Flash News

നീറ്റ് പ്രവേശനപ്പരീക്ഷയ്ക്ക് വസ്ത്രമഴിച്ച് പരിശോധന : മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു



തിരുവനന്തപുരം: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ വസ്ത്രങ്ങള്‍ അഴിച്ചു പരിശോധിച്ച സിബിഎസ്ഇ നടപടി മനുഷ്യാവകാശ ലംഘനമാണെന്നും സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം ആവശ്യമാണെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെട്ട് മനുഷ്യാവകാശലംഘനം നടത്തിയവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ദേശീയ കമ്മീഷന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ സംസ്ഥാന കമ്മീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് സിബിഎസ്ഇ റീജ്യനല്‍ ഡയറക്ടറില്‍ നിന്ന് റിപോര്‍ട്ട് ആവശ്യപ്പെട്ടു. പ്രവേശനപ്പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ പോലിസ് മേധാവി മൂന്നാഴ്ചയ്ക്കകം അന്വേഷണ റിപോര്‍ട്ട് പ്രത്യേകം സമര്‍പ്പിക്കണം. കേരള വാഴ്‌സിറ്റി രജിസ്ട്രാറും വിശദീകരണം നല്‍കണം. മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നീറ്റ് പരീക്ഷയ്ക്കിടയില്‍ ഇത്തരം മനുഷ്യാവകാശലംഘനങ്ങള്‍ നടന്നതായി കമ്മീഷന്‍ നിരീക്ഷിച്ചു. പെണ്‍മക്കളെ പരീക്ഷാഹാളില്‍ പ്രവേശിപ്പിക്കുന്നതിന് അനുയോജ്യമായ വസ്ത്രം കണ്ടെത്താന്‍ രക്ഷാകര്‍ത്താക്കള്‍ പരിഭ്രാന്തരായി ഓടുന്ന കാഴ്ച പരീക്ഷാഹാളിനു പുറത്ത് സാധാരണയായിരുന്നെന്ന് കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് നിരീക്ഷിച്ചു. ചിലരുടെ വസ്ത്രത്തിന്റെ കൈ മുറിച്ചുമാറ്റി. ചിലര്‍ക്ക് ഷൂസ് അഴിക്കേണ്ടിവന്നു. ചിലര്‍ അവസരം മുതലാക്കി പരീക്ഷാഹാളിനു പുറത്ത് ടീഷര്‍ട്ട് വില്‍പന നടത്തി. മെറ്റല്‍ ഡിറ്റക്റ്റര്‍ ശബ്ദമുണ്ടാക്കിയെന്ന് പറഞ്ഞ് കണ്ണൂരില്‍ പെണ്‍കുട്ടിയുടെ അടിവസ്ത്രമഴിച്ച് പരിശോധിച്ചു. കറുത്ത പാന്റ്‌സ് ധരിച്ച പെണ്‍കുട്ടിയെ പരീക്ഷാഹാളില്‍ കയറ്റിയില്ല. പതിനൊന്നാം മണിക്കൂറിലാണ്  പരീക്ഷാഹാളില്‍ ധരിക്കേണ്ട വസ്ത്രങ്ങള്‍ പരീക്ഷാര്‍ഥികളെ സിബിഎസ്ഇ അറിയിച്ചതെന്നും കമ്മീഷന്‍ കണ്ടെത്തി.
Next Story

RELATED STORIES

Share it