നീരവ് മോദിയുടെ സഹോദരിക്കെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ്‌

ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്ക് വായ്പാ തട്ടിപ്പുകേസില്‍ മുഖ്യപ്രതി നീരവ് മോദിയുടെ സഹോദരി പൂര്‍വി മോദിക്കെതിരേ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കി. അഴിമതി വഴി സഹോദരന്‍ നീരവ് സമ്പാദിച്ച പണം വെളുപ്പിക്കുന്നതിനു ബെല്‍ജിയം പൗരത്വമുള്ള പൂര്‍വി മോദി സഹായം നല്‍കിയതായി അന്വേഷണ സംഘം വ്യക്തമാക്കിയരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യര്‍ഥന മാനിച്ചാണ് രാജ്യാന്തരതലത്തില്‍ അറസ്റ്റ് വാറന്റിനു തുല്യമായ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്. കേസുമായി ബന്ധപ്പെട്ട അന്വേഷണം മുന്നോട്ടു പോവണമെങ്കില്‍ പൂര്‍വി മോദിയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. തട്ടിപ്പുമായി ബന്ധപ്പെട്ടു മാര്‍ച്ചില്‍ സമര്‍പ്പിച്ച ആദ്യ കുറ്റപത്രത്തില്‍ തന്നെ പൂര്‍വിയെ പ്രതിചേര്‍ത്തിരുന്നു. നീരവ് മോദിക്കും അമ്മാവന്‍ മെഹുല്‍ ചോക്‌സിക്കുമെതിരേ ഇന്റര്‍പോള്‍ നേരത്തേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതില്‍ മെഹുല്‍ ചോക്‌സിയുടെ റെഡ് കോര്‍ണര്‍ സംബന്ധിച്ച് ഇന്റര്‍പോളിന് ഇഡി ഓര്‍മ പുതുക്കല്‍ നോട്ടീസ് ഇന്നലെ അയച്ചു. റെഡ് കോര്‍ണര്‍ നോട്ടീസ് പ്രകാരം പ്രതികളെ 192 അംഗരാജ്യങ്ങളില്‍ എവിടെ കണ്ടെത്തിയാലും അറസ്റ്റ് ചെയ്യാന്‍ വ്യവസ്ഥയുണ്ട്. നീരവ് മോദി ബ്രിട്ടനിലുണ്ടെന്ന് അടുത്തിടെ ഔദ്യോഗികമായി സ്ഥിരീകരണവും പുറത്തുവന്നിരുന്നു. മോദിയുടെ ഫയര്‍സ്റ്റാര്‍ ഇന്റര്‍നാഷനല്‍ എന്ന ജ്വല്ലറി സ്ഥാപനത്തിന്റെ സിഇഒ മിഹിര്‍ ആര്‍ ബന്‍സാലിക്കെതിരേയും റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.വ്യാജ രേഖകള്‍ നല്‍കി പിഎന്‍ബിയുടെ 13,000 കോടി രൂപ വെട്ടിച്ചെന്നാണു നീരവ് മോദിക്കെതിരായ കേസ്.

Next Story

RELATED STORIES

Share it