍ സ്ഥാനം ഉറപ്പാക്കിക്കഴിഞ്ഞ ടീമുകള്‍. ഈജിപ്ത്, സൗദി, മൊറോക്കോ, പെറു, കോസ്റ്റാറിക്ക, തുണീസ്യ, പാനമ, പോളണ്ട് എന്നിവര്‍ക്കു മടക്ക ടിക്കറ്റുകള്‍ നല്‍കിക്കഴിഞ്ഞു. അതേസമയം ലോകോത്തര ടീമുകളായ അര്‍ജന്റീന, ബ്രസീല്‍, ജര്‍മനി, ടീമുകള്‍ നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ്. ഗ്രൂപ്പുകളിലെ സ്ഥിതിവിവരങ്ങള്‍ ഇങ്ങനെയാണ്.

ഗ്രൂപ്പ്് എ
റഷ്യയും ഉറുഗ്വേയും പ്രീ ക്വാര്‍ട്ടറില്‍ ആദ്യമെത്തിയ ടീമുകള്‍. ഇനി ഗ്രൂപ്പ് ജേതാക്കളെ തീരുമാനിക്കാനുള്ള പോരാട്ടം. ഈജിപ്തും സൗദിയും ഗ്രൂപ്പില്‍ നിന്ന് പുറത്തായിക്കഴിഞ്ഞു.

ഗ്രൂപ്പ് ബി
ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞതാണു ഗ്രൂപ്പ് ബി. സാമാന്യം നല്ല ചെറുത്തുനില്‍പു തന്നെ കാഴ്ചവച്ചെങ്കിലും രണ്ടു മല്‍സരങ്ങളിലെ തോല്‍വി ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയെ പുറത്തേക്കുള്ള വഴികാണിച്ചു. എതിരാളികളെ നന്നായി വിറപ്പിച്ച ശേഷം ഓരോ ഗോളിനാണ് മൊറോക്കോ കീഴടങ്ങിയത്. നാലു പോയിന്റ് വീതമുള്ള പോര്‍ച്ചുഗലും സ്‌പെയിനും മൂന്നു പോയിന്റുള്ള ഇറാനും തമ്മിലാണ് പ്രീക്വാര്‍ട്ടര്‍ ബര്‍ത്തിനായുള്ള പോരാട്ടം. ഇതില്‍ ജയിക്കുന്നവര്‍ പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കും.

ഗ്രൂപ്പ് സി
രണ്ടു ജയത്തിലൂടെ ആറു പോയിന്റുള്ള മുന്‍ലോക ചാംപ്യന്‍മാരായ ഫ്രാന്‍സ് നോക്കൗട്ട് റൗണ്ടില്‍ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. നാലു പോയിന്റുമായി ഡെന്‍മാര്‍ക്കാണ് രണ്ടാം സ്ഥാനത്തുള്ളത്. ആസ്‌ത്രേലിയക്ക് ഒരു പോയിന്റുണ്ട്.
പെറു പുറത്താവുകയും ചെയ്തു. ഡെന്‍മാര്‍ക്ക് ഫ്രാന്‍സിനെയും ആസ്‌ത്രേലിയ പെറുവിനെയും നേരിടുകയാണ്. ഡെന്‍മാര്‍ക്കിന് സമനില മതി. അതേസമയം ആസ്‌ത്രേലിയക്ക് നല്ല മാര്‍ജിനിലുള്ള ജയവും വേണം.

ഗ്രൂപ്പ് ഡി
അര്‍ജന്റീനയുടെ നെഞ്ചിടിപ്പിന് കാരണമാവുന്നതാണ് ഈ ഗ്രൂപ്പിലെ കളികള്‍. സമനില പോലും രണ്ടു തവണ ലോകകപ്പ് ജേതാക്കളും കിരീട ഫേവറിറ്റുകളുമായ അര്‍ജന്റീനയ്ക്ക് പുറത്തേക്കുള്ള വഴി തുറന്നേക്കും. ഇന്നു നടക്കുന്ന മല്‍സരത്തില്‍ അര്‍ജന്റീനയ്ക്ക് നൈജീരിയയെ തോല്‍പിച്ചാല്‍ മാത്രം പോര ക്രൊയേഷ്യ ഐസ്‌ലന്റിനെ തോല്‍പിക്കണം. ഐസ്‌ലന്റ് ക്രൊയേഷ്യയെ തോല്‍പിക്കുകയും നൈജീരിയയും അര്‍ജന്റീനയും സമനിലയില്‍ പിരിയുകയും ചെയ്താല്‍ ഗോള്‍ ശരാശരി നിര്‍ണായകമാവും.  അതേസമയം മികച്ച ഫോമില്‍ കളിക്കുന്ന ക്രൊയേഷ്യ രണ്ടു ജയവുമായി പ്രീ ക്വാര്‍ട്ടറിലേക്ക് ടിക്കറ്റ് ഉറപ്പാക്കി. ആറു പോയിന്റോടെ ഗ്രൂപ്പിലെ ജേതാക്കളാണ് ഇവര്‍. അര്‍ജന്റീനയെ തോല്‍പിക്കാനായാല്‍ ഇപ്പോള്‍ മൂന്നു പോയിന്റുള്ള നൈജീരിയ നോക്കൗട്ടിലേക്ക് മുന്നേറും. നല്ല മാര്‍ജിനില്‍  ക്രൊയേഷ്യയെ തോല്‍പിക്കുകയും അര്‍ജന്റീന നൈജീരിയയെ തോല്‍പിക്കുകയും ചെയ്താല്‍ ഐസ്‌ലന്റിനും പ്രതീക്ഷയുണ്ട്.

ഗ്രൂപ്പ് ഇ
മുന്‍ ലോക ചാംപ്യന്‍മാരായ ബ്രസീല്‍ അടങ്ങുന്ന ഈ ഗ്രൂപ്പില്‍ കാനറികളും ആശങ്കയിലാണുള്ളത്.
ബ്രസീലിനും സ്വിറ്റ്‌സര്‍ലന്‍ഡിനും നിലവില്‍ നാലു പോയിന്റ് വീതമുണ്ട്. സെര്‍ബിയക്ക് മൂന്നും. ഇതില്‍ ആര്‍ക്കു വേണമെങ്കിലും നോക്കൗട്ടിലെത്താം. നാളെ സെര്‍ബിയ ബ്രസീലിനെയും സ്വിറ്റ്‌സര്‍ലന്‍ഡ് കോസ്റ്ററിക്കയെയും നേരിടുകയാണ്. രണ്ടു മല്‍സരങ്ങള്‍ തോറ്റ കെയ്‌ലര്‍ നവാസിന്റെ കോസ്റ്ററിക്ക ഇതിനകം പുറത്തായിക്കഴിഞ്ഞു.

ഗ്രൂപ്പ് എഫ്
ഗ്രൂപ്പിലെ കിരീട ഫേവറിറ്റുകളായ നിലവിലെ ചാംപ്യന്‍മാരായ ജര്‍മനിയുടെ കാര്യവും ആശങ്കയില്‍ത്തന്നെയാണുളളത്.
ആറു പോയിന്റുള്ള മെക്‌സിക്കോയാണ് ഗ്രൂപ്പില്‍ മുന്നിലുള്ളത്. ജര്‍മനി ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തുകയും സ്വീഡന്‍ മെക്‌സിക്കോയെ വീഴ്ത്തുകയും ചെയ്താല്‍ മൂന്ന് ടീമുകള്‍ക്കും ആറു പോയിന്റാവും. അപ്പോള്‍ ഗോള്‍ ശരാശരി നിര്‍ണായകമാവും. മെക്‌സിക്കോയും ദക്ഷിണ കൊറിയയും ജയിച്ചാല്‍ മെക്‌സിക്കോ കയറും. ജര്‍മനി, ദക്ഷിണ കൊറിയ, സ്വീഡന്‍ എന്നിവര്‍ക്ക് ഗോള്‍ ശരാശരി നിര്‍ണയാകമാവും.
ഗ്രൂപ്പ് ജി
ലുക്കാക്കുവിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഗ്രൂപ്പില്‍ നിന്ന് ബെല്‍ജിയവും  ഹാരികെയ്‌നിന്റെ മികവില്‍ ഇംഗ്ലണ്ടും പ്രീ ക്വാര്‍ട്ടറില്‍ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. അതേ സമയം പാനമയും തുണീസ്യയും പുറത്തായിക്കഴിഞ്ഞു. വ്യാഴാഴ്ചയാണ് ഇംഗ്ലണ്ടും ബെല്‍ജിവും തമ്മില്‍ ഏറ്റുമുട്ടുന്നത്. ഇതില്‍ ജേതാക്കളാവുന്നവര്‍ ഗ്രൂപ്പ് ജേതാക്കളുമാവും.

ഗ്രൂപ്പ് എച്ച്
നാലു പോയിന്റോടെ ജപ്പാനും സെനഗലുമാണ് മുന്നില്‍. പോളണ്ടിനെ തോല്‍പിച്ച് കൊളംബിയയും സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്. പോളണ്ട് പുറത്തായിക്കഴിഞ്ഞു. ജപ്പാനും പോളണ്ടും സെനഗലും കൊളംബിയയും തമ്മിലാണ് മല്‍സരം. ഇതില്‍ ജപ്പാനും കൊളംബിയക്കും സെനഗലിനും നിര്‍ണായകമാണ്.
Next Story

RELATED STORIES

Share it