malappuram local

നൂറ്റാണ്ടുകളുടെ സാക്ഷി 'കൂരിയാല്‍ മുത്തശ്ശിക്ക് ' നാടിന്റെ ആദരം

തിരുനാവായ: നൂറ്റാണ്ടുകളുടെ സാക്ഷിയായി നിളാ തീരത്ത് വടക്കെ കരയിലുള്ള കൂരിയാലിന്ന് പരിസ്ഥിതി സംഘടനയായ റീ-എക്കൗയുടെ നേതൃത്വത്തില്‍ യുവജനങ്ങളുടെ ആദരം. അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് ചുവന്ന പട്ട് ചുറ്റിയാണ് കൂരിയാല്‍ മുത്തശ്ശിയെ ആദരിച്ചത്. സാമൂതിരിയുടെ കോവിലകത്തെ കോഴിക്കോടന്‍ ഗ്രന്ഥാവരിയില്‍ ഈ കൂരിയാലിന്റെ നിരവധി വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മാമാങ്കത്തിന്റെ അച്ഛന്‍ തറക്കും നീരാട്ടുകുളിപ്പന്തലിനു ഇടയിലാണ് ഈ കൂരിയാല്‍ ഉണ്ടായിരുന്നത്. കൂരിയാല്‍ തറ മുതല്‍ വാകയൂര്‍ പറമ്പിലെ നിലപാട് തറ വരെ സ്ഥാപിച്ചിരുന്ന വെള്ള മണല്‍ പാതയുടെ ഇരു വശങ്ങളില്‍ വര്‍ണ്ണക്കൊടികള്‍ നാട്ടിയിരുന്നതായി രേഖകള്‍ പറയുന്നു. നവാമുകുന്ദ ക്ഷേത്രം ഉല്‍സവത്തോടനുബന്ധിച്ച് പള്ളിവേട്ടയ്ക്ക് സൗകര്യം ഒരുക്കിയിരുന്നത് ഈ കൂരിയാല്‍ ചുവട്ടിലാണ്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് തന്നെ പൊന്നാനിയിലേക്ക് പുഴ മാര്‍ഗം വാണിജ്യ ആവശ്യങ്ങള്‍ക്ക് പോയിരുന്നവര്‍ ചുമടുകള്‍ ഇറക്കിവച്ച് വിശ്രമിച്ചിരുന്നത് കൂരിയാല്‍ ചുവട്ടില്‍ തന്നെ. കൂരിയാലിനെ കേന്ദ്രീകരിച്ച് 40 വര്‍ഷം മുമ്പ് വരെ പുഴ കടന്നുവരുന്നവര്‍ക്ക് അമ്മമാര്‍ പരമ്പരാഗത സംഭാരം വിതരണം ചെയ്തിരുന്നത് തണ്ണീര്‍ പന്തലിലാണ്. തിരുന്നാവായയുടെ ആദ്യ അങ്ങാടിയുടെ നടുവിലായിരുന്നു ഈ ആല്‍ മരം. 38 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ അരവിന്ദന്റെ തമ്പ് എന്ന സിനിമയില്‍ ഈ കൂരിയാലും കച്ചവടവുമൊക്കെ ചത്രീകരിച്ചിട്ടുണ്ട്. പകല്‍ സമയത്ത് ഏറെ ഓക്‌സിജന്‍ പുറത്തുവിടുന്നതും വൈകുന്നേരങ്ങളില്‍ കാര്‍ബഡൈ ഓക്‌സൈഡ് സ്വീകരിക്കപ്പെടുന്നുവെന്ന് ശാസ്ത്രീയമായി തെളിയിക്കും മുമ്പ് തന്നെ അഷ്ടാംഗഹൃദയം പോലുള്ള വൈദ്യ ഗ്രന്ഥങ്ങളില്‍ ഇതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിയത് കൊണ്ടാവാം വൈദ്യന്‍ തിരുന്നാവായ മൂസദും സംഘവും ഈ കൂരിയാല്‍ ചുവട്ടില്‍ ഒരു വിശ്രമ സങ്കേതമായി കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം തിരുന്നാവായ നവാമുകുന്ദ ദേവസ്വം വക വലിയൊരു തുക ചിലവഴിച്ച് തറ കെട്ടി സംരക്ഷിച്ചുവരുന്നു. ആദരിക്കല്‍ ചടങ്ങുകള്‍ക്ക് ദേവസ്വം കര്‍മി കെ രാധാകൃഷ്ണന്‍ നേതൃത്വം നല്‍കി. തിരുന്നാവായ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനി ഗോഡ്‌ലീഫ് ഉദ്ഘാടനം ചെയ്തു. റീ-എക്കൗ പ്രസിഡന്റ് സതീശന്‍ കളിച്ചാത്ത് അധ്യക്ഷത വഹിച്ചു.
എം കെ സതീഷ് ബാബു, സി പി എം ഹാരിസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മുളക്കല്‍ മുഹമ്മദ് ആലി, അബ്ദുല്‍ വാഹിദ് പല്ലാര്‍, കെഎസ്ഇബി സബ് എന്‍ജിനീയര്‍ നൗഷാദ്, അഷ്‌റഫ് പാലാട്ട്, വി കെ സിദ്ദീഖ്, എം സാദിഖ്, രാധാകൃഷ്ണന്‍ നായര്‍, കെ പി അലവി, ഉമ്മര്‍ ചിറക്കല്‍ സംസാരിച്ചു. 600 ലധികം വര്‍ഷം പഴക്കംവരുന്ന ഈ ആല്‍മരത്തിന് വൃക്ഷശ്രീ അവാര്‍ഡിന് പരിഗണിക്കണമെന്ന് റീ-എക്കൗ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it