thrissur local

നൂറ്റാണ്ടുകളുടെ കഥപറയുന്ന കരിങ്ങാച്ചിറയിലെ സ്മാരകങ്ങള്‍ക്ക് ചുറ്റുമതില്‍ നിര്‍മിക്കുന്നു



മാള: നൂറ്റാണ്ടുകളുടെ കഥപറയുന്ന പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്തിലെ കരിങ്ങാച്ചിറയില്‍ സ്ഥിതി ചെയ്യുന്ന രാജഭരണകാലത്ത് നിര്‍മിക്കപ്പെട്ട പൈതൃക സ്മരണകള്‍ക്ക് ചുറ്റുമതില്‍ നിര്‍മിക്കുന്നു. രാജഭരണകാലത്തെ പോലിസ് സ്‌റ്റേഷന്‍, അഞ്ചല്‍പ്പെട്ടി, പുരാതനമായ കിണര്‍ എന്നീ പൈതൃക സ്മരണകള്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കുന്നത്. ഇതിനായി അഞ്ച് ലക്ഷം രൂപയാണ് പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ചിട്ടുള്ളതെന്ന് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി ഐ നിസാര്‍ അറിയിച്ചു. 20 സെന്റ് സ്ഥലത്താണ് ഈ പൈതൃക സ്മാരകങ്ങള്‍ നിലകൊള്ളുന്നത്. കാലപ്പഴക്കത്തില്‍ തകര്‍ന്ന നിലയിലായിരുന്ന തിരുവിതാംകൂര്‍ രാജ ഭരണകാലത്ത് നിര്‍മിച്ച പോലിസ് എയ്ഡ് പോസ്റ്റ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പഞ്ചായത്ത് നവീകരിച്ചിരുന്നു.  സമീപമുള്ള മറ്റൊരു സ്മാരകമായ അഞ്ചല്‍പെട്ടിക്ക് സംരക്ഷണ മേല്‍ക്കൂര നിര്‍മിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള പുരാതനമായ കിണറിന് മുകളില്‍ ഇരുമ്പ് വല സ്ഥാപിച്ചിട്ടുണ്ട്. രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണം നടത്തിയത്. തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങള്‍ അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തായിരുന്നു പോലിസ് എയ്ഡ്‌പോസ്റ്റ് പ്രവര്‍ത്തിച്ചിരുന്നത്. കൊച്ചിയുടേയും തിരുവിതാംകൂറിന്റേയും അതിര്‍ത്തിയായ ഇവിടെ കള്ളക്കടത്തുകള്‍ തടയാനും അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങള്‍ തടയാനുമായാണ് ലോക്കപ്പടക്കമുള്ള പോലിസ് സ്‌റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്നത്.  ഐക്യകേരളം നിലവില്‍ വന്നതോടെ പ്രവര്‍ത്തനം നിര്‍ത്തുകയായിരുന്നു. പുരാവസ്തു വകുപ്പ് ഏറ്റെടുക്കുകയോ മുസിരിസ് പൈതൃക പദ്ധതിയില്‍പെടുത്തുകയോ ചെയ്യണമെന്ന ജനാവശ്യത്തിന് നേരെ കണ്ണടക്കുകയാണ് ബന്ധപ്പെട്ട അധികൃതര്‍.
Next Story

RELATED STORIES

Share it