palakkad local

നൃത്തമയം ദേശിയ സാംസ്‌കാരികോല്‍സവം

പാലക്കാട്: ഗൗരി ദേശീയസംസ്‌കാരികോത്സവത്തിന്റെ മൂന്നാംദിനത്തില്‍ മണിപ്പൂരി നൃത്തവുമായി വന്ന ഉദയസിംഗ് നല്ല തുടക്കം നല്‍കി. കുച്ചിപ്പുടിയുമായി പ്രതീക്ഷാ കാശിയും കഥക്കുമായി വന്ന സുസ്മിതാ ബാനര്‍ജിയുടെ സംഘവും ഇന്ത്യന്‍ നൃത്തരൂപങ്ങളുടെ വൈവിധ്യവും നിറവും ആസ്വാദകരെ അനുഭവിപ്പിച്ചു. കേരളത്തിലെ ആദ്യത്തെ സംസ്‌കൃതസിനിമയായ 'പ്രിയമാനസത്തിലെ നായികയായ പ്രതീക്ഷാ കാശി പ്രശസ്ത കുച്ചിപ്പുടി നര്‍ത്തകിയായ വൈജയന്തികാശിയുടെ മകളാണ്. നാരായണതീര്‍ത്ഥരുടെ കൃഷ്ണലീലാ തരംഗിണിയില്‍ നിന്നെടുത്ത ഗണപതിസ്തുതിയോടെയാണ് പ്രതീക്ഷ തന്റെ നൃത്തം ആരംഭിച്ചത്.
രണ്ടാംപകുതിയില്‍ പ്രശസ്ത നര്‍ത്തകി സുസ്മിതാ ബാനര്‍ജിയും സംഘവും അവതരിപ്പിച്ച കഥക് ശ്രദ്ധേയമായി. പതിനാലുമാത്രകള്‍താളമുള്ള ധമാര്‍ ആയിരുന്നു അടുത്ത ഇനം. ഘനക് തരാന, സൂഫി സംഗീതം എന്നിവയാണ് തുടര്‍ന്നു കഥക്കില്‍അവതരിപ്പിച്ചത്.
തീണ്ടല്‍, ബാജു ബാന്‍ഡ്, എന്നീ പുതുമയാര്‍ന്ന ഇനങ്ങള്‍ക്ക് ശേഷം വിരഹവും പ്രണയവും ഉണര്‍ത്തുന്ന 'രാസ്'എന്ന ശ്രീകൃഷ്ണഗോപികാനൃത്തം അവതരിപ്പിച്ചത് ആസ്വാദകര്‍ക്കുള്ള വാലന്റൈന്‍ദിന സമ്മാനമായി. ഹോളി എന്ന ഇനവും തുടര്‍ന്ന് മലയാളികള്‍ക്ക് പ്രിയമായ ഓമനത്തിങ്കള്‍കിടാവോ എന്ന താരാട്ടുപാട്ട് കഥക്കിലൂടെ അവതരിപ്പിച്ചത് കാണികളില്‍സന്തോഷം സൃഷ്ടിച്ചു. പണ്ഡിറ്റ് ബ്രിജു മഹാരാജ് ആണ് സുസ്മിതാ ബാനര്‍ജിയുടെ ഗുരു. ബാജേ മുരളിയാ, താള്‍ തരംഗ് എന്നീ ഇനങ്ങളോടെ സുസ്മിതയുടെയും സംഘത്തിന്റെയും കഥക് പൂര്‍ത്തിയാകുമ്പോള്‍ ഗൗരി ദേശീയസംസ്‌കാരികോത്സവത്തിന്റെ സദസ് പാലക്കാടന്‍ സങ്കരസംസ്‌കാരങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകള്‍പോലെ നിറഞ്ഞിരുന്നു .
Next Story

RELATED STORIES

Share it