നീരവ് മോദി ബിജെപിക്ക് 250 കോടി സംഭാവന നല്‍കി

ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് 11,300 കോടി രൂപ തട്ടിപ്പു നടത്തിയതിന് നിയമനടപടി നേരിടുന്ന നീരവ് മോദി ബിജെപിയുടെ അടുത്ത കൂട്ടാളിയാണെന്ന് ശിവസേന. ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നീരവ് മോദി വലിയ സഹായം നല്‍കിയതായി ശിവസേനയുടെ മുഖപത്രമായ സാമ്്‌നയിലെ ലേഖനത്തില്‍ പറയുന്നു.
കഴിഞ്ഞ നാലുവര്‍ഷത്തിനിടെ നീരവ് മോദി നേരിട്ടും അല്ലാതെയും ബിജെപി ഫണ്ടിലേക്ക് 250 കോടി രൂപയോളം സംഭാവന ചെയ്തതായി ശിവസേനയുടെ മുതിര്‍ന്ന നേതാക്കളെ ഉദ്ധരിച്ച് പ്രമുഖ വാര്‍ത്താ പോര്‍ട്ടല്‍ റിപോര്‍ട്ട് ചെയ്തു. ബിജെപി വലിയ വിജയം നേടിയ 2014ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നീരവ് കാര്യമായ സഹായം ചെയ്തിട്ടുണ്ട്. സാധാരണക്കാര്‍ ബാങ്ക് ലോണിന്റെയും നികുതിയുടെയും പേരില്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ വമ്പന്‍മാര്‍ രക്ഷപ്പെടുന്നത് ഇത്തരം കൊടുക്കല്‍ വാങ്ങലിലൂടെയാണെന്ന് ശിവസേന വിമര്‍ശിക്കുന്നു.
2014ലെ തിരഞ്ഞെടുപ്പിനു മുമ്പ് നരേന്ദ്ര മോദിയെ പ്രധാനമന്ത്രിപദത്തിലേക്ക് ഉയര്‍ത്തിക്കാട്ടുന്നതില്‍ പാര്‍ട്ടിക്കകത്തു നിന്ന് എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍, അദാനി, അംബാനി ഉള്‍പ്പെടെയുള്ള ബിസിനസുകാരുടെയും വ്യവസായികളുടെയും സഹായത്തോടെ നടത്തിയ കോടികളുടെ മാധ്യമ കാംപയിനുകള്‍ക്കൊടുവിലാണ് മോദി സ്ഥാനമുറപ്പിച്ചതെന്ന് മുംബൈയിലെ മുതിര്‍ന്ന സേനാനേതാക്കള്‍ പറയുന്നു.
നീരവ് മോദി ജനുവരിയില്‍ രാജ്യം വിട്ടതായി വ്യക്തമായിരുെന്നന്നും എന്നാല്‍, അതിനു ശേഷമാണ് ദാവോസില്‍ അദ്ദേഹം നരേന്ദ്രമോദിക്കൊപ്പം പ്രത്യക്ഷപ്പെട്ടതെന്നും സാമ്‌ന ചൂണ്ടിക്കാട്ടി. നീരവ് ബിജെപിയുടെ പങ്കാളിയാണെന്നും ബിജെപിക്ക് തിരഞ്ഞെടുപ്പ് ഫണ്ട് ശേഖരിച്ചു നല്‍കുന്നതില്‍ മുന്നിലുണ്ടായിരുന്നത് നീരവാണെന്നും തുടര്‍ന്നു പറയുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷവും ദാവോസിലേക്കു പോവാനും മോദിയുമായി കൂടിക്കാഴ്ച നടത്താനും നീരവിന് സാധിച്ചത് എങ്ങനെയെന്ന് സാമ്‌നയിലെ ലേഖനത്തില്‍ ചോദിക്കുന്നു.
Next Story

RELATED STORIES

Share it