Middlepiece

നൂറ്റാണ്ടുകളായി ഉറങ്ങുന്ന കുംഭകര്‍ണന്മാര്‍

നൂറ്റാണ്ടുകളായി ഉറങ്ങുന്ന കുംഭകര്‍ണന്മാര്‍
X
slug--indraprasthamഎണ്‍പതുകളുടെ അവസാനത്തില്‍ സോമനാഥത്തില്‍നിന്നു രഥയാത്രയുമായി അഡ്വാനിയും സംഘവും ഇറങ്ങിയ കാലം ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലെ മഹാസംഭവങ്ങളുടെ ഒരു കാലമാണ്. കടലിലെ തിരകള്‍പോലെ രാഷ്ട്രീയരംഗത്ത് പലതരത്തിലുള്ള പ്രസ്ഥാനങ്ങളും പൊട്ടിപ്പുറപ്പെട്ടുവന്ന കാലം. അതില്‍ വലിയ സുനാമിത്തിരയായി വന്നതാണ് സംഘപരിവാരത്തിന്റെ രാമജന്മഭൂമി പ്രസ്ഥാനം. ബാബരി മസ്ജിദ് തച്ചുതകര്‍ത്തുകൊണ്ടാണ് അത് അയോധ്യയില്‍ തങ്ങളുടെ ഉല്‍സവം കൊടിയേറ്റിയത്.
എന്നാല്‍, സംഘപരിവാര മുന്നേറ്റം മാത്രമായിരുന്നില്ല ആ കാലത്തിന്റെ സവിശേഷത. എതിര്‍ദിശയിലുള്ള മഹാപ്രസ്ഥാനങ്ങളും അന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പൊട്ടിപ്പുറപ്പെട്ടു. സര്‍ ഐസക് ന്യൂട്ടനാണ് ശക്തിയുടെയും എതിര്‍ശക്തിയുടെയും ബലാബലം സംബന്ധിച്ച പ്രശസ്തമായ സമവാക്യം കൊണ്ടുവന്നത്. ഏതു ബലത്തിനും തുല്യമായ ഒരു എതിര്‍ബലം പ്രപഞ്ചത്തില്‍ രൂപംകൊണ്ടു.
ചരിത്രത്തില്‍ ഈ പ്രവണതയെ വിശേഷിപ്പിക്കുന്നത് വെല്ലുവിളികളും അതിനോടുള്ള പ്രതികരണവും എന്ന സിദ്ധാന്തത്തിലൂടെയാണ്. ഏതു വെല്ലുവിളിയും ഉയര്‍ന്നുവരുമ്പോള്‍ സമൂഹത്തിലായാലും രാഷ്ട്രത്തിലായാലും അതിന്റെ ആഘാതങ്ങള്‍ വ്യത്യസ്തവും വിരുദ്ധവുമായ മറ്റു പ്രതികരണങ്ങള്‍ക്കു രൂപം കൊടുക്കും എന്നാണ് സിദ്ധാന്തത്തിന്റെ കാതല്‍.
അതുതന്നെയാണ് സംഘപരിവാരത്തിന്റെ വര്‍ഗീയതയുടെ രഥയാത്രാപ്രസ്ഥാനത്തിനും സംഭവിച്ചത്. രഥയാത്ര അവരെ അധികാരത്തിലേറ്റി എന്നതു സത്യം. രാജ്യത്തിന്റെ പല ഭാഗങ്ങളിലും സംഘപരിവാരം വലിയ രാഷ്ട്രീയശക്തിയായി മാറി. തങ്ങളെ എതിര്‍ക്കാനോ ചെറുക്കാനോ രാജ്യത്ത് ആരും ഉയര്‍ന്നുവരില്ല എന്ന അഹങ്കാരമാണ് അവരെ നയിച്ചത്.
പക്ഷേ, കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലെ അനുഭവം കാണിക്കുന്നത് ഈ മഹാഭൂരിപക്ഷത്തില്‍ ഒരു ചെറുന്യൂനപക്ഷത്തിന്റെ പിന്തുണ മാത്രമാണ് സംഘപരിവാരത്തിനുള്ളത് എന്ന സത്യമാണ്. 90കളില്‍ തന്നെ പിന്നാക്കസമുദായ പ്രസ്ഥാനങ്ങളും ദലിത് രാഷ്ട്രീയമുന്നേറ്റവും സംഘപരിവാര മേധാവിത്വത്തിന് ഉത്തരേന്ത്യയിലെ കൗബെല്‍റ്റില്‍ തന്നെ ശക്തമായ വെല്ലുവിളിയുയര്‍ത്തി.
ഇവരില്‍ പലരെയും സംഘപരിവാരം തങ്ങളുടെ കുടക്കീഴില്‍ കൊണ്ടുവരുന്നതില്‍ വിജയിച്ചു എന്നതു സത്യം. പക്ഷേ, ഈ പരീക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടിയ ഒരു യാഥാര്‍ഥ്യം സംഘപരിവാരത്തിന്റെ ഏകപക്ഷീയമായ രാഷ്ട്രീയ അജണ്ടകള്‍ ഇന്ത്യയില്‍ നടപ്പാക്കുക അസാധ്യം തന്നെയാണ് എന്ന കാര്യമാണ്. 1999 മുതല്‍ 2004 വരെ വാജ്‌പേയി അധികാരത്തിലിരുന്ന വേളയില്‍ അവര്‍ എന്‍ഡിഎ എന്ന മഹാസഖ്യത്തിന്റെ ഭാഗമായാണു പ്രവര്‍ത്തിച്ചത്. രാജ്യത്തെ സങ്കീര്‍ണതകളുടെ ഓര്‍മ നിലനില്‍ക്കുന്നതിനാല്‍ അക്രമാസക്തമായ ഹിന്ദുത്വരാഷ്ട്രീയത്തെ തുടലിട്ടുപിടിക്കാന്‍ വാജ്‌പേയി പ്രത്യേകം ശ്രദ്ധചെലുത്തിയിരുന്നു.
ഈ കാര്യം അറിയുന്നതുകൊണ്ടാണ് അഡ്വാനിയും പിന്നീട് മുസ്‌ലിംകളുമായി രഞ്ജിപ്പിന്റെ സാധ്യതകളെക്കുറിച്ച് ആലോചിച്ചുതുടങ്ങിയത്. ലാഹോറില്‍ പോയി ജിന്നയെ പുകഴ്ത്താന്‍ ഇടയാക്കിയ രാഷ്ട്രീയസാഹചര്യം അതാണ്.
പക്ഷേ, ആര്‍എസ്എസ് അതൊന്നും ചെവികൊള്ളുന്ന പ്രസ്ഥാനമല്ല. ഇത്തവണ നരേന്ദ്രമോദി അധികാരത്തില്‍ വന്നപ്പോള്‍ തങ്ങളുടെ ഹിന്ദുത്വ അജണ്ടയുമായി മുന്നോട്ടുപോവാന്‍ തന്നെയാണ് അവര്‍ തീരുമാനിച്ചുറച്ചത്. അതിന്റെ അങ്കപ്പുറപ്പാട് സാംസ്‌കാരിക- വിദ്യാഭ്യാസ മേഖലകളിലാണ് കാണപ്പെടുന്നത്.
ഉന്നത വിദ്യാലയങ്ങള്‍ ദേശവിരുദ്ധ ശക്തികളുടെ കേന്ദ്രമാണ് എന്നാണ് ആര്‍എസ്എസ് പ്രമേയത്തിലൂടെ പറയുന്നത്. വിദ്യാര്‍ഥികള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതു തടയണം എന്ന് കുറുവടിസംഘം. തങ്ങളുടെ സ്വന്തം അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത് കാംപസുകളില്‍ നടത്തിക്കൊണ്ടിരിക്കുന്നത് വേറെ എന്ത് ഇടപാടാണ് എന്ന ചോദ്യമൊന്നും സംഘികള്‍ ചോദിക്കുന്നില്ല. സംഘപരിവാരകഥയില്‍ ചോദ്യമില്ല എന്നതുതന്നെ കാരണം.
പക്ഷേ, കുട്ടികള്‍ ചോദ്യം ചോദിക്കും. അത്തരം ചോദ്യങ്ങള്‍ ഉന്നത കലാലയങ്ങളില്‍ അലയടിക്കുകയാണ്. ഇന്നലെ വരെ 'സരസ്വതീക്ഷേത്ര'ങ്ങളില്‍ അയിത്തക്കാരായി പുറത്തുനിര്‍ത്തപ്പെട്ടവരുടെ പിന്മുറക്കാരാണ് ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. അവരെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് സംഘികള്‍ക്ക് അറിയില്ല. ഒരു വഴി അവര്‍ കണ്ടെത്തിയിട്ടുണ്ട്. ചോദ്യം ചോദിക്കുന്നവരെ ദേശവിരുദ്ധരായി മുദ്രകുത്തുക; കലാലയങ്ങളില്‍നിന്നു പുറന്തള്ളുക. അങ്ങനെ ക്ഷേത്രങ്ങള്‍ സംഘികളുടെ സ്വന്തം കലാലയങ്ങളാക്കി സംരക്ഷിക്കുക!
ഐഡിയ നല്ലതു തന്നെ. പക്ഷേ, കാലം 21ാം നൂറ്റാണ്ടാണ്. മഹാഭാരതകാലത്ത് ഏകലവ്യനെ ഒതുക്കാന്‍ പ്രയോഗിച്ച വിദ്യ ഈ നൂറ്റാണ്ടില്‍ പയറ്റാനിറങ്ങുന്ന സംഘികളോട് സത്യത്തില്‍ ആര്‍ക്കും സഹതാപം തോന്നും. റിപ്പ്‌വാന്‍ വിങ്കിള്‍ കാല്‍നൂറ്റാണ്ടു കാലമാണ് ഉറങ്ങിപ്പോയത്; ഇക്കൂട്ടര്‍ എത്രയോ നൂറ്റാണ്ടുകളായി ഉറക്കത്തിലാണ്! ി
Next Story

RELATED STORIES

Share it