നീറ്റ് ഉയര്‍ന്ന പ്രായപരിധിഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്തു ഹരജി

ന്യൂഡല്‍ഹി: മെഡിക്കല്‍ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന് (നീറ്റ്) ഉയര്‍ന്ന പ്രായപരിധി നിശ്ചയിച്ച സിബിഎസ്ഇയുടെ തീരുമാനം ശരിവച്ച ഡല്‍ഹി ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് സുപ്രിംകോടതിയില്‍ ഹരജി.
നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് ജനറല്‍ കാറ്റഗറിയില്‍ ഉയര്‍ന്ന പ്രായപരിധി 25 വയസ്സും എസ്‌സി, എസ്ടി, ഒബിസി വിഭാഗത്തിന് 30ഉം ആക്കി നിശ്ചയിച്ച നടപടി ചോദ്യം ചെയ്താണ് രാജസ്ഥാനില്‍ നിന്നുള്ള 27കാരനായ ത്രിഭുവന്‍ സിങ് സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.
പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ഥിക്ക് യോഗ്യതാ വ്യവസ്ഥകള്‍ നിര്‍ദേശിക്കുന്ന ചട്ടങ്ങള്‍ തയ്യാറാക്കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അര്‍ഹത ഹരജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഭരണഘടനയിലെ ആര്‍ട്ടിക്ള്‍ 19(1)(ജി)യുടെ ലംഘനമാണെന്നും ഹരജിയില്‍ പറയുന്നുണ്ട്.
ജനറല്‍, സംവരണ വിഭാഗങ്ങള്‍ക്ക് നീറ്റ് പരീക്ഷയെഴുതാന്‍ ഉയര്‍ന്ന പ്രായപരിധി നിശ്ചയിച്ച സിബിഎസ്ഇയുടെ തീരുമാനം മെയ് 11നാണ് ഡല്‍ഹി ഹൈക്കോടതി ശരിവച്ചത്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലായി ഏകദേശം 61,000 മെഡിക്കല്‍ സീറ്റുകള്‍ മാത്രമേയുള്ളൂവെന്നതിനാല്‍ ഉയര്‍ന്ന പ്രായപരിധി നിശ്ചയിക്കുന്നത് അനിവാര്യമാണെന്നാണ് സിബിഎസ്ഇയുടെ തീരുമാനം ശരിവച്ചുകൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്. 2017ല്‍ 11 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് നീറ്റ് പരീക്ഷയ്ക്ക് ഹാജരായിരുന്നത്.
Next Story

RELATED STORIES

Share it