നീലക്കുറിഞ്ഞി ഉദ്യാനം: ആറ് മാസത്തിനുള്ളില്‍ തുടര്‍ നടപടി

മൂന്നാര്‍: നീലക്കുറിഞ്ഞി ഉദ്യാന മേഖലയിലെ കൈയേറ്റം സംബന്ധിച്ച് ദേവികളും സബ് കലക്്ടറോട് വിശദമായ റിപോര്‍ട്ട് ആവശ്യപ്പെടുമെന്നു റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. ആറു മാസത്തിനുള്ളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. കുടിയേറ്റ കര്‍ഷകരുടെ പേരില്‍ നടക്കുന്ന വ്യാപക കൈയേറ്റം ഒരു കാരണവശാലും അംഗീകരിക്കില്ല. നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരായ ആരോപണങ്ങള്‍ അന്വേഷിച്ചുവരികയാണ്. തെറ്റു കണ്ടെത്തിയാല്‍ നടപടിയുണ്ടാവുമെന്നും വിട്ടുവീഴ്ചയുണ്ടാവില്ലെന്നും മന്ത്രി മൂന്നാറില്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, നീലക്കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ ജനങ്ങളെ വിശ്വാസത്തിലെടുത്തു നടപടി സ്വീകരിക്കുമെന്നും റവന്യൂമന്ത്രി പറഞ്ഞു. നീലക്കറുഞ്ഞി ഉദ്യാനത്തിന്റെ പരിധിയില്‍ താമസിച്ചുവരുന്ന വട്ടവട പഞ്ചായത്തിലെ ഒരാളെ പോലും പുറത്താക്കില്ല. നീലക്കുറിഞ്ഞി ഉദ്യാനം പ്രഖ്യാപനത്തിനു ശേഷം 11 വര്‍ഷമായി കഴിഞ്ഞിട്ടും പൂര്‍ണമായി അതു നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനു നിയോഗിക്കപ്പെട്ട സെറ്റില്‍മെന്റ് ഓഫിസറുടെ പ്രവര്‍ത്തനം നടക്കണമെങ്കില്‍ ഉദേ്യാഗസ്ഥരും ജനങ്ങളും പരസ്പര വിശ്വാസത്തിലൂന്നി സഹകരിക്കണം. ഉദേ്യാഗസ്ഥന്‍മാരെ സംബന്ധിച്ചിടത്തോളം സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പില്‍വരുത്താനും നിയമപരമായി പരിശോധിക്കാനും ബാധ്യതപ്പെട്ടവരാണ്. അതില്‍ യാന്ത്രികമായ സമീപനം പാടില്ല. സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി ആറു മാസത്തിനകം ഇതില്‍ പരിഹാരമുണ്ടാക്കണം. പരിശോധനയ്ക്കായി ജനങ്ങള്‍ രേഖകളുമായി ആര്‍ഡിഒ ഓഫിസില്‍ എത്തണമെന്ന ബുദ്ധിമുട്ട് ഒഴിവാക്കാന്‍ സംവിധാനത്തേക്കുറിച്ച് ആലോചിക്കും.   സര്‍വേക്കും പരിശോധനയ്ക്കും നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ വിവരങ്ങളും രേഖകളും നല്‍കി ജനങ്ങള്‍ സഹകരിക്കണം. മുഖമന്ത്രിയുമായി ചര്‍ച്ച ചെയ്തു സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും റവന്യൂ മന്ത്രി അവലോകന യോഗത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it