നീറ്റ് ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂഡല്‍ഹി: സര്‍ക്കാര്‍-സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ മെറിറ്റ് സീറ്റുകളിലേക്കു ദേശീയതലത്തില്‍ നടത്തുന്ന ഏകീകൃത പൊതുപ്രവേശന പരീക്ഷയില്‍ (നീറ്റ്) ഈ വര്‍ഷം ഇളവുനല്‍കാനുള്ള ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ അംഗീകാരം. നീറ്റ് ഇത്തവണ നടത്തേണ്ടെന്ന ഓര്‍ഡിനന്‍സില്‍ പ്രണബ് മുഖര്‍ജി ഒപ്പുവച്ചു. ഇതോടെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നീറ്റില്‍ ഈ വര്‍ഷം ഇളവ് ലഭിക്കും.
എംബിബിഎസ്, ബിഡിഎസ് ബിരുദ-ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള പ്രവേശനം ഏകീകൃത പരീക്ഷയിലൂടെ മാത്രമേ നടത്താവൂ എന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഇതു മറികടക്കുന്നതിനാണു കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഇതുപ്രകാരം സംസ്ഥാന സര്‍ക്കാര്‍ കോളജുകള്‍ക്കും സ്വകാര്യ കോളജുകളിലെ 50 ശതമാനം മെറിറ്റ് സീറ്റിലേക്കും സര്‍ക്കാര്‍ നടത്തിയ മെഡിക്കല്‍ പ്രവേശനപ്പരീക്ഷ വഴി ഈ വര്‍ഷം പ്രവേശനം നടത്താം.
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളും കല്‍പിത സര്‍വകലാശാലകളും സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ മെറിറ്റ് ഒഴികെയുള്ള സീറ്റുകളിലേക്കും നീറ്റ് വഴി തന്നെ പ്രവേശനം നടത്തണം. 50 ശതമാനം സീറ്റ് സര്‍ക്കാരിനു നല്‍കാന്‍ കരാറുണ്ടാക്കിയ സ്വകാര്യ കോളജുകള്‍ക്കു മാത്രമാണ് ഓര്‍ഡിനന്‍സ് പ്രകാരം ഇളവു ലഭിക്കുക. അതേസമയം, മാനേജ്‌മെന്റ് സീറ്റിലേക്ക് ഈ കോളജുകള്‍ നീറ്റ് വഴി പ്രവേശനം നടത്തണം.
ബിരുദ കോഴ്‌സുകളില്‍ പ്രവേശനപ്പരീക്ഷ നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് ആരോഗ്യമന്ത്രി ജെ പി നദ്ദ പറഞ്ഞു. പിജി കോഴ്‌സുകളിലേക്കുള്ള പ്രവേശനം ഡിസംബറില്‍ നീറ്റ് അടിസ്ഥാനത്തില്‍ നടത്തും.
ഏറെ ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ശേഷമാണു നാലുദിവസത്തെ ചൈനീസ് സന്ദര്‍ശനത്തിനു പുറപ്പെടുന്നതിനു തൊട്ടുമുമ്പ് രാഷ്ട്രപതി ഓര്‍ഡിനന്‍സ് അംഗീകരിച്ചത്. മന്ത്രി ജെ പി നദ്ദ കഴിഞ്ഞദിവസം രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പുറമെ ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായും രാഷ്ട്രപതി ഇന്നലെ ചര്‍ച്ചനടത്തി.
അതേസമയം, ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സങ്കല്‍പ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സംഘടന സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. നേരത്തേ ട്രസ്റ്റ് നല്‍കിയ ഹരജി പരിഗണിച്ചാണ് നീറ്റ് ഈ വര്‍ഷം നടപ്പാക്കാന്‍ കോടതി ഉത്തരവിട്ടത്.
Next Story

RELATED STORIES

Share it