Flash News

നീറ്റ് വിവാദം : പോലിസ് കൂടുതല്‍ സാക്ഷികളെ ഉള്‍പ്പെടുത്തും



കണ്ണൂര്‍: നീറ്റ് പരീക്ഷയ്ക്കിടെ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിച്ചു പരിശോധിച്ച സംഭവത്തില്‍ ആരോപണവിധേയരായ അധ്യാപികമാരെ അറസ്റ്റ് ചെയ്യുന്നതിനു മുന്നോടിയായി പോലിസ് കൂടുതല്‍ സാക്ഷികളെ ഉള്‍പ്പെടുത്തുന്നു. കേസിന്റെ നടപടിക്രമങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ചെറുവത്തൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയ പയ്യന്നൂര്‍ കുഞ്ഞിമംഗലം കൊവ്വപ്പുറം ടിഐഎസ്‌കെ (ടിസ്‌ക്) ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ നാല് അധ്യാപികമാര്‍ക്കെതിരേ പരിയാരം പോലിസ് കേസെടുത്തത്. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം പോലിസ് സ്വമേധയാ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കേസെടുക്കുകയുണ്ടായി. പെണ്‍കുട്ടിയെ അപമാനിച്ചതിനും സ്വകാര്യതയ്ക്ക് ഭംഗംവരുത്തുന്ന പ്രവൃത്തികള്‍ നടത്തിയതിനും ഇന്ത്യന്‍ ശിക്ഷാനിയമം 509 പ്രകാരമാണു പോലിസ് നടപടി. നീറ്റ് പരീക്ഷയെഴുതിയ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ പലര്‍ക്കും ഇന്‍വിജിലേറ്റര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ജീവനക്കാരുടെ പ്രാകൃത നടപടിയില്‍ പ്രതിഷേധമുണ്ടെങ്കിലും ഇവരാരും രേഖാമൂലം പരാതിയുമായി മുന്നോട്ടുവരാന്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ കേസ് ദുര്‍ബലപ്പെടുമോയെന്ന ആശങ്കയിലാണ് പോലിസ്. ഇതാണ് നടപടിക്രമങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ പോലിസിനെ പ്രേരിപ്പിക്കുന്നത്. പ്രതികളുടെ മൊഴിയെടുക്കാന്‍ കണ്ണൂര്‍ വനിതാസെല്‍ സിഐ കമലാക്ഷിയുടെ നേതൃത്വത്തിലുള്ള പോലിസ് ഇന്നലെ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല. തിരിച്ചറിയലിനു പരാതിക്കാരിയായ പെണ്‍കുട്ടിയെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ശേഷം അധ്യാപികമാരെ അറസ്റ്റ് ചെയ്യാനാണു നീക്കം. പരീക്ഷാകേന്ദ്രമായിരുന്ന കുഞ്ഞിമംഗലം കൊവ്വപ്പുറം ടിസ്‌ക് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികമാരായ ഷീജ, സഫീന, ബിന്ദു, ഷാഹിന എന്നിവരെയാണ് മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സിബിഎസ്ഇയും സ്‌കൂള്‍ മാനേജ്‌മെന്റും നേരത്തെ ഒഴിഞ്ഞുമാറിയിരുന്നു. ചില വനിതാ ജീവനക്കാരുടെ അമിതാവേശമാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നാണ് സിബിഎസ്ഇ പുറത്തിറക്കിയ വിശദീകരണക്കുറിപ്പിലുള്ളത്. മാപ്പുപറയാന്‍ സിബിഎസ്ഇ അധികൃതര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും പ്രിന്‍സിപ്പലോ, സ്‌കൂള്‍ മാനേജ്‌മെന്റോ അതിനു തയ്യാറായിട്ടില്ല.  സ്‌കൂള്‍ പ്രിന്‍സിപ്പല്‍, സ്‌കൂള്‍ മാനേജര്‍, നീറ്റ് പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു ജീവനക്കാര്‍ എന്നിവരുടെ വിശദമായ മൊഴിയെടുക്കുമെന്നു പരിയാരം പ്രിന്‍സിപ്പല്‍ എസ്‌ഐ വി ആര്‍ വിനീഷ് പറഞ്ഞു.
Next Story

RELATED STORIES

Share it