malappuram local

നീറാട് കൊലപാതകം സംഭവം നാടറിഞ്ഞത് ഉച്ചയോടെ; മൃതദേഹത്തിന്‌സമീപം കല്ലുകള്‍ കണ്ടെത്തി

കൊണ്ടോട്ടി: നീറാട് വരടിക്കുത്തുപറമ്പ് മാപ്പിള വീട്ടില്‍ ആയിശക്കുട്ടി(58)യെ കൊലപ്പെടുത്തിയത് കല്ലുകൊണ്ട് തലയ്ക്കടിച്ചെന്ന് കണ്ടെത്തി. മൃതദേഹത്തിനരികില്‍ നിന്ന് പോലിസ് കല്ലുകള്‍ കണ്ടെടുത്തു. തല ചതഞ്ഞ് വൃകൃതമായിരുന്നു. സമീപത്തും ചുമരിലും മുന്‍വശത്തെ തൂണിലും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് ട്രാന്‍സ്‌ഫോര്‍മറിനുള്ളില്‍ കൈയിട്ട് ഷോക്കേറ്റതിനെ തുടര്‍ന്ന് ഗഫൂറിന്റെ വിരലുകള്‍ മുറിച്ചിരുന്നു. മനോ നില തെറ്റിയ സമയത്തായിരുന്നു ഇതെന്ന് നാട്ടുകാര്‍ പറഞ്ഞു. മകന്റെയും മാതാവിന്റെയും ദാരുണ മരണം അറിഞ്ഞ് നിരവധി പേര്‍ വീട്ടിലെത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഇന്ന് ഖബറടക്കും. ഉച്ചയോടെയാണ് മകന്റെയും ഉമ്മയുടേയും മരണ വാര്‍ത്ത നാടറിയുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹ മോചിതയായ ആയിശക്കുട്ടിയും ഏക മകന്‍ അബ്ദുള്‍ ഗഫൂറും ഒരുമിച്ചാണ് താമസം. ഇരുവരും മാനസിക അസ്വസ്ഥ്യം പ്രകടിപ്പിക്കുന്നവരാണ്. ആയതിനാല്‍ തന്നെ ബന്ധുക്കളുമായും സമീപ വാസികളോടും അകലം പാലിച്ചാണ് ഇവരുടെ ജീവിതം. വീട്ടിലേക്ക് ആരും പ്രവേശിക്കുന്നതും ഭക്ഷണമടക്കമുള്ളവ നല്‍കുന്നതും ഇഷ്ടമില്ല. കുടംബത്തിന്റെ ദയനീയാവസ്ഥ കണ്ടാണ് പഞ്ചായത്തും നാട്ടുകാരും ചേര്‍ന്ന് വീട് നിര്‍മിച്ചു നല്‍കിയത്. വീടു പണിയും പൂര്‍ണമായിട്ടില്ല. ഇലക്ട്രീഷനായി ജോലി ചെയ്തിരുന്ന അബ്ദുള്‍ ഗഫൂറിന് മാനസിക രോഗം പിടപെട്ടതോടെ കുടംബത്തിന്റെ താളം തെറ്റി. വെസ്റ്റ് മൂച്ചിക്കലില്‍ നിന്നാണ് ഗഫൂര്‍ വിവാഹം കഴിച്ചത്. ഇവിടെ അടുത്തുള്ള മസ്ജിദിന്റെ കിണറ്റിലാണു ഗഫൂറിന്റെ മൃതദേഹം കണ്ടെത്തിയതും. പള്ളിയുടെ പരിസരത്ത് ഇയാളെ കണ്ടിരുന്നു. എന്നാല്‍, ഉച്ചയ്ക്ക് നമസ്‌കരിക്കാനെത്തിയവരാണ് പള്ളിക്കിണറിനരികില്‍ ചെരിപ്പ് കണ്ടെത്തിയത്. വെള്ളം കലങ്ങിയ നിലയിയിലുമായിരുന്നു. ഉച്ചയ്ക്ക് മൂന്നോടെയാണ് മൃതദേഹം പുറത്തെടുത്തത്. മകന്റെ മരണ വാര്‍ത്തയറിയിക്കാനാണ് ബന്ധുക്കളും നാട്ടുകാരും നീറാട്ടുള്ള വീട്ടിലെത്തിയപ്പോഴാണ് മാതാവ് ആയിശക്കുട്ടിയെ കൊലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
Next Story

RELATED STORIES

Share it