kannur local

നീലഗിരിയില്‍ നാലുമാസത്തിനിടെ കൊല്ലപ്പെട്ടത് ആറുപേര്‍

ഗൂഡല്ലൂര്‍: നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍ ഫോറസ്റ്റ് ഡിവിഷനില്‍ നാലുമാസത്തിനിടെ ആറുപേര്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ആറുവര്‍ഷത്തിനിടെ 46 പേരാണ് കൊല്ലപ്പെട്ടത്. 60 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 2016ല്‍ മാത്രം 13 പേരെയാണ് കാട്ടാന കൊന്നത്. ഈ വര്‍ഷം ഫെബ്രുവരി ആറിന് ഗൂഡല്ലൂര്‍ കോക്കാല്‍ സ്വദേശി മാരികന്‍ (42), ഏപ്രില്‍ ആറിന് ഗൂഡല്ലൂര്‍ ഏഴുമുറം സ്വദേശി വിജയകുമാര്‍ (40), 14ന് ബിദര്‍ക്കാട് ബെണ്ണ സ്വദേശി സേതുമാധവന്‍ (47), 25ന് പുളിയംപാറ സ്വദേശി ചിന്ന കറുപ്പായി (70), മെയ് മൂന്നിന് പാടന്തറ കറക്കപാളി സ്വദേശി രമേശ് (33,) 27ന് കരൂര്‍ സ്വദേശി വാസന്തി എന്ന രാജേശ്വരി (58) എന്നിവരാണ് കൊല്ലപ്പെട്ടത്.
കാട്ടാനയുടെ ആക്രമണങ്ങള്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ധിച്ചിട്ടുണ്ടെന്നാണ് ഗൂഡല്ലൂര്‍, പന്തല്ലൂര്‍, ഊട്ടി, കുന്നൂര്‍, കോത്തഗിരി, കുന്താ താലൂക്കുകളിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കടുവ, കരടി, കാട്ടുപോത്ത് എന്നിവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്കുകള്‍ക്കു പുറമെയാണിത്. നൂറുകണക്കിന് വീടുകളും തകര്‍ത്തു. വന്‍ കൃഷിനാശവും വരുത്തിയിരുന്നു. അതേസമയം, കാട്ടാനശല്യം തടയുന്നതിന് ആവശ്യമായ യാതൊരുവിധ നടപടിയും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നരുടെ ആശ്രിതര്‍ക്ക് മതിയായ നഷ്ടപരിഹാരം പോലും നല്‍കാന്‍ തയ്യാറാവുന്നില്ല. നാലുലക്ഷം രൂപയാണ് ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കുന്നത്. പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം.
വന്യജീവികളെ ആക്രമിക്കുന്നതിന് ജനങ്ങളില്‍ നിന്ന് വലിയ പിഴയാണ് സര്‍ക്കാര്‍ ഈടാക്കുന്നത്. ചക്ക സീസണ്‍ ആരംഭിക്കുമ്പോള്‍ കാട്ടാനകള്‍ നാട്ടിലിറങ്ങുന്നതു പതിവാണ്. ജനവാസമേഖലയിലേക്കും റോഡിലേക്കും ഇറങ്ങുന്ന കാട്ടാനകള്‍ വലിയ നാശം വരുത്തുകയാണ്. നഗര-ഗ്രാമാന്തരങ്ങളില്‍ കാട്ടാനകളുടെ കൊലവിളി തുടരുന്നു. വീട്ടിനുള്ളില്‍ സൈ്വരമായി കിടന്നുറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. പകല്‍ സമയത്ത് പോലും പുറത്തിറങ്ങി നടക്കാന്‍ ജനം ഭയക്കുകയാണിപ്പോള്‍. മുന്‍കാലങ്ങളെ അപേക്ഷിച്ച് വനത്തിനുള്ളില്‍ കാട്ടാനകള്‍ക്ക് തീറ്റ കുറവാണ്. കാട്ടാനകള്‍ക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ വനത്തില്‍ തന്നെ ലഭ്യമാക്കുന്നതിന് വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണം. വനാതിര്‍ത്തികളില്‍ കിടങ്ങ് നിര്‍മിക്കുകയും സോളാര്‍ വേലികള്‍ സ്ഥാപിക്കുകയും വേണം.
Next Story

RELATED STORIES

Share it