Flash News

നീറ്റ് പരീക്ഷയ്ക്കു വസ്ത്രമഴിച്ച് പരിശോധന : കേസിലെ പ്രതികളായ അധ്യാപികമാര്‍ സംഭവം നിഷേധിച്ചു



കണ്ണൂര്‍: നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനിയുടെ അടിവസ്ത്രമഴിച്ചു പരിശോധിച്ച വിവാദ കേസില്‍ പ്രതിചേര്‍പ്പെട്ട അധ്യാപികമാര്‍ സംഭവം നിഷേധിച്ചു. 250ലധികം കുട്ടികള്‍ പരീക്ഷയ്‌ക്കെത്തിയിരുന്നുവെന്നും ഒറ്റപ്പെട്ട സംഭവം ഓര്‍മയില്ലെന്നുമാണ് മൂന്ന് അധ്യാപികമാര്‍ കേസ് അന്വേഷിക്കുന്ന പരിയാരം എസ്‌ഐ വി ആര്‍ വിനീഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് മൊഴിനല്‍കിയത്. ഇതു സംബന്ധിച്ച് കുട്ടിയുടെ കൈയിലുള്ള വീഡിയോ ചിത്രം കൂടി പരിശോധിച്ചശേഷമായിരിക്കും കൂടുതല്‍ നടപടികളുണ്ടാവുകയെന്ന് പോലിസ് പറഞ്ഞു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും മാനവവിഭവശേഷി വകുപ്പും സംസ്ഥാന സര്‍ക്കാരും നേരിട്ടിടപെട്ട കേസ് ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ്് സംഭവം നടന്ന പയ്യന്നൂര്‍ കുഞ്ഞിമംഗലം കൊവ്വപ്പുറം ടിഐഎസ്‌കെ(ടിസ്‌ക്) ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികമാരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. കഴിഞ്ഞദിവസം ഇതുസംബന്ധിച്ച് പരാതിക്കാരിയായ പെണ്‍കുട്ടിയുടെ മാതാവിന്റെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ഇവരും രാവിലെ സ്‌കൂളിലെത്തിയിരുന്നു. പെണ്‍കുട്ടിയെ അപമാനിച്ചതിനും സ്വകാര്യതയ്ക്കു ഭംഗം വരുത്തുന്ന പ്രവൃത്തികള്‍ നടത്തിയതിനുമാണ് കേസെടുത്തിട്ടുള്ളത്. അധ്യാപികമാരുടെ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളും പോലിസ് പരിഗണനയിലുണ്ട്. ചില വനിതാ ജീവനക്കാരുടെ അമിതാവേശമാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നാണ് സിബിഎസ്ഇ പുറത്തിറക്കിയ വിശദീകരണക്കുറിപ്പിലുള്ളത്. അതേസമയം, സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഖേദപ്രകടനം നടത്തി. സിബിഎസ്ഇ മാര്‍ഗ നിര്‍ദേശപ്രകാരമുള്ള ദേഹപരിശോധനയില്‍ ടിസ്‌ക് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പരീക്ഷയെഴുതിയ ഏതെങ്കിലും വിദ്യാര്‍ഥിനികള്‍ക്ക് പ്രയാസങ്ങളോ ബുദ്ധിമുട്ടോ ഉണ്ടായിട്ടുണ്ടെങ്കില്‍ സെന്റര്‍ സൂപ്രണ്ട് എന്ന നിലയില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് വാര്‍ത്താക്കുറിപ്പിലുള്ളത്.
Next Story

RELATED STORIES

Share it