നൂറ്റാണ്ടിന്റെ കരുത്തില്‍ വാവു വാണിഭത്തിനൊരുങ്ങി പൊന്നാനി

പൊന്നാനി: മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ നേര്‍ക്കാഴ്ചയൊരുക്കി കുറ്റിക്കാട് വാവുവാണിഭം നൂറ്റാണ്ടിന്റെ സാക്ഷിയാവുന്നു. സാധനങ്ങള്‍ പരസ്പരം കൈമാറി വിനിമയം നടന്നിരുന്ന (ബാര്‍ട്ടര്‍ സമ്പ്രദായം) കാലം മുതല്‍ തുടങ്ങിയ കുറ്റിക്കാട് വാവുവാണിഭം ഇന്നും സജീവമായി പൊന്നാനിയുടെ തെരുവീഥിയില്‍ നടക്കുന്നു.
പൊന്നാനി നഗരസഭയിലെ ചന്തപ്പടി മുതല്‍ എവി ഹൈസ്‌കൂള്‍ വരെയുള്ള ഭാഗത്തെ പാതയോരമാണു വാവുവാണിഭത്തിന്റെ വേദി. ഭാരതപ്പുഴയില്‍ ബലിതര്‍പ്പണത്തിനു വരുന്നവര്‍ അവശ്യസാധനങ്ങള്‍ പരസ്പരം കൈമാറ്റം ചെയ്യുന്നതിനായി കുറ്റിക്കാട് ക്ഷേത്രപരിസരത്തൊരുക്കിയ പ്രത്യേക സൗകര്യമായിരുന്നു വാവുവാണിഭം. വാവുബലിക്കു വരുന്നവര്‍ തമ്മിലുള്ള ഏര്‍പ്പാടു മാത്രമായിരുന്നു ആദ്യഘട്ടത്തിലിത്. മണ്ണില്‍ വിളയിക്കുന്നവരുടെ സംഗമമെന്ന നിലയിലുള്ള മാറ്റം പില്‍ക്കാലത്ത് ഉണ്ടായതാണ്. വിളയിച്ച ഉല്‍പന്നങ്ങളാണ് ഇവിടെ കച്ചവട ചരക്കുകളായെത്തുക. കിഴങ്ങ് വര്‍ഗത്തില്‍പ്പെട്ട പിടിക്കിഴങ്ങ്, മധുരക്കിഴങ്ങ്, ചക്കരക്കിഴങ്ങ്, കാവത്ത് എന്നിവയാണ് ആകര്‍ഷക ഇനങ്ങള്‍. കൂടാതെ കുവ്വ, കൂര്‍ക്ക, നെല്ലിക്ക, കരിമ്പ് എന്നിവയും പ്രത്യേക ഇനങ്ങളായി വാവുവാണിഭത്തിനെത്തും. വിവിധ തരത്തിലുളള മണ്‍പാത്രങ്ങള്‍, ഉലക്ക, വാഴക്കന്ന്, സ്വന്തമായി ഉല്‍പാദിപ്പിച്ച വിത്തുകള്‍ എന്നിവയും വില്‍പനയ്്‌ക്കെത്തും. പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള കര്‍ഷകരും കച്ചവടക്കാരുമാണു വാവുവാണിഭത്തിനായി പൊന്നാനിയിലെത്തുന്നവരില്‍ ഏറെയും. വീട്ടുവളപ്പിലും കൃഷിയിടങ്ങളിലും വിളയിച്ചെടുത്ത ഉല്‍പന്നങ്ങളാണു കച്ചവടത്തിനായി കൊണ്ടുവരുന്നത്. ആണ്ടിലൊരിക്കല്‍ നടക്കുന്ന കുറ്റിക്കാട്ടിലെ നാട്ടുചന്തയ്ക്ക് ഒന്നര നൂറ്റാണ്ടിന്റെ പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്. കുറ്റിക്കാട് ക്ഷേത്രത്തോടു ചേര്‍ന്ന വാണിഭക്കളത്തിലായിരുന്നു വാവുവാണിഭം ആദ്യകാലത്തു നടന്നിരുന്നത്. കാലങ്ങള്‍ പിന്നിട്ടപ്പോള്‍ വാണിഭക്കളത്തിലെ നാട്ടുചന്ത പാതയോരത്തേക്കു മാറുകയായിരുന്നു. പ്രത്യേക സംഘാടക സമിതികളോ, മുന്നൊരുക്കങ്ങളോ ഇല്ലാതെ തന്നെ ദീപാവലിയോട് അനുബന്ധിച്ച ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ നിന്നായി പൊന്നാനിയിലെത്തുന്നവര്‍ പാരമ്പര്യ രീതിയില്‍ കച്ചവടം നടത്തി തിരിച്ചുപോവുന്ന രീതിയാണു തുടര്‍ന്നുവരുന്നത്.
വാവുവാണിഭത്തിനു പ്രദേശത്തെ സ്ഥിരം കച്ചവടക്കാര്‍ സൗകര്യമൊരുക്കുന്നതിനാല്‍ കാലങ്ങള്‍ പിന്നിട്ടിട്ടും തനിമ വിടാതെ പൊന്നാനിയുടെ സ്വന്തം നാട്ടുചന്ത ഇപ്പോഴും സജീവമായി തുടരുന്നു.

Next Story

RELATED STORIES

Share it