നീറ്റ് : ഒളിച്ചോടുന്ന രാഷ്ട്രീയ നേതൃത്വം



എസ് നിസാര്‍

നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനികളുടെ വസ്ത്രമഴിച്ചു പരിശോധന നടത്തിയ സ്‌കൂള്‍ അധികൃതരുടെ നടപടി വലിയ വിവാദത്തിന് വഴിതുറന്നിരിക്കുകയാണ്. ഇക്കാര്യത്തില്‍ ആരോപണവിധേയരായ അധ്യാപകര്‍ക്കെതിരേ നടപടിയുണ്ടാവുകയും സര്‍ക്കാര്‍തലത്തില്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഒരു അപരിഷ്‌കൃത നടപടിക്കെതിരേ ഉയര്‍ന്നുവരേണ്ട ജനരോഷത്തിന് ഇനിയും കേരളം സാക്ഷ്യം വഹിച്ചിട്ടില്ല. സാമൂഹിക പരിഷ്‌കരണത്തിന്റെയും നവോത്ഥാനത്തിന്റെയും ഇന്നലെകളില്‍ ആവേശംകൊള്ളുന്ന ശരാശരി മലയാളിയുടെ പ്രതികരണശേഷി ഇത്രത്തോളം നിര്‍വീര്യമായിത്തീര്‍ന്നതിനു പിന്നിലെ സാമൂഹിക മനശ്ശാസ്ത്രം കാര്യകാരണസഹിതം പഠനവിധേയമാക്കേണ്ടതും പരിഹാരം അന്വേഷിക്കേണ്ടതും അനിവാര്യമാണ്. അല്ലാത്തപക്ഷം എല്ലാ സാമൂഹികാനര്‍ഥങ്ങളും നിര്‍വികാരതയോടെ ഏറ്റുവാങ്ങാന്‍ പാകത്തില്‍ പടച്ചുവിടപ്പെടുന്ന വെറും അമുല്‍ബേബികളുടേതാവും നാളത്തെ കേരളം. മെഡിക്കല്‍ പ്രവേശനപ്പരീക്ഷ—യില്‍ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളും സിബിഎസ്ഇയുടെ ഡ്രസ്‌കോഡും അതിന് അടിസ്ഥാനമായ സുപ്രിംകോടതി വിധിയും അടക്കമുള്ള സാങ്കേതികതകളില്‍ കെട്ടിമറിയുന്ന ആവേശച്ചര്‍ച്ചകളല്ല ഇക്കാര്യത്തില്‍ ഉണ്ടാവേണ്ടത്. അതിനുമപ്പുറം, പൗരന്റെ സ്വകാര്യതയിലേക്ക് കടന്നുകയറിക്കൊണ്ട് സര്‍ക്കാര്‍ ഏജന്‍സികളും നീതിപീഠങ്ങളും നടത്തുന്ന ഇത്തരം ഇടപെടലുകളുടെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകളാണ് സമൂഹത്തില്‍ ഉയര്‍ന്നുവരേണ്ടത്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, നീറ്റ് വിവാദത്തില്‍ മാത്രമല്ല, സമാനമായ മറ്റു പ്രശ്‌നങ്ങളിലും ആളിക്കത്തുന്ന ആത്മരോഷത്തിന്റെ ആയുസ്സ് ആവേശച്ചര്‍ച്ചകളില്‍ അവസാനിക്കുകയാണ്.കണ്ണൂരിലെയും എറണാകുളത്തെയും പരീക്ഷാകേന്ദ്രങ്ങളിലാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് ആസ്പദമായ സംഭവവികാസങ്ങള്‍ ഉണ്ടായത്. അടിവസ്ത്രമഴിച്ചു പരിശോധിക്കുക, വസ്ത്രങ്ങളുടെ കൈ മുറിച്ചുമാറ്റുക, പോക്കറ്റും മെറ്റല്‍ ബട്ടണും മാറ്റാന്‍ ആവശ്യപ്പെടുക, ശിരോവസ്ത്രം അഴിച്ചുമാറ്റുക തുടങ്ങി പരീക്ഷാ നിബന്ധനകളുടെ പേരില്‍ വിചിത്രമായ നടപടികളാണ് സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്. ബന്ധപ്പെട്ട വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍നിന്നു പ്രതിഷേധം ഉയരുകയും വിഷയം മാധ്യമശ്രദ്ധ നേടുകയും ചെയ്തതോടെയാണ് സംഭവം വിവാദമായത്. സര്‍ക്കാര്‍ നാല് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വിവാദ വസ്ത്രപരിശോധനയുമായി ബന്ധപ്പെട്ട് കേരളത്തില്‍ പ്രത്യക്ഷത്തിലുണ്ടായ പ്രധാനപ്പെട്ട ഭരണകൂട ഇടപെടലുകളും നടപടികളും ഇതൊക്കെയാണ്. നേതാക്കന്‍മാരുടെ പതിവ് പ്രതിഷേധക്കുറിപ്പുകളും ചില വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ നടത്തിയ ഒറ്റപ്പെട്ട പ്രതിഷേധങ്ങളും കൂടി കഴിഞ്ഞതോടെ നമ്മുടെ തെരുവുകള്‍ ശാന്തമായി. ഇടയ്‌ക്കെപ്പോഴൊക്കെയോ അണപൊട്ടിയ ആത്മരോഷം ഫേസ്ബുക്കില്‍ ട്രോളുകളായും ഹാഷ്ടാഗുകളായും പതഞ്ഞുപൊന്തി. തങ്ങളുടെ ഇളംതലമുറയുടെ ആത്മാഭിമാനത്തിന്‍മേലുള്ള കടന്നുകയറ്റത്തോട് കേരള സമൂഹത്തില്‍നിന്നുള്ള പ്രതികരണം ഇത്രത്തോളം പരിമിതപ്പെടാന്‍ പാടില്ലായിരുന്നു. നിയമസഭ ചേരുന്ന സമയമായിരുന്നതിനാല്‍ സഭ ഒന്നടങ്കം പ്രതിഷേധം രേഖപ്പെടുത്തി എന്നതാണ് വിവാദ വിഷയത്തിലുണ്ടായ പ്രധാന രാഷ്ട്രീയ പ്രതികരണം. ഒരു അടിയന്തരപ്രമേയത്തിന്റെ രൂപത്തില്‍ സഭയുടെ ശ്രദ്ധയില്‍പ്പെടേണ്ട പ്രശ്‌നം സബ്മിഷനായാണ് ഉന്നയിക്കപ്പെട്ടത്. അവതാരകന്‍ പ്രതിപക്ഷനേതാവായിരുന്നു എന്നതൊഴിച്ചാല്‍, തങ്ങളുടെ മണ്ഡലത്തിലേതടക്കം എംഎല്‍എമാര്‍ ഉന്നയിക്കുന്ന അനേകം പ്രശ്‌നങ്ങളിലൊന്നായി നീറ്റ് വിവാദം നിയമസഭയില്‍ ചുരുക്കപ്പെടുകയായിരുന്നു. പരീക്ഷാ ക്രമക്കേട് തടയാനെന്ന പേരില്‍ സിബിഎസ്ഇ കൊണ്ടുവന്ന ഡ്രസ്‌കോഡും മറ്റു നിബന്ധനകളും വിദ്യാര്‍ഥികള്‍ക്ക് മനോവേദനയും സമ്മര്‍ദവും ഉണ്ടാക്കിയെന്ന പൊതുവികാരമാണ് നിയമസഭയില്‍ പ്രകടമായത്. എന്നിട്ടും ഒരു രാഷ്ട്രീയ വിഷയമായി പ്രശ്‌നം മാറിയില്ല. അതു മാത്രമല്ല, സഭയില്‍ പ്രകടമായ പൊതുവികാരത്തിന് അനുസരിച്ചുള്ള ഒരു രാഷ്ട്രീയ പ്രക്ഷുബ്ധത സഭയ്ക്കു പുറത്ത് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഭരണ-പ്രതിപക്ഷങ്ങളില്‍പ്പെട്ട ഒരു കക്ഷിയും തയ്യാറായതുമില്ല. മൂന്നാറും സോളാറും ബാര്‍ കോഴയുമൊക്കെ മാസങ്ങളോളം കത്തിക്കയറിയ നാട്ടിലാണ് കുട്ടികളുടെ അടിവസ്ത്രത്തിലേക്ക് വരെ നീളുന്ന സാംസ്‌കാരിക വൈകൃതത്തിനെതിരേ രാഷ്ട്രീയമായ നിസ്സംഗത നിലനില്‍ക്കുന്നത്. അധികാര രാഷ്ട്രീയത്തിനു ചുറ്റും കെട്ടുപിണഞ്ഞുകിടന്ന് ഭരണ-പ്രതിപക്ഷങ്ങള്‍ നടത്തുന്ന സ്ഥിരം കസര്‍ത്തുകള്‍ക്കപ്പുറത്തേക്ക് ചിന്തിക്കുന്ന വിശാലമായ ഒരു രാഷ്ട്രീയബോധത്തിന്റെ അഭാവമാണ് ഇവിടെ പ്രകടമാവുന്നത്. സാമൂഹികപ്രസക്തിയുള്ള പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാനുള്ള ഇച്ഛാശക്തി പ്രകടിപ്പിക്കുമ്പോഴാണ് ഒരു രാഷ്ട്രീയ നേതൃത്വത്തിന് സാമൂഹിക പരിഷ്‌കരണമെന്ന ദൗത്യനിര്‍വഹണം സാധ്യമാവുന്നത്. അതിനു കഴിയുന്നില്ലെന്നതാണ് സമകാലിക രാഷ്ട്രീയം നേരിടുന്ന ഏറ്റവും വലിയ ദുരന്തവും. ബന്ധപ്പെട്ട വിദ്യാര്‍ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അപ്പുറത്തേക്ക് നീളുന്നതാണ് സിബിഎസ്ഇയുടെ ഡ്രസ്‌കോഡിനെ തുടര്‍ന്നുള്ള പ്രത്യാഘാതങ്ങളെന്നാണ് നീറ്റ് വിവാദം തെളിയിക്കുന്നത്. മെഡിക്കല്‍ പ്രവേശനപ്പരീക്ഷയില്‍ വ്യാപകമായി കോപ്പിയടി കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രിംകോടതി നടത്തിയ ഇടപെടലാണ് ഇപ്പോഴത്തെ ഡ്രസ്‌കോഡിന് ആധാരമായി എടുത്തുകാണിക്കുന്നത്. ശിരോവസ്ത്ര നിരോധനവുമായി ബന്ധപ്പെട്ട് അന്നു സുപ്രിംകോടതി നടത്തിയ വിവാദ പരാമര്‍ശങ്ങളും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും പ്രത്യേക വിഭാഗത്തെ മാത്രം ബാധിക്കുന്ന നിലയിലേക്ക് ഒതുങ്ങുകയായിരുന്നു. സ്ത്രീസുരക്ഷയെ കുറിച്ചും ലിംഗസമത്വത്തെ കുറിച്ചും ഇത്രയധികം ചര്‍ച്ചകള്‍ നടത്തുന്ന സമൂഹം വേറെയുണ്ടാവില്ല. എന്നിട്ടും ശിരോവസ്ത്രമഴിച്ചാല്‍ ഒലിച്ചുപോവുന്ന വിശ്വാസത്തെക്കുറിച്ച് നീതിപീഠം നടത്തിയ പരിഹാസം കലര്‍ന്ന പരാമര്‍ശങ്ങള്‍ പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമായി കാണാനുള്ള വിശാലത നമ്മുടെ പൊതുബോധത്തിനുണ്ടായില്ല. ഇപ്പോഴിതാ അതിന്റെ അനുരണനങ്ങള്‍ വിശ്വാസത്തിന്റെ അതിര്‍വരമ്പുകള്‍ കടന്ന് വിദ്യാര്‍ഥിനികളുടെ അടിവസ്ത്രത്തിലെ ലോഹ ബട്ടണില്‍ വരെ എത്തിനില്‍ക്കുന്നു. പരീക്ഷാഹാളിലെ കോപ്പിയടി തടയുന്നതുപോലെ തന്നെ ഇത്തരം അനാവശ്യമായ കടന്നുകയറ്റങ്ങളും തടയേണ്ടത് അനിവാര്യമാണ്. ആദ്യത്തേത് ഒരു സംവിധാനം സുതാര്യമാവേണ്ടതിന്റെ അനിവാര്യതയാണെങ്കില്‍, പിന്നത്തേത് ഒരു തലമുറയ്ക്കു ലഭിക്കേണ്ട സാമൂഹിക സുരക്ഷയുടെ പ്രശ്‌നമാണ്; വിശ്വാസപരമായി ലഭിക്കേണ്ട പരിരക്ഷയുടെ പ്രശ്‌നമാണ്. ഇത്തരം അവകാശങ്ങള്‍ ഉറപ്പുവരുത്തിക്കൊണ്ടാവണം സര്‍ക്കാര്‍ ഏജന്‍സികളുടെയും നീതിപീഠങ്ങളുടെയും ഇടപെടല്‍ ഉണ്ടാവേണ്ടത്. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്‌നങ്ങളില്‍ പൗരബോധം ഉള്‍ക്കൊണ്ടുകൊണ്ടുള്ള പ്രതികരണങ്ങള്‍ ഉയര്‍ന്നുവരണം. തെറ്റായ നിലപാടുകളും നിരീക്ഷണങ്ങളും തിരുത്തപ്പെടുന്നതു വരെ അതിന് തുടര്‍ച്ചയുണ്ടാവുകയും വേണം.
Next Story

RELATED STORIES

Share it