Flash News

നീറ്റ് വിവാദം : സഭയിലും പ്രതിഷേധം; കേസെടുക്കാന്‍ നിര്‍ദേശം



തിരുവനന്തപുരം: നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനികളെ വസ്ത്രമഴിച്ചു പരിശോധിച്ചത് അപരിഷ്‌കൃതവും ക്രൂരവുമായ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ വിഷയത്തില്‍ നിയമപരമായി പരിശോധിച്ച് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയതായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു. സിബിഎസ്ഇയുടെ നടപടിക്കെതിരേ നിയമസഭ ഐകകണ്‌ഠ്യേന പ്രതിഷേധം രേഖപ്പെടുത്തി. വിഷയത്തില്‍ പ്രതിപക്ഷനേതാവിനു പുറമെ എം രാജഗോപാല്‍, കെ സുരേഷ് കുറുപ്പ്, പി സി ജോര്‍ജ് എന്നിവരും സബ്മിഷന്‍ അവതരിപ്പിച്ചു. പരീക്ഷാ ക്രമക്കേട് തടയാനെന്ന പേരില്‍ സിബിഎസ്ഇ കൊണ്ടുവന്ന ഡ്രസ് കോഡും മറ്റു നിബന്ധനകളും വിദ്യാര്‍ഥികള്‍ക്ക് വളരെയേറെ മനോവിഷമവും സമ്മര്‍ദവും ഉണ്ടാക്കിയെന്നത് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.  ഇതിനെതിരായി ഉയര്‍ന്നുവന്ന വികാരത്തില്‍ പങ്കുചേരുന്നു.  കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. കണ്ണൂര്‍ ജില്ലയിലെ ആര്‍മി പബ്ലിക് സ്‌കൂള്‍, കുഞ്ഞിമംഗലം ടിസ്‌ക് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, എറണാകുളം കുറുപ്പുംപടി സെന്റ്‌മേരീസ് പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളിലെ പരീക്ഷാര്‍ഥികളോട് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റവും വസ്ത്രപരിശോധനയുമാണ് പരാതിക്ക് ഇടയാക്കിയത്. ചില വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ വസ്ത്രത്തിന്റെ കൈ മുറിച്ചുമാറ്റി ലോഹ ബട്ടണുകളും സിബ്ബുകളും നീക്കി. വിദ്യാര്‍ഥികളില്‍ വലിയ മനോവിഷമമുണ്ടാക്കിയ ഈ നടപടി ന്യായീകരിക്കാനാവില്ല. വിദ്യാര്‍ഥികളെ ഡ്രസ് കോഡ് നിബന്ധനകളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചാണ് പരീക്ഷാഹാളിലേക്ക് പ്രവേശിപ്പിച്ചത്. പല വിദ്യാര്‍ഥികളും അതു നിരസിച്ച് മാറിനിന്നു. സ്‌കൂള്‍ അധികൃതര്‍ മേലുദ്യോഗസ്ഥരുമായി ബന്ധപ്പെട്ടശേഷം ഇത്തരം വിദ്യാര്‍ഥികളെ പരീക്ഷയെഴുതാന്‍ അനുവദിച്ച് നഷ്ടപ്പെട്ട സമയം നല്‍കി. കണ്ണൂര്‍ ആര്‍മി പബ്ലിക് സ്‌കൂളിലുണ്ടായ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി വനിതാ പോലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രക്ഷിതാക്കളെയും കുട്ടികളെയും നേരില്‍ക്കണ്ട് നിജസ്ഥിതി അന്വേഷിച്ചു. ബന്ധപ്പെട്ടവരുടെ വീടുകളില്‍ നേരിട്ടുചെന്ന് അന്വേഷണം നടത്താന്‍ വനിതാ പോലിസ് ഇന്‍സ്‌പെക്ടറെ ചുമതലപ്പെടുത്തി. ഈ അന്വേഷണത്തില്‍ വെളിവാകുന്ന വസ്തുത അനുസരിച്ച് തുടര്‍നടപടി സ്വീകരിക്കും. കുറുപ്പുംപടി സെന്റ്‌മേരീസ് സ്‌കൂളില്‍ ഒരു വിദ്യാര്‍ഥിക്ക് പരീക്ഷയെഴുതാന്‍ പറ്റിയില്ലെന്ന പരാതിയും അന്വേഷിക്കും. കേരളത്തിന്റെ സംസ്‌കാരത്തിന് യോജിക്കാത്ത ഇത്തരം സംഭവങ്ങള്‍ക്ക് അടിസ്ഥാനകാരണം സിബിഎസ്ഇയുടെ ഡ്രസ് കോഡും മറ്റു നിബന്ധനകളുമാണ്. ഒരുതരത്തിലുള്ള ലോഹസാധനവും ദേഹത്തുണ്ടാവാന്‍ പാടില്ലെന്ന വ്യവസ്ഥയാണ് ലോഹബട്ടണുകള്‍ പോലും നീക്കുന്നതിലേക്ക് എത്തിയത്. മുറികൈയന്‍ വസ്ത്രങ്ങളേ പാടുള്ളൂവെന്നും നിര്‍ദേശിച്ചിരുന്നു. കുട്ടികളുടെ വ്യക്തിത്വത്തെ തകര്‍ക്കുന്ന തരത്തിലുള്ള ഹീനമായ പരിശോധനയാണ് നടത്തിയതെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. പരിശോധനാ നടപടി നിര്‍ത്തിവയ്ക്കണമെന്നും ഉത്തരവാദികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it