Flash News

'നുകം: കാളപൂട്ടിന്റെ ആത്മാവും സംസ്‌കാരവും' ഡോക്യുഫിക്ഷന്‍ പുരോഗമിക്കുന്നു

കോഴിക്കോട്: മണ്ണിന്റെ ഗന്ധവും കര്‍ഷക ജനതയുടെ കരുത്തും നിറയുന്ന ഗ്രാമീണ ജനതയുടെ ആവേശമാണ് കാളപൂട്ട്. ആ ആവേശത്തിന്റെ ചരിത്രവും വര്‍ത്തമാനവും വരുംതലമുറയ്ക്കു വേണ്ടി അഭ്രപാളിയിലേക്കു പകര്‍ത്തുകയാണ് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അമ്മാര്‍ കിഴുപറമ്പ.് 'നുകം: കാളപൂട്ടിന്റെ ആത്മാവും സംസ്‌കാരവും' എന്ന ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുഫിക്ഷന്‍ കാളപൂട്ടിന്റെ ആവേശമുഹൂര്‍ത്തങ്ങളെ പകര്‍ത്തിയാണ് ചിത്രീകരിക്കുന്നത്. മലബാറിലെ പ്രമുഖ കാളപൂട്ടു കണ്ടങ്ങളില്‍ നിന്നു രണ്ടുവര്‍ഷംകൊണ്ട് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലബാറിലെ പ്രമുഖ പഞ്ചായത്തുകള്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കും കാളപൂട്ടിനു മാത്രമായി ഏക്കര്‍കണക്കിനു സ്ഥിരം പൂട്ട്കണ്ടങ്ങള്‍ ഉണ്ട്. ഓരോ മല്‍സരകന്നുകാലിക്കും ഉടമ നല്‍കുന്ന സുഖസൗകര്യങ്ങള്‍ അദ്ഭുതം ഉളവാക്കും. സുഖചികില്‍സയും പോഷകസമൃദ്ധമായ ഭക്ഷണവും മാത്രമല്ല, എയര്‍കണ്ടീഷന്‍ ആല വരെയാണ് ഒരുക്കിയിരിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട പരിശീലനത്തിലൂടെ മൃഗങ്ങളിലെ വേഗത്തിന്റെ ഹുസൈന്‍ബോള്‍ട്ടുമാരാവുന്ന കന്നുകാലിക്ക് മോഹവിലയാണ് പറയപ്പെടുന്നത്. ഇത്തരം കന്നുകളെ ലക്ഷങ്ങള്‍ മോഹവില കൊടുത്ത് സ്വന്തമാക്കുന്നവര്‍ മല്‍സരത്തിലെ വിജയം മാത്രമാണ് ലക്ഷ്യംവയ്ക്കുന്നത്. കാളപൂട്ടു കണ്ടങ്ങളില്‍ നിന്ന് ആരും പറയാത്ത ഗ്രാമീണ ജീവിത കഥകള്‍ വര്‍ഷങ്ങളെടുത്തു ചിത്രീകരിച്ച ഡോക്യുഫിക്ഷന്‍ ചരിത്രവും സംസ്‌കാരവും ഒരു ആഘോഷത്തെ എങ്ങനെ അടയാളപ്പെടുത്തി എന്ന് ഉണര്‍ത്തുന്നു. അമ്മാര്‍ കിഴുപറമ്പ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ടൈറ്റില്‍ ക്രിയേഷനാണ് നിര്‍മിക്കുന്നത്.കാമറ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ നിസാര്‍ കൊളക്കാടന്‍ .
Next Story

RELATED STORIES

Share it