palakkad local

നൂറ് എംപാനല്‍ ജീവനക്കാരെ നിയമിക്കാന്‍ എംഡിയുടെ നിര്‍ദേശം

പുതുക്കാട്: ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി. ലാഭകരമാക്കുന്നതിന് നൂറ് എംപാനല്‍ഡ് ജീവനക്കാരെ നിയമിക്കാന്‍ കെ.എസ്.ആര്‍.ടി.സി. എം.ഡി. ടോമിന്‍ ജെ. തച്ചങ്കരിയുടെ നിര്‍ദേശം. ഞായറാഴ്ച പുതുക്കാട് കെ.എസ്.ആര്‍.ടി.സി. ഡിപ്പോ സന്ദര്‍ശിച്ച ടോമിന്‍ ജെ. തച്ചങ്കരി സോണല്‍ ഓഫീസര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി.
കഴിഞ്ഞ ചൊവ്വാഴ്ച തിരുവനന്തപുരത്തുവച്ച് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍, മന്ത്രി സി. രവീന്ദ്രനാഥ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിന്റെ തീരുമാനപ്രകാരമായിരുന്നു സന്ദര്‍ശനം. പുതുക്കാട് ഡിപ്പോ വികസനവുമായി ബന്ധപ്പെട്ട് മന്ത്രി രവീന്ദ്രനാഥ് ഗതാഗത മന്ത്രിക്ക് മുന്‍പ് കത്തുനല്‍കിയിരുന്നു. മന്ത്രിയുടെ കത്തിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കി, പുതുക്കാട് ഡിപ്പോ ആധുനിക സ്റ്റാന്റ് സമുച്ചയമാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് എം.ഡി. പറഞ്ഞു. ഡിപ്പോക്ക് സ്വന്തമായുള്ള നാലേക്കര്‍ അഞ്ചുസെന്റ് സ്ഥലം പ്രയോജനപ്പെടുത്തും. നിലവില്‍ ഒരേക്കര്‍ മാത്രമാണ് ഇവിടെ ഉപയോഗിക്കുന്നത്. നിര്‍ത്തലാക്കിയ മൂന്ന് ഷെഡ്യുളുകള്‍ പുനരാരംഭിക്കാന്‍ എം.ഡി. നിര്‍ദേശം നല്‍കി. പുതുക്കാടുനിന്നുള്ള തൃപ്രയാര്‍, ആറ്റപ്പിളളി, പീച്ചാമ്പിള്ളി സര്‍വ്വീസുകളാണ് ലാഭകരമല്ലെന്ന കാരണത്താല്‍ നിര്‍ത്തിയിരുന്നത്.
ശാസ്ത്രീയമല്ലാത്ത നിലവിലെ ഷെഡ്യൂളുകള്‍ പുനക്രമീകരിക്കാന്‍ സോണല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.  ഇതിനായി ജീവനക്കാരുമായി ചര്‍ച്ച നടത്തണം. പുതുക്കാട് ഡിപ്പോയ്ക്ക് അനുബന്ധമായി മൂന്നു നിലയില്‍ ഷോപ്പിങ്ങ് മാള്‍ പരിഗണനയിലുണ്ട്. മാളിന്റെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി ഡിപ്പോക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കും. ഇതില്‍ എം.ഡി.യുമായി നേരിട്ട് ബന്ധപ്പെടാവുന്ന നമ്പറുമുണ്ടാകും. ഈ നമ്പറില്‍ ബന്ധപ്പെടുന്നവരുടെ ആവശ്യത്തിനനുസരിച്ചേ രണ്ടും മൂന്നും നിലകള്‍ പണിയാരംഭിക്കൂ. ഒന്നാംനില കെ.എസ്.ആര്‍.ടി.സി. ഉപയോഗിക്കും. ഡിപ്പോയിലെ കളക്ഷന്‍ അനുസരിച്ചായിരിക്കും വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അതുകൊണ്ട് കളക്ഷന്‍ വര്‍ധിപ്പിക്കാന്‍ ജീവനക്കാര്‍ ആത്മാര്‍ഥമായി ശ്രമിക്കണമെന്നും എം.ഡി. പറഞ്ഞു.
Next Story

RELATED STORIES

Share it