നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന് ജയരാജന്‍

തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ നുണപരിശോധനയ്ക്കു തയ്യാറല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍. ഇന്നലെ സിബിഐയുടെ ചോദ്യംചെയ്യലിനിടെയാണ് അഭിഭാഷകനുമായി സംസാരിച്ചശേഷം ജയരാജന്‍ ഇക്കാര്യം അറിയിച്ചത്.
ചോദ്യംചെയ്യാന്‍ ജില്ലാ സെഷന്‍സ് കോടതി അനുവദിച്ച സമയപരിധി ഇന്നലെ വൈകീട്ട് ആറോടെ അവസാനിച്ചു. കഴിഞ്ഞ രണ്ടുദിവസത്തെ ചോദ്യങ്ങളുടെ ആവര്‍ത്തനമാണ് സിബിഐയില്‍ നിന്നുണ്ടായത്. മിക്ക ചോദ്യങ്ങള്‍ക്കും അറിയില്ല, ഓര്‍മയില്ല എന്നായിരുന്നു ജയരാജന്റെ മറുപടി. ഇതേത്തുടര്‍ന്ന് നുണപരിശോധനയ്ക്കു വിധേയനാക്കേണ്ടിവരുമെന്ന് സിബിഐ പറഞ്ഞു.
എന്നാല്‍, ഇക്കാര്യത്തില്‍ ഉടന്‍ മറുപടി പറയാനാവില്ലെന്നും അഭിഭാഷകനുമായി സംസാരിക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അഡ്വ. കെ വിശ്വന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി ജയരാജനെ സന്ദര്‍ശിക്കുകയും അല്‍പനേരം സംസാരിക്കുകയും ചെയ്തു. ഇതിനുശേഷമാണ് നുണപരിശോധനയ്ക്കു വിധേയനാവാന്‍ തയ്യാറല്ലെന്നു ജയരാജന്‍ വ്യക്തമാക്കിയത്.
അതേസമയം, ജയരാജന്റെ റിമാന്‍ഡ് കാലാവധി ജില്ലാ സെഷന്‍സ് ജഡ്ജി വി ജി അനില്‍കുമാര്‍ ഏപ്രില്‍ എട്ടുവരെ നീട്ടി. അടച്ചിട്ട മുറിയിലാണ് ചോദ്യംചെയ്യുന്നതെന്നും താന്‍ പറയാത്ത കാര്യങ്ങള്‍ വലിയ വാര്‍ത്തകളായി വരുന്നുണ്ടെന്നും ഇതു തടയണമെന്നും ജയരാജന്‍ പരാതിപ്പെട്ടു. ജയരാജനെ ചോദ്യം ചെയ്തപ്പോള്‍ കോടതി നിര്‍ദേശത്തിനു വിരുദ്ധമായി ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യമുണ്ടായതിലുള്ള അതൃപ്തി സിബിഐ സംഘം അറിയിച്ചു.
Next Story

RELATED STORIES

Share it