Pathanamthitta local

നീരൊഴുക്ക് സുഗമമാക്കാന്‍ ചെത്തോങ്കര തോട് ശുചീകരിച്ചു

റാന്നി: ഒറ്റ ഒരു മഴയ്ക്ക് ചെത്തോങ്കര തോട്ടിലെ പാലത്തില്‍ ഇനി വെള്ളം കയറില്ല, എസ്‌സി പടിയില്‍ ഗതാഗതവും മുടങ്ങില്ല. വലിയ തോട്ടിലെ മണ്ണും പോളയും മാലിന്യങ്ങളും ജലസസ്യങ്ങളും യന്ത്രസഹായത്താല്‍ നീക്കുന്ന ജോലി അവസാനഘട്ടത്തിലേക്ക്. റാന്നി വലിയതോട്ടില്‍ എസ്‌സി സ്‌കൂള്‍, സര്‍വീസ് സ്‌റ്റേഷന്‍ പടി, ചെത്തോങ്കര പാലത്തിനു സമീപം, ജങ്ഷന്‍ ഭാഗം എന്നിവിടങ്ങളില്‍ മഴക്കാലത്തെ ഓരോ ശക്തമായ മഴയിലും വെള്ളം കയറി പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ ഗതാഗതം മുടങ്ങുക പതിവായിരുന്നു.
തോട്ടില്‍ മണ്ണും ചെളിയും അടിഞ്ഞുകൂടിയതും തിട്ടയിടിഞ്ഞു വന്‍തോതില്‍ മണ്ണ് വീണതും ഇതില്‍ പായലും കാട്ടുചേമ്പും ജലസസ്യങ്ങളും വള്ളിപ്പടര്‍പ്പുകളും വളര്‍ന്നിറങ്ങിയതും മൂലം സുഗമമായ നീരൊഴുക്ക് തടസ്സപ്പെട്ട തോട്ടില്‍ നിന്ന് സാമാന്യം ശക്തമായി പെയ്യുന്ന ഏതുമഴയിലും വെള്ളം റോഡിലേക്ക് ഇരച്ചുകയറിയാണ് ഒഴുകിയിരുന്നത്.
ഇതുമൂലം മഴക്കാലത്ത് പുനലൂര്‍- മൂവാറ്റുപുഴ റോഡില്‍ എരുമേലി, കാഞ്ഞിരപ്പള്ളി, കോട്ടയം റൂട്ടുകളിലും തിരികെയും മിക്കപ്പോഴും വാഹനയാത്ര മുടങ്ങിയിരുന്നു. ചെറിയ വാഹനങ്ങളും ഇരുചക്രവാഹനയാത്രക്കാരുമാണ് ഏറെ ബുദ്ധിമുട്ടനുഭവിച്ചിരുന്നത്. സംസ്ഥാന ജലസേചന വകുപ്പിന്റെ 15 ലക്ഷം രൂപ ഉപയോഗിച്ചാണ് തോട്ടിലെ മണ്ണും സസ്യങ്ങളും മറ്റു തടസ്സങ്ങളും നീക്കുന്നത്. ഈ സ്ഥലങ്ങളില്‍ നേരത്തെ തോടിനുണ്ടായിരുന്ന സ്വഭാവിക വീതിയും ആഴവും പുനസ്ഥാപിച്ച് തോട് വൃത്തിയാക്കുകയാണ്. തോടിന് ആഴവും വീതിയും കുറവായ മാടത്തുംപടി മുതല്‍ വലിയപറമ്പുപടി ഭാഗം വരെയാണ് തോട് വൃത്തിയാക്കുന്നത്.
മുന്‍ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ് പദ്ധതി തയ്യാറാക്കിയിരുന്നതെങ്കിലും അന്ന് ജോലികള്‍ നടന്നിരുന്നില്ല. ഇത്തവണ ഭരണസമിതിയംഗങ്ങളും പ്രസിഡന്റ് അനു ടി ശാമുവേലും മുന്‍കൈയെടുത്ത് വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ വേഗത്തിലാക്കുകയായിരുന്നു.
അടുത്ത ദിവസങ്ങളില്‍ തന്നെ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന തരത്തിലാണ് പണികള്‍ പുരോഗമിക്കുന്നത്.
Next Story

RELATED STORIES

Share it