നൂറ്റാണ്ടിലാദ്യമായി കടുവകളുടെ എണ്ണത്തില്‍ വര്‍ധന

ജനീവ: ലോകത്താകമാനമുള്ള കടുവകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായി വന്യജീവി സംരക്ഷണവിഭാഗം. വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് (ഡബ്ല്യുഡബ്ല്യുഎഫ്), ഗ്ലോബല്‍ ടൈഗര്‍ ഫോറം എന്നിവ സംയുക്തമായി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 3890 കടുവകളാണ് ലോകത്തുള്ളത്. നൂറ്റാണ്ടില്‍ ആദ്യമായാണ് കടുവകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാവുന്നത്. 2010ല്‍ ഇത് 3200 ആയിരുന്നു. അതേസമയം, 1990കളില്‍ ഒരു ലക്ഷത്തോളം കടുവകള്‍ ലോകത്തുണ്ടായിരുന്നെന്നാണ് കണക്ക്.
കടുവകളുടെ എണ്ണത്തിലുണ്ടായ വര്‍ധന പ്രതീക്ഷ നല്‍കുന്നതാണെന്ന് ഡബ്ല്യുഡബ്ല്യുഎഫിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ജിനെറ്റ് ഹെംലി അറിയിച്ചു. കടുവകളുടെ സാന്നിദ്ധ്യമുള്ള 13 രാജ്യങ്ങളിലെ മന്ത്രിമാര്‍ പങ്കെടുക്കുന്ന സമ്മേളനം ഈയാഴ്ച ഡല്‍ഹിയില്‍ നടക്കുന്നതിനു മുന്നോടിയായാണ് റിപോര്‍ട്ട് പുറത്തുവിട്ടത്. 2022ഓടെ കടുവകളുടെ എണ്ണം ഇരട്ടിയാക്കാനാണ് സമ്മേളനം ലക്ഷ്യം വയ്ക്കുന്നത്.
പുതിയ കണക്കുപ്രകാരം ലോകത്തുള്ള കടുവകളുടെ പകുതിയോളം ഇന്ത്യയിലാണുള്ളത്. 2,226 കടുവകളാണ് ഇന്ത്യയിലുള്ളത്. എണ്ണപ്പനക്കൃഷിക്കായി വന്‍തോതില്‍ വനനശീകരണം നടന്ന ഇന്തോനീസ്യയിലാണ് കടുവകളുടെ എണ്ണത്തില്‍ ക്രമാതീതമായ കുറവുണ്ടായത്.
Next Story

RELATED STORIES

Share it