നീറ്റ് ഈ വര്‍ഷമില്ല; സര്‍ക്കാര്‍ ഓര്‍ഡിനന്‍സിറക്കി

നീറ്റ് ഈ വര്‍ഷമില്ല; സര്‍ക്കാര്‍ ഓര്‍ഡിനന്‍സിറക്കി
X
neet-exams

ന്യൂഡല്‍ഹി: മെഡിക്കല്‍, ഡെന്റല്‍ ബിരുദ ബിരുദാനന്തര കോഴ്‌സുകളിലേക്കു ദേശീയതലത്തില്‍ നടത്തുന്ന ഏകീകൃത പ്രവേശന പരീക്ഷ (നീറ്റ്) അടുത്തവര്‍ഷത്തേക്കു നീട്ടിവച്ച് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. ഓര്‍ഡിനന്‍സിന് ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഇതുസംബന്ധിച്ച സുപ്രിംകോടതി ഉത്തരവ് മറികടക്കാനാണു കേന്ദ്രസര്‍ക്കാരിന്റെ നടപടി.
[related]പുതിയ ഓര്‍ഡിനന്‍സ് അനുസരിച്ച് നീറ്റ് അടുത്ത വര്‍ഷം മുതല്‍ മതിയാവും. ഓര്‍ഡിനന്‍സ് നിയമമാവുന്നതോടെ കേരള സര്‍ക്കാര്‍ കഴിഞ്ഞമാസം നടത്തിയ പരീക്ഷയ്ക്ക് അംഗീകാരം ലഭിക്കും. രാഷ്ട്രപതി അംഗീകരിക്കുന്നതോടെ ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വരും. ഓര്‍ഡിനന്‍സിന്റെ അംഗീകാരത്തിനായി കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ ഉടന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കാണുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ കൂടിയാലോചനകള്‍ക്കുശേഷമാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ തീരുമാനിച്ചത്. പരീക്ഷയുടെ കാര്യത്തില്‍ നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥ വിദ്യാര്‍ഥികളില്‍ മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്നതായി യോഗത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ വര്‍ഷം മെഡിക്കല്‍, ഡെന്റല്‍ കോളജുകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികളും നീറ്റ് എഴുതണമെന്നു കഴിഞ്ഞമാസമാണ് സുപ്രിംകോടതി ഉത്തരവിട്ടത്. എന്നാല്‍ അപ്പോഴേക്കും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ തങ്ങളുടെ പ്രവേശനപ്പരീക്ഷ നടത്തിയതിനാല്‍ ഈ വര്‍ഷത്തേക്കു പ്രവേശനം നടത്താന്‍ അനുവദിക്കണമെന്നു കാണിച്ച് വിവിധ സംസ്ഥാനങ്ങള്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരുന്നുവെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.
ഈ മാസം ഒന്നിനു നടന്ന നീറ്റിന്റെ ആദ്യഘട്ട പരീക്ഷയില്‍ ആറര ലക്ഷം വിദ്യാര്‍ഥികളാണു പരീക്ഷയെഴുതിയത്. ജൂലൈ 24നാണു രണ്ടാംഘട്ട പരീക്ഷ. ഒന്നാംഘട്ടത്തിലേക്ക് അപേക്ഷിക്കാന്‍ സാധിക്കാത്തവര്‍ക്കുവേണ്ടികൂടിയാണ് രണ്ടാംഘട്ടം പരീക്ഷ നടത്തുന്നത്.
കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത് രാജ്യത്തെ മെഡിക്കല്‍ കോളജ് കച്ചവടക്കാരെ സഹായിക്കുന്നതിനുവേണ്ടിയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജീവാല പറഞ്ഞു. ഓര്‍ഡിനന്‍സ് കോടതിയില്‍ ചോദ്യംചെയ്യുമെന്നു സര്‍ക്കാരിതര സംഘടന അറിയിച്ചു. ദേശീയ ഏകീകൃത പ്രവേശനപ്പരീക്ഷ വേണമെന്നാവശ്യപ്പെട്ട് നേരത്തെ സുപ്രിംകോടതിയെ സമീപിച്ച സങ്കല്‍പ് ചാരിറ്റബിള്‍ ട്രസ്റ്റാണ് ഓര്‍ഡിനന്‍സിനെ കോടതിയില്‍ ചോദ്യംചെയ്യാന്‍ തീരുമാനിച്ചത്.
Next Story

RELATED STORIES

Share it