wayanad local

നൂറു ശതമാനം നികുതി പിരിവ്ജില്ലയിലെ ഗ്രാമപ്പഞ്ചായത്തുകള്‍ കര്‍ശന നടപടിയിലേക്ക്

കല്‍പ്പറ്റ: നൂറു ശതമാനം നികുതി പിരിവ് ലക്ഷ്യമിട്ട് ജില്ലയിലെ ഗ്രാമപ്പഞ്ചായത്തുകള്‍ കര്‍ശന നടപടി സ്വീകരിക്കും. ഏപ്രില്‍ രണ്ടു മുതല്‍ മുഴുവന്‍ കേസുകളിലും ജപ്തി, പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദേശം നല്‍കി. 83.42 ശതമാനം കെട്ടിട നികുതി പിരിച്ചെടുത്ത ജില്ല നിലവില്‍ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്താണ്.
ജപ്തി, പ്രോസിക്യൂഷന്‍ നടപടികള്‍ സംബന്ധിച്ച പരിശീലനം ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് നേരത്തെ നല്‍കിക്കഴിഞ്ഞു. നികുതി കുടിശ്ശിക വരുത്തിയവര്‍ക്കെതിരേ ആര്‍ആര്‍ ഡിമാന്റ് നോട്ടീസ്, ജപ്തി നടപടികള്‍ സ്വീകരിച്ചിട്ടും വിജയിക്കാത്ത സാഹചര്യത്തില്‍ കോടതി മുഖേന നികുതി വസൂലാക്കാനുള്ള പ്രോസിക്യൂഷന്‍ നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.
കോടതി നടപടികളിലൂടെ കുടിശ്ശികയുടെ രണ്ടിരട്ടി വരെ അടയ്‌ക്കേണ്ടി വരും. നടപടികള്‍ ആരംഭിക്കുന്നതിനു മുമ്പ് കുടിശ്ശിക അടയ്ക്കാന്‍ പഞ്ചായത്തുകള്‍ അവസരം ഒരുക്കും. അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ 31 വരെ പഞ്ചായത്തുകളില്‍ തുക അടയ്ക്കാം. ഇ-പേയ്‌മെന്റ് വഴി നികുതി അടയ്ക്കുന്നതിനും സൗകര്യമുണ്ട്.
സംസ്ഥാനത്ത് മൊത്തം 46 ഗ്രാമപ്പഞ്ചായത്തുകള്‍ നൂറുശതമാനം പിരിവ് കൈവരിച്ചിട്ടുണ്ട്. 88.86 ശതമാനം പിരിച്ച കണ്ണൂര്‍ ജില്ലയാണ് ഒന്നാമത്. വയനാട്ടില്‍ കണിയാമ്പറ്റ, വെങ്ങപ്പള്ളി പഞ്ചായത്തുകള്‍ 100 ശതമാനം കൈവരിച്ചു. ഏഴു പഞ്ചായത്തുകള്‍ 90 ശതമാനത്തിലധികവും 10 എണ്ണം 80 ശതമാനത്തിലധികവും പിരിച്ചിട്ടുണ്ട്. 58 ശതമാനത്തോടെ പൂതാടി ഗ്രാമപ്പഞ്ചായത്താണ് ജില്ലയില്‍ പിന്നില്‍ നില്‍ക്കുന്നത്.
Next Story

RELATED STORIES

Share it