നീറ്റില്‍ കേരളത്തിനു തിരിച്ചടി; ഇളവ് വേണമെന്ന ആവശ്യം തള്ളി

ന്യൂഡല്‍ഹി: എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകള്‍ക്ക് സര്‍ക്കാര്‍ കോളജുകളിലെ പ്രവേശനത്തിനു ദേശീയതലത്തിലുള്ള ഏകീകൃത പരീക്ഷ (നീറ്റ്) പരീക്ഷ ഒഴിവാക്കണമെന്ന ഹരജിയില്‍ കേരളത്തിന് സുപ്രിംകോടതിയില്‍ തിരിച്ചടി. സംസ്ഥാനങ്ങളുടെ പരീക്ഷയ്ക്ക് നിയമസാധുതയില്ലെന്നും പ്രത്യേക പരീക്ഷ നടത്തുന്നതിന് ഉത്തരവ് ഭേദഗതി ചെയ്യില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. ഏകീകൃത പ്രവേശനപ്പരീക്ഷ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കോ സംവരണത്തിനോ വിരുദ്ധമല്ല. ആദ്യഘട്ട പരീക്ഷ എഴുതിയവര്‍ക്കും രണ്ടാംഘട്ടത്തില്‍ ഉപാധികളോടെ പരീക്ഷയെഴുതാം. രണ്ടാംഘട്ട പരീക്ഷയുടെ തിയ്യതി മാറ്റുന്നതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാരും മെഡിക്കല്‍ കൗണ്‍സിലും സിബിഎസ്ഇയും കൂടിയാലോചിക്കണമെന്നു കോടതി പറഞ്ഞു. നീറ്റ് പരീക്ഷ നടത്താനുള്ള സുപ്രിംകോടതി ഉത്തരവ് വരുന്നതിനു മുമ്പുതന്നെ തങ്ങള്‍ പ്രവേശനപ്പരീക്ഷ നടത്തിയിരുന്നുവെന്നും അതിനാല്‍ ഇളവ് വേണമെന്നും ആവശ്യപ്പെട്ടാണു കേരളം സുപ്രിംകോടതിയെ സമീപിച്ചത്. മെയ് ഒന്നിനു നടന്ന നീറ്റ് ഒന്നാംഘട്ട പരീക്ഷ എഴുതിയവര്‍ക്കും ജൂലൈ 24ലെ രണ്ടാം ഘട്ടത്തില്‍ അവസരം നല്‍കണമെന്ന നിര്‍ദേശം കേന്ദ്രസര്‍ക്കാരാണു മുന്നോട്ടുവച്ചത്. ഒമ്പതു പ്രാദേശിക ഭാഷകളില്‍ കൂടി ചോദ്യപേപ്പര്‍ ലഭ്യമാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇക്കാര്യത്തില്‍ കോടതി സിബിഎസ്ഇയുടെയും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും അഭിപ്രായം തേടി. ഒന്നാംഘട്ടത്തില്‍ എഴുതിയവര്‍ക്ക് രണ്ടാംഘട്ടത്തില്‍ അവസരം നല്‍കുന്നതിനു വിരോധമില്ലെന്നായിരുന്നു മെഡിക്കല്‍ കൗണ്‍സിലിന്റെ നിലപാട്. എന്നാല്‍, പ്രാദേശിക ഭാഷകളില്‍ ചോദ്യപേപ്പര്‍ നല്‍കുന്നതിനെ എതിര്‍ത്തു. അതേസമയം, പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി രണ്ടു നിര്‍ദേശങ്ങളോടും ആദ്യം വിയോജിച്ച സിബിഎസ്ഇ ഒടുവില്‍ അനുകൂല നിലപാടെടുത്തു. തുടര്‍ന്നാണു കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ പരിഗണിച്ച് മുന്‍ ഉത്തരവ് ഭേദഗതി ചെയ്യുന്ന കാര്യം പരിഗണിക്കാമെന്നു കോടതി അറിയിച്ചത്. സ്വകാര്യ കോളജുകളും സ്വകാര്യ-കല്‍പിത സര്‍വകലാശാലകളും ഈ വര്‍ഷം നീറ്റ് പട്ടികയില്‍  പ്രവേശനം നടത്തണമെന്ന് കഴിഞ്ഞ ദിവസത്തെ ഇടക്കാല ഉത്തരവില്‍ സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it