wayanad local

നീലഗിരി ഹെറിറ്റേജ് ട്രെയിന്‍ സമ്മര്‍ സ്‌പെഷ്യല്‍ സര്‍വീസ് ഇന്നു മുതല്‍

കുന്നൂര്‍: ഇന്നു മുതല്‍ ജൂണ്‍ 24 വരെ നീലഗിരി ഹെറിറ്റേജ് ട്രെയിന്‍ കുന്നൂര്‍-മേട്ടുപ്പാളയം റൂട്ടിലും തിരിച്ചും സ്‌പെഷ്യല്‍ സര്‍വീസ് നടത്തും. ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും സര്‍വീസ്. സാധാരണ സര്‍വീസില്‍ നിന്നു വ്യത്യസ്തമായി സ്‌പെഷ്യല്‍ യാത്രയുടെ ഭാഗമാവുന്നവര്‍ക്ക് വെല്‍ക്കം കിറ്റ്, സുവനീര്‍, ഓണ്‍ ബോര്‍ഡ് റിഫ്രഷ്‌മെന്റ് തുടങ്ങിയ സേവനങ്ങള്‍ ട്രെയിനിനകത്ത് സൗജന്യമായി ലഭിക്കും.
മുഖം മിനുക്കിയ മൂന്നു കോച്ചുകളാണ് ഈ സര്‍വീസിന്റെ പ്രത്യേകത. തുരുമ്പിനെ പ്രതിരോധിക്കുന്ന മെറ്റാലിക് സ്‌പ്രേ പെയിന്റിങ്, വിനൈല്‍ റാപിങ്, സോഫ ക്ലോത്ത് കൊണ്ടുള്ള സീറ്റുകള്‍ തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍. ഇതില്‍ രണ്ടെണ്ണം ഫസ്റ്റ് ക്ലാസ് കോച്ചുകളും ഒരെണ്ണം സെക്കന്റ് ക്ലാസ് ചെയര്‍ കാര്‍ കോച്ചുമായിരിക്കും.
32 ഫസ്റ്റ് ക്ലാസ് സീറ്റുകളടക്കം ആകെ 132 സീറ്റുകളാണുള്ളത്. 2012നു ശേഷം ആദ്യമായാണ് നീലഗിരി മൗണ്ടന്‍ റെയില്‍വേസ് സമ്മര്‍ സ്‌പെഷ്യല്‍ സര്‍വീസ് നടത്തുന്നത്. ഇതിന്റെ ബുക്കിങ് തുടങ്ങി. മുന്‍കൂട്ടി റിസര്‍വ് ചെയ്തു വേണം ട്രെയിനിലെ യാത്ര.
മേട്ടുപ്പാളയം-കുന്നൂര്‍ റൂട്ടില്‍ ഇരു ഭാഗത്തേക്കുമുള്ള യാത്രയ്ക്ക് മുതിര്‍ന്നവര്‍ക്ക് ഒന്നാം ക്ലാസിന് 1,100 രൂപയാണ് ടിക്കറ്റ് നിരക്ക്. കുട്ടികള്‍ക്ക് 650 രൂപ മതി. രണ്ടാം ക്ലാസ് യാത്രയ്ക്ക് മുതിര്‍ന്നവര്‍ 800 രൂപയും കുട്ടികള്‍ 500 രൂപയും നല്‍കണം.
ജിഎസ്ടി, റിസര്‍വേഷന്‍ ചാര്‍ജ് എന്നിവ കൂടുമ്പോള്‍ നിരക്കില്‍ ചെറിയ മാറ്റമുണ്ടാവും. രണ്ടാം ക്ലാസ് യാത്രയ്ക്ക് ജിഎസ്ടി ബാധകമല്ല.
മേട്ടുപ്പാളയം-കുന്നൂര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ (06171) രാവിലെ 9.10ന് മേട്ടുപ്പാളയത്ത് നിന്നു യാത്ര തിരിക്കും. ഉച്ചയ്ക്കു 12.30ന് കുന്നൂരിലെത്തും. 06172 നമ്പര്‍ ട്രെയിന്‍ ഉച്ചയ്ക്ക് 1.30ന് കുന്നൂരില്‍ നിന്നു യാത്ര തിരിക്കും. വൈകീട്ട് 4.20ന് മേട്ടുപ്പാളയത്തെത്തും.
Next Story

RELATED STORIES

Share it