malappuram local

നൂറ്റാണ്ടുകളുടെ ചരിത്രം പറഞ്ഞ് പൊന്നാനിയിലെ ആദ്യപള്ളി

ഫഖ്‌റുദ്ദീന്‍ പന്താവൂര്‍
പൊന്നാനി: പൊന്നാനിയിലെ ആദ്യത്തെ പള്ളിയാണ് തോട്ടുങ്ങല്‍ പള്ളി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ പള്ളി സ്ഥാപിച്ചത് മഖ്ദൂമുമാര്‍ പൊന്നാനിയില്‍ വരുന്നതിനും വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ലോക പ്രശസ്ത സൂഫി ഗുരുവായ ശെയ്ഖ് അബ്ദുല്‍ ഖാദര്‍ ജീലാനിയുടെ അരുമശിഷ്യന്‍ അബ്ദുല്‍ ഖാദര്‍ ഖുറാസാനിയുടെ പുത്രനായ ശെയ്ഖ് ഫരീദുദ്ദീനാണ് ഭാരതപ്പുഴയോരത്ത് മനോഹരമായ ഈ പള്ളി സ്ഥാപിച്ചത്. കൂട്ടത്തില്‍ സഹായിക്കാനായി ശെയ്ഖിന്റെ ശിഷ്യന്‍ ഉത്താന്‍ മുസ്്‌ല്യാരും ഉണ്ടായിരുന്നു.
പണ്ടുകാലത്ത് ഈ പള്ളിയോട് ചേര്‍ന്ന ഭാഗത്താണ് തുറമുഖം ഉണ്ടായിരുന്നത്. പുരാതനമായ പല തറവാട്ടുകാരും ഇവിടെ താമസിച്ചിരുന്നു. നൂറ്റാണ്ടുകള്‍ക്കു മുമ്പുണ്ടായ അഗ്നിബാധയില്‍ പള്ളിയും പരിസരങ്ങളുമാക്കെ കത്തിനശിച്ചു. പിന്നീട് പള്ളി പുതുക്കിപ്പണിയുകയായിരുന്നു. ആധുനിക കാലത്തും ചില കൂട്ടിച്ചേര്‍ക്കലുകളൊക്കെ നടന്നതിനാല്‍ പഴമയുടെ പൂര്‍ണമായ സൗന്ദര്യം നഷ്ടപ്പെട്ടിരിക്കുന്നു. പതിനാലാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മഖ്ദൂമുമാര്‍ പൊന്നാനിയില്‍ എത്തിയതോടെ ഈ പള്ളിയുടെ പ്രതാപമൊക്കെ മങ്ങി. ആദ്യകാലത്തുണ്ടായിരുന്ന ജുമുഅ പോലും നിലച്ചു.
പേരും പ്രശസ്തിയും എല്ലാം പിന്നെ മഖ്ദൂമുകള്‍ നിര്‍മിച്ച പള്ളികള്‍ക്കായി മാറി. നൂറ്റാണ്ടുകള്‍ക്കുശേഷം 2009 ഫെബ്രുവരി 13ന് വീണ്ടും ഈ പള്ളിയില്‍ ജുമുഅ ആരംഭിച്ചു. പള്ളിയുടെ സ്ഥാപകനായ ശെയ്ഖ് ഫരീദുദ്ദീന്‍ മതപ്രബോധനത്തിനായി സഞ്ചരിച്ച് കാഞ്ഞിരമുറ്റത്തുവച്ച് മരണപ്പെട്ടു. ശിഷ്യനും സഹായിയുമായ ഉത്താന്‍ മുസ്്‌ല്യാരാണ് പൊന്നാനിയില്‍ ഇസ്്‌ലാം മതം വ്യാപകമായി പ്രചരിപ്പിക്കുന്നത്. മൂന്നാം ഖലീഫ ഉസ്മാന്‍(റ)ന്റെ പരമ്പരയില്‍പ്പെട്ട ഒത്താന്‍ മുസ്്‌ല്യാരുടെ ഖബറും ഇവിടെയുണ്ട്.
പഴയതും പുതിയതുമായി നാല്‍പതിലധികം പള്ളികളുള്ള പൊന്നാനി അങ്ങാടിയിലെ ഏറ്റവും പുരാതനമായ ഈ പള്ളിയെ ചരിത്ര പൈതൃക പദ്ധതിയില്‍ ഇനിയും ഉള്‍പ്പെടുത്തിയിട്ടില്ല.
പഴമയുടെ സൗന്ദര്യം ഏറെ തുടിച്ചുനില്‍ക്കുന്നതാണ് പള്ളിയുടെ ശില്‍പഭംഗി. കേരളീയ തച്ചുശാസ്ത്രരീതിയില്‍ നിര്‍മിച്ച ഈ പള്ളി ഇന്നും കാലത്തെ അതിജീവിച്ച്, ആളും ആരവങ്ങളുമൊഴിഞ്ഞ പടക്കപ്പലുകളോ, ചരക്കുകപ്പലുകളോ, പത്തേമാരികളോ ഇല്ലാത്ത ഭാരതപ്പുഴയോരത്ത് തലയുയര്‍ത്തി നില്‍ക്കുന്നു.
Next Story

RELATED STORIES

Share it