kannur local

നീര്‍ച്ചാലിലെ വെള്ളപ്പൊക്കം; അടിയന്തര നടപടികള്‍ തുടങ്ങി



കണ്ണൂര്‍: സിറ്റി നീര്‍ച്ചാല്‍ ഭാഗത്ത് ശക്തമായ മഴയെത്തുടര്‍ന്ന് വീടുകളിലും പരിസരങ്ങളിലും വെള്ളം കയറിയ പ്രദേശങ്ങള്‍ വാര്‍ഡ് കൗണ്‍സിലര്‍ ടി മിനാസ്, ഡെപ്യൂട്ടി കലക്ടര്‍ (ഡിഎം) ബി അബ്ദുന്നാസിര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. മണല്‍ത്തിട്ടകള്‍ രൂപപ്പെട്ട ഭാഗത്ത് എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് അഴി മുറിച്ച് വെള്ളം കടലിലേക്ക് ഒഴുക്കിവിട്ട് പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരമുണ്ടാക്കി. തയ്യില്‍ മുതല്‍ നീര്‍ച്ചാല്‍ വരെയുള്ള ഭാഗങ്ങളിലെ മഴവെള്ളം കടലില്‍ ഒഴുകേണ്ട അമ്മായിത്തോട്ടില്‍ മാലിന്യം അടിഞ്ഞുകൂടി ഒഴുക്ക് തടസ്സപ്പെട്ടതാണ് വീടുകളില്‍ വെള്ളം കയറാന്‍ കാരണം. കടലില്‍നിന്നുള്ള മണല്‍ അടിഞ്ഞുകൂടി ഒഴുക്ക് വീണ്ടും തടസ്സപ്പെടാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ആവശ്യമായ സമയത്ത് അഴിമുറിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയതായി ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. തോട്ടിലെ മാലിന്യം നീക്കുന്നതിനുള്ള നടപടികളും ചര്‍ച്ച ചെയ്തു. നീര്‍ച്ചാല്‍ ശാന്തി മൈതാനം പ്രദേശത്തെ പൊതുകക്കൂസുകളുടെ ശോച്യാവസ്ഥയും സംഘം വിലയിരുത്തി. കഴിഞ്ഞ ദിവസം രാത്രി വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മുന്‍ കൗണ്‍സിലര്‍ പുഷ്പരാജന്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ താല്‍ക്കാലിക നടപടികള്‍ സ്വീകരിച്ചിരുന്നു. കണ്ണൂര്‍ തഹസില്‍ദാര്‍ വി എം സജീവന്‍, വില്ലേജ് ഓഫിസര്‍ പി കെ അബ്ദുല്‍ മജീദ്, പുഷ്പരാജന്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it