malappuram local

നീറാട് കൊലപാതകം; പ്രതി ധരിച്ച വസ്ത്രങ്ങള്‍ കണ്ടെത്തി

അശ്‌റഫ്  കൊണ്ടോട്ടി

കൊണ്ടോട്ടി: നീറാട് വീട്ടിനുള്ളില്‍ തലക്കടിയേറ്റുള്ള വീട്ടമ്മയുടെ കൊലപാതകം നടന്നത് ഞായറാഴ്ച രാത്രി 8നും 11നുമിടയിലെന്ന് ആദ്യ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. നീറാട് വരടിക്കുത്ത് പറമ്പ് മാപ്പിള വീട്ടില്‍ ആയിഷക്കുട്ടി(58)യെയാണ് തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് വീട്ടിനുള്ളിലെ ഡൈനിങ് ഹാളില്‍ തലക്കടിയേറ്റ് ചോര വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. തിങ്കളാഴ്ച കീഴിശ്ശേരി വെസ്റ്റ് മൂച്ചിക്കല്‍ ജുമാമസ്ജിദിന്റെ കിണറ്റില്‍ ചാടി മരിച്ച നിലയില്‍ മകന്‍ അബ്ദുല്‍ ഗഫൂറിനെയും കണ്ടെത്തിയിരുന്നു അബ്ദുല്‍ ഗഫൂര്‍ തന്നെയാണ് കൊല നടത്തിയതെന്നതിന്റെ  കൂടുതല്‍ തെളിവുകളും പോലിസിന് ഇന്നലെ ലഭിച്ചു. ഗഫൂറും മാതാവും മാനസിക രോഗികളാണ്.സയിന്റിഫിക് അസി. ഓഫിസര്‍ പി കെ അനീഷ് ഇന്നലെ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.ഞായറാഴ്ച രാത്രിയില്‍ കൊല നടത്തിയപ്പോള്‍ പ്രതി ധരിച്ച വസ്ത്രങ്ങള്‍ പോലിസ് ഇന്നലെ കണ്ടെത്തി. വസ്ത്രങ്ങള്‍ മാറ്റി ബന്ധുവിന്റെ വസ്ത്രങ്ങള്‍ ധരിച്ചാണ് ഗഫൂര്‍ കിണറ്റില്‍ ചാടിയത്. സംഭവത്തില്‍ അബ്ദുല്‍ ഗഫൂറിന്റെ അസ്വാഭാവിക മരണത്തിലും മാതാവ് ആയിഷക്കുട്ടിയുടെ കൊലപാതകത്തിനുമാണ് പോലിസ് കേസെടുത്തത്. മാനസിക രോഗിയായ ഗഫൂറാണ് കൊല ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. കൊലയ്ക്കുപയോഗിച്ച കല്ലുകള്‍ പോലിസ് ആയിഷക്കുട്ടിയുടെ മൃതദേഹത്തിനരികില്‍ നിന്ന് കണ്ടെത്തിയിരുന്നു. ചോരവാര്‍ന്നാണ് ആയിഷക്കുട്ടിയുടെ ദാരണ മരണം.വീട്ടില്‍ മറ്റാരുമില്ലാത്തതിനാലും ഇവരുടെ വീട്ടിലേക്ക് മറ്റാരും വരുന്നത് ഇവര്‍ക്ക് ഇഷ്ടമില്ലാത്തതിനാലും കൊല നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞാണ് സംഭവം പുറം ലോകം അറിയുന്നത്. അബ്ദുല്‍ ഗഫൂറിന്റെ മൃതദേഹം വെസ്റ്റ് മൂച്ചിക്കല്‍ ജുമുഅ മസ്ജിദിന്റെ കിണറ്റില്‍ നിന്ന് കണ്ടെടുത്തതോടെ വിവരം അറിയിക്കാനായി വീട്ടിലെത്തിയവരാണ് മാതാവ് ആയിഷക്കുട്ടി കൊല്ലപ്പെട്ട് കിടക്കുന്നത് കണ്ടത്. ആയിഷക്കുട്ടിയുടേയും, ഗഫൂറിന്റെ മൃതദേഹങ്ങള്‍ ഇന്നലെ ഉച്ച കഴിഞ്ഞ് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം  നീറാട് ജുമാമസ്ജിദില്‍ ഖബറടക്കി. മാതാവിന്റെയും മകന്റെയും ദാരുണ മരണം നാടിനെ കണ്ണീരിലാഴ്ത്തി.
Next Story

RELATED STORIES

Share it