Flash News

നുണപ്രചാരണം പൊളിയുന്നു ആക്രമിക്കപ്പെട്ടതിലേറെയും മുസ്‌ലിം കടകള്‍

കെ   പി   ഒ   റഹ്മത്തുല്ല
മലപ്പുറം: ജനകീയ ഹര്‍ത്താലില്‍ ഹിന്ദു വിഭാഗത്തില്‍ പെട്ടവരുടെ കടകള്‍ മാത്രം തിരഞ്ഞുപിടിച്ചു താനൂരില്‍ തകര്‍ക്കപ്പെട്ടുവെന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെയും പോലിസിന്റെയും കുപ്രചാരണങ്ങള്‍ പൊളിയുന്നു. താനൂരില്‍ ഹര്‍ത്താല്‍ ദിനത്തില്‍ തകര്‍ക്കപ്പെട്ട 16 കടകളില്‍ 10 എണ്ണവും മുസ്‌ലിം ഉടമസ്ഥരുടേതാണെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടു.
ഹിന്ദു വിഭാഗത്തില്‍ പെട്ടവരുടെ ആറു കടകള്‍ മാത്രമാണ് ആക്രമിക്കപ്പെട്ടിരിക്കുന്നത്. താനൂരിലെ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളും ഇക്കാര്യം സത്യമാണെന്ന് തുറന്നുപറഞ്ഞിട്ടുണ്ട്. ആക്രമിക്കപ്പെട്ട മംഗല്യ ടെക്‌സ് താനൂര്‍ മുനിസിപ്പല്‍ ലീഗ് പ്രസിഡന്റിന്റേതാണ്. പടക്കക്കട ബിജെപി നേതാവിന്റേതുമാണ്. ഹര്‍ത്താല്‍ ദിനത്തില്‍ മുസ്‌ലിംകള്‍ സംഘടിച്ചെത്തി താനൂരിലെ ഹിന്ദുകടകള്‍ക്കു നേരെ അക്രമം നടത്തിയെന്ന നുണപ്രചാരണമാണ് ഏതാനും ദിവസങ്ങളായി സംസ്ഥാനത്തു നടന്നുകൊണ്ടിരിക്കുന്നത്. മന്ത്രി കെ ടി ജലീല്‍ താനൂരിലെത്തി ഇത്തരത്തില്‍ സംസാരിക്കുകയും ഈ കടകള്‍ പുനരുദ്ധരിക്കാന്‍ സഹായനിധി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.
കെആര്‍ ബേക്കറിയും പടക്കക്കടയും മാത്രമാണ് തകര്‍ക്കപ്പെട്ടതെന്ന രൂപത്തിലാണ് മുഖ്യധാരാ പത്രങ്ങളിലും ചാനലുകളിലും വാര്‍ത്തകള്‍ വന്നത്. ആക്രമിക്കപ്പെട്ടവയിലേറെയും മുസ്‌ലിം സ്ഥാപനങ്ങളാണെന്ന സത്യം ആരും പറഞ്ഞിട്ടില്ല. പോലിസും ഭരണകൂടവും രഹസ്യാന്വേഷണ ഏജന്‍സികളും ഈ നുണപ്രചാരണം ഏറ്റുപിടിക്കുകയാണ്. ആര്‍എസ്എസും ഹിന്ദുത്വ തീവ്രവാദികളും ഈ നുണകള്‍ ആവര്‍ത്തിച്ചു സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായ പ്രചാരണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഭരണകക്ഷിയായ സിപിഎമ്മും ഈ പ്രചാരണം ഏറ്റെടുത്തിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് ജലീല്‍ താനൂരിലെത്തി തകര്‍ക്കപ്പെട്ട ഹിന്ദു സ്ഥാപനങ്ങള്‍ മുസ്‌ലിംകള്‍ പുനര്‍നിര്‍മിച്ചു നല്‍കുമെന്നു പറഞ്ഞത്.
തകര്‍ക്കപ്പെട്ടവയിലേറെയും മുസ്‌ലിം സ്ഥാപനങ്ങളാണെന്ന കാര്യം വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളും ശരിവയ്ക്കുന്നുണ്ട്. ഹര്‍ത്താല്‍ ദിനത്തില്‍ താനൂരിലുണ്ടായ മുഴുവന്‍ അക്രമസംഭവങ്ങള്‍ക്കും പിന്നില്‍ തീരദേശത്തെ സിപിഎം-ലീഗ് ഗുണ്ടാസംഘങ്ങളാണെന്നാണ് നാട്ടുകാരും ദൃക്‌സാക്ഷികളും പറയുന്നത്. കെആര്‍ ബേക്കറി ആക്രമിച്ച കേസില്‍ 17 പ്രതികളാണുള്ളത്. ഇവരില്‍ 15 പേരും സിപിഎം പ്രവര്‍ത്തകരാണ്. കെആര്‍ ബേക്കറി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും പ്രതികളായ സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ പോലിസ് തയ്യാറായിട്ടില്ലെന്നതു വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
താനൂര്‍ പോലിസ് സ്‌റ്റേഷനു സമീപം താമസിക്കുന്ന സിപിഎം പ്രവര്‍ത്തകനായ ഒരാള്‍ ഹര്‍ത്താലിന്റെ രണ്ടു ദിവസം മുമ്പ് ഫേസ്ബുക്കില്‍ 'താനൂരില്‍ എന്‍ഡിഎഫ്-ആര്‍എസ്എസ് സംഘങ്ങള്‍ വര്‍ഗീയ കലാപത്തിനു കോപ്പുകൂട്ടുന്നു'വെന്നു പോസ്റ്റിട്ടിരുന്നു. കെആര്‍ ബേക്കറി തകര്‍ത്ത സംഘത്തില്‍ ലീഗ് പ്രവര്‍ത്തകനുമുണ്ടായിരുന്നു. ഹര്‍ത്താലില്‍ പരസ്യമായി അക്രമം കാണിച്ച സിപിഎം പ്രവര്‍ത്തകരെ നിസ്സാര വകുപ്പു പ്രകാരം മാത്രം കേസെടുത്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിടാന്‍ പോലിസിനു മേല്‍ സമ്മര്‍ദമുള്ളതായും പറയപ്പെടുന്നു.
Next Story

RELATED STORIES

Share it