Alappuzha local

നൂതന പദ്ധതികളുമായി സംസ്ഥാന ജലഗതാഗത വകുപ്പ്

എന്‍ പി ബദറുദ്ദീന്‍

പൂച്ചാക്കല്‍: നൂതന പദ്ധതികളിലൂടെ സംസ്ഥാന ജലഗതാഗത വകുപ്പിന്റ ഗതിമാറുന്നു. ജല ആംബുലന്‍സ്, അതിവേഗ ബോട്ട്, ജലബസ്, ജല ടാക്‌സി, എന്നിവയാണ് ജലഗതാഗതവകുപ്പിന്റ പുതിയ പദ്ധതികള്‍. ഇതില്‍ ജല ആംബുലന്‍സിന്റ ഉദ്ഘാടനം ഇന്നലെ ചേര്‍ത്തല പാണാവള്ളിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.  ആകെ അഞ്ച് ജല ആംബുലന്‍സുകളാണ് സംസ്ഥാനത്ത് അനുവദിക്കാന്‍ പദ്ധതിയുള്ളത്.
ആലപ്പുഴ ജില്ലയില്‍ മൂന്നും എറണാകുളം, കൊല്ലം ജില്ലകളിലായി ഓരോന്നുമാണ്അനുവദിക്കുന്നത്.  അതില്‍ ഒന്നിന്റ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്.  മറ്റു സ്ഥലങ്ങളിലെ ബോട്ടുകള്‍ ഘട്ടം ഘട്ടമായി അനുവദിക്കും. ജല ആംബുലന്‍സില്‍ ജോലി ചെയ്യേണ്ട  തൊഴിലാളികള്‍ക്ക് ആരോഗ്യവകുപ്പിന്റെ സഹായത്തോടെ പ്രഥമ ശുശ്രൂഷ, കായലിലേക്കു ചാടല്‍, നീന്തല്‍, മുങ്ങിത്തപ്പല്‍,  ഉപകരണങ്ങളുടെ ഉപയോഗം, ജല ആംബുലന്‍സിന്റെ പ്രവര്‍ത്തനം തുടങ്ങിയവയില്‍ പരിശീലനം നല്‍കും.
കായലാല്‍ ചുറ്റപ്പെട്ട മേഖലകളിലാണ് ജല ആംബുലന്‍സുകള്‍ സര്‍വ്വീസ് ആവശ്യം വരുക. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ഇവയുടെ പ്രവര്‍ത്തനം. ജല ആംബുലന്‍സിന്റെ പരിപാലനം ജലഗതാഗത വകുപ്പാണ് നടത്തുന്നത്. ജല ഗതാഗത വകുപ്പ് ജീവനക്കാര്‍ തന്നെയാണ് ജല ആംബുലന്‍സില്‍ ജോലി ചെയ്യുന്നതും. കൂടാതെ മെയ് മാസത്തില്‍ രണ്ട് അതിവേഗ ബോട്ടു സര്‍വ്വീസുകളും ജലഗതാഗത വകുപ്പ് ആരംഭിക്കും. വൈക്കം- എറണാകുളം, ആലപ്പുഴയില്‍ തുടങ്ങി കുമരകം വഴി കോട്ടയം എന്നിവിടങ്ങളെ ബന്ധിപ്പിച്ചാണ് അതിവേഗ ബോട്ട് സര്‍വ്വീസ് നടത്തുക. അതിവേഗ ബോട്ടുകള്‍ക്ക് ഇരു നിലകളിലായി  120 ഇരിപ്പിടങ്ങളാണ് ഉള്ളത്.
താഴത്തെ നില പൂര്‍ണ്ണമായും ശീതീകരിച്ചതാണ്. അതിവേഗ ബോട്ടുകളുടെ നിര്‍മ്മാണം നടന്നു വരുകയാണ്. നിശ്ചിത സമയത്തിനുള്ളില്‍ വളരെ വേഗത്തില്‍ എത്തിച്ചേരുന്നതായിരിക്കും ഇവ. കൂടാതെ ജലഗതാഗത വകുപ്പ് പുതിയ പദ്ധതികള്‍ തുടങ്ങുന്നതിനും നടപടി ആരംഭിച്ചിട്ടുണ്ട്.  ജല ടാക്‌സി, ജല ബസ്സ് എന്നിവയാണ് പദ്ധതി. വിനോദ സഞ്ചാരികള്‍ക്കായാണ്  ജല ടാക്‌സി രംഗത്തിറക്കുന്നത്.
ജല ഗതാഗത വകുപ്പിന്റ പ്രധാന ജെട്ടികള്‍ക്ക് പുറമെ പ്രധാന വിനോദ സഞ്ചാര മേഖലയിലും ഇതിന്റ പ്രയോജനം ലഭ്യമാക്കാനാണ് സാധ്യത. ജലത്തിലും കരയിലും ഓടുന്ന ജല ബസ്സുകളും പദ്ധതിയിലുണ്ട്. ഇതിന്റ നടപടികള്‍ ഏകദേശം ആരംഭിച്ചതായി അധീകൃതര്‍ പറഞ്ഞു.  4 യാത്രാ ബോട്ടുകളാണ് ജലഗതാഗത വകുപ്പ് പുതുതായി വാങ്ങിയത്. ഇവയില്‍ അഞ്ചെണ്ണം സ്റ്റീല്‍ ബോട്ടുകളാണ്. കൂടാതെ 90 സീറ്റുകളുള്ള ഡബിള്‍ ഡക്കര്‍ ബോട്ടുകളും പുതുതായി സര്‍വ്വീസ് നടത്തുന്നുണ്ട്.  രാജ്യത്തെ ആദ്യ സോളാര്‍ ബോട്ട് ജലഗതാഗത വകുപ്പിന് വന്‍ സാമ്പത്തിക നേട്ടമാണ് ഉണ്ടാക്കിയത്. തവണക്കടവ്-വൈക്കം കരകളെ തമ്മില്‍ ബന്ധിപ്പിച്ചാണ് സോളാര്‍ ബോട്ട് സര്‍വ്വീസ് നടത്തുന്നത്.
ഒരു വര്‍ഷം പൂര്‍ത്തീകരിച്ചപ്പോള്‍ ജലഗതാഗത വകുപ്പിന് 22 ലക്ഷം രൂപയാണ് ലാഭം ലഭിച്ചത്. സാധാരണ ബോട്ടില്‍ 22 ലക്ഷം രൂപയാണ് ഡീസല്‍ ഇനത്തില്‍ ചിലവാകുന്നത്. എന്നാല്‍ സോളാര്‍ ബോട്ട് വന്നതോടെ ആ തുക ഒഴിവായി.  അറ്റകുറ്റ പണിക്ക് നിസാര പൈസമാത്രമാണ് ചിലവായത്. കൂടുതല്‍ സോളര്‍ ബോട്ടുക്കള്‍ സംസ്ഥാനത്ത് കൊണ്ടുവരുന്നതിന് നീക്കമുണ്ട്. ജലഗതാഗത വകുപ്പ് പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുമ്പോള്‍ സംസ്ഥാന ജലഗതാഗതത്തിന് കൂടുതല്‍ ഒഴുക്കുണ്ടാകുമെന്നാണ് കരുതുന്നത്.
Next Story

RELATED STORIES

Share it