wayanad local

നീര്‍ച്ചാലുകള്‍ അഴുക്കുചാലുകളല്ല; നിര്‍ദേശങ്ങളുമായി ആദ്യ ജലസഭ

കല്‍പ്പറ്റ: വൈത്തിരി ഗ്രാമപ്പഞ്ചായത്തിലെ ചാരിറ്റി വാര്‍ഡില്‍ സംസ്ഥാനത്തെ ആദ്യത്തെ ജലസഭ ഹരിതകേരള മിഷന്‍ സംസ്ഥാന ഉപാധ്യക്ഷ ഡോ. ടി എന്‍ സീമ ഉദ്ഘാടനം ചെയ്തു. നീര്‍ത്തടാടിസ്ഥാനത്തില്‍ നടത്തിയ സര്‍വേ ഫലങ്ങളിലെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്ന സൂക്ഷ്മതല സംഘടനാ രൂപമാണ് ജലസഭ. വൈത്തിരി ചാരിറ്റി സെന്റ് ക്ലാരറ്റ് പാരിഷ് ഹാളില്‍ നടന്ന ജലസഭയില്‍ നീര്‍ത്തടത്തിലെ നീരൊഴുക്ക് ഗുണാങ്കം വര്‍ധിച്ചതും മണ്ണിന്റെ ജലാഗിരണ ശേഷി കുറയുന്നതും ചര്‍ച്ച ചെയ്തു. സര്‍വേയില്‍ കണ്ടെത്തിയ പ്രശ്‌നങ്ങളും നിര്‍ദേശവും സഭയില്‍ അവതരിപ്പിച്ചു.
വിവിധ കെട്ടിടങ്ങളില്‍ നിന്ന് മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നതിനുള്ള അഴുക്കുചാലായി നീര്‍ച്ചാലുകളെ ഉപയോഗിക്കുന്നതായും സ്വാഭാവിക ജലസ്രോതസ്സ് കണ്ണടയ്ക്കുന്നതായും സര്‍വേയില്‍ കണ്ടെത്തിയിരുന്നു.കാര്‍ഷിക ഭൂമി വിഭജിച്ച് കാര്‍ഷികേതര ആവശ്യങ്ങല്‍ക്കായി ഉപയോഗപ്പെടുത്തുന്നതും ജലാശയങ്ങളും തണ്ണീര്‍ത്തടങ്ങളും വ്യാപകമായി നികത്തുന്നതും അവസ്ഥാ വിശകലത്തില്‍ കണ്ടെത്തി. ഏകവിള വ്യാപനം ഭക്ഷ്യവിളകളെ ബാധിക്കുന്നതായും വന്യമൃഗശല്യവും തൊഴിലുറപ്പ് പദ്ധതി ശരിയായ വിനിയോഗിക്കാന്‍ സാധിക്കാത്തും ജലസാക്ഷരതയിലുള്ള അപര്യാപ്തയും പ്രശ്‌നങ്ങളായി റിപോര്‍ട്ടില്‍ പറയുന്നു. നീര്‍ച്ചാലുകളും അവയുടെ പുറമ്പോക്കും അളന്ന് തിട്ടപ്പെടുത്തി പഞ്ചായത്ത് രേഖകളാക്കി മാറ്റണമെന്നും നിലവിലെ ജലസ്രോതസ്സുകളുടെ നവീകരണവും പരിപാലനവും ഏറ്റെടുക്കണമെന്നും റിപോര്‍ട്ടില്‍ നിര്‍ദേശമുയര്‍ന്നു. മല്‍സ്യകൃഷി വ്യാപനവും വിനോദകേന്ദ്രങ്ങളിലും മറ്റും ഹരിത നിയമാവലി നടപ്പാക്കേണ്ടതാണ്. അനധികൃത കെട്ടിട നിര്‍മാണം, ഭൂമിയുടെ നിരന്തര തരംമാറ്റല്‍ എന്നിവക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ജലസഭ ആവശ്യപ്പെട്ടു. വൈത്തിരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി ഉഷാകുമാരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് യു സി ഗോപി, പഞ്ചായത്ത് അംഗങ്ങളായ എല്‍സി ജോര്‍ജ്, പി ടി വര്‍ഗീസ്, മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷീല ജോണ്‍, എന്‍ജിനീയര്‍മാരായ കെ അനൂപ് കുമാര്‍, എല്‍ദോസ് ഫിലിപ്പ് സംസാരിച്ചു.
Next Story

RELATED STORIES

Share it