Flash News

നീന്തല്‍ പരിശീലനം: ജില്ലാ പഞ്ചായത്ത് പദ്ധതിയുടെ മറവില്‍ നടന്നത് വന്‍ സാമ്പത്തിക തട്ടിപ്പ്

നീന്തല്‍ പരിശീലനം: ജില്ലാ പഞ്ചായത്ത് പദ്ധതിയുടെ മറവില്‍ നടന്നത് വന്‍ സാമ്പത്തിക തട്ടിപ്പ്
X

പത്തനംതിട്ട: നീന്തല്‍ പരിശീലനത്തിന്റെ പേരില്‍ ജില്ലാപഞ്ചായത്ത് നടത്തിയത് വന്‍ സാമ്പത്തിക തട്ടിപ്പെന്ന് സൂചന നല്‍കി ഓഡിറ്റ് റിപോര്‍ട്ട്. സംസ്ഥാന ഓഡിറ്റ് വകുപ്പ് 22.04.2017ല്‍ പുറത്തിറക്കിയ റിപോര്‍ട്ടിലാണ് പദ്ധതി നിര്‍വഹണത്തില്‍ നടന്ന അഴിമതിയും സാമ്പത്തിക ക്രമക്കേടും സൂചിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ 20.15.16 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്പില്‍ ഓവറായി നടപ്പാക്കിയ പദ്ധതികളിലെ ക്രമക്കേടുകളാണ് റിപോര്‍ട്ടിലുള്ളത്. ജില്ലയിലെ അംഗീകൃത സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളിലെ ജനറല്‍ വിഭാഗത്തില്‍പ്പെട്ട 300 വിദ്യാര്‍ഥികള്‍ക്കും പട്ടിക ജാതി വിഭാഗത്തില്‍പെട്ട 280 വിദ്യാര്‍ഥികള്‍ക്കും 2015 ഏപ്രില്‍, മെയ് മാസങ്ങളില്‍ വിവിധ ഘട്ടങ്ങളിലായി 15 ദിവസത്തെ നീന്തല്‍ പരിശീലനം നല്‍കിയ പദ്ധതിയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയിരിക്കുന്നത്. റാന്നി നെല്ലിക്കമണ്‍ ബി.സി. സ്വിമ്മിങ് അക്കാഡമി എന്ന സ്ഥാപനമാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കിയിരിക്കുന്നത്. രണ്ട് പദ്ധതികളിലായി 20 ലക്ഷം രൂപയാണ് സ്ഥാപനത്തിന്റെ പേരില്‍ ചെലവഴിച്ചിരിക്കുന്നത്. കോച്ചിങ് ഫീസ്, ലഘുഭക്ഷണം, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, നീന്തല്‍ വസ്ത്രങ്ങള്‍ ഇനങ്ങളില്‍ 15 ദിവസത്തെ പരിശീലനമാണ് സ്ഥാപനം നടത്തിയതായി പറയുന്നത്. ഇതില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുട്ടികളെ പരിശീലനത്തിന് എത്തിക്കുന്നതിനായി രണ്ട് പദ്ധതിയിലായി ആറ് ലക്ഷം രൂപ ചെലവഴിച്ചു. വാഹനങ്ങള്‍ ദൈനം ദിനം ഓടിയതിന്റെ ട്രിപ്പ് ഷീറ്റ് ഹാജരാക്കിയിട്ടില്ല. ഈ ഇനത്തില്‍ കോണ്‍ട്രാക്്ട് കാര്യേജ് ട്രിപ്പ് ഷീറ്റ് ഉപയോഗിച്ച് തുകമാറിയിരിക്കുന്നത് സ്വകാര്യ വാഹനങ്ങളാണ്. KL-3R 8088(എന്‍ഫീല്‍ഡ് ബുള്ളറ്റ്), KL62A 8904(മാരുതി റിറ്റ്‌സ്), KL-3R 6677(മഹീന്ദ്ര 7 സീറ്റര്‍), KL-62A 3268(ബജാജ് പള്‍സര്‍), KL-62A 347(ഹ്യുണ്ടായ് സാന്‍ട്രോ), KL 62A 4067(ടാറ്റ ഐറിഷ്) വാഹനങ്ങളാണ് ഓടിയിരിക്കുന്നതായി ട്രിപ്പ് ഷീറ്റില്‍ കാണിച്ചിരിക്കുന്നത്. 2012 മുതല്‍ ജില്ലാ പഞ്ചായത്ത് നീന്തല്‍ പരിശീലനത്തിന് പദ്ധതി തയ്യാറാക്കി റാന്നി നെല്ലിക്കമണ്‍ ബി.സി. സ്വിമ്മിങ് അക്കാഡമി എന്ന സ്ഥാപനത്തെയാണ് ചുമതലപ്പെടുത്തുന്നത്. ജില്ലയിലെ പത്തനംതിട്ട നഗരസഭയടക്കം വിവിധ തദ്ദേശ സ്വയംഭരണ സ്ഥാനപങ്ങളും നീന്തല്‍ പരിശീലന പദ്ധതി തയ്യാറാക്കി നിര്‍വഹണ ചുമതല ബി.സി. സ്വിമ്മിങ് അക്കാഡമിയെ ഏല്‍പ്പിച്ചിരുന്നു. ഓഡിറ്റ് റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്ന മറ്റ് ക്രമക്കേടുകള്‍.

1.നിര്‍വഹണ ഏജന്‍സിയായി തിരഞ്ഞെടുത്ത റാന്നി നെല്ലിക്കമണ്‍ ബിസി സ്വിമ്മിങ് അക്കാഡമി എന്ന സ്ഥാപനത്തിനെ മാനദണ്ഡം പാലിക്കാതെയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ഓഡിറ്റ് റിപോര്‍ട്ടില്‍ വ്യക്്തമാക്കുന്നു. ഇതിനോടൊപ്പം ഓപ്പണ്‍ ടെണ്ടര്‍ ക്ഷണിച്ചിരുന്നുമില്ല.

2. പദ്ധതിയുടെ നിര്‍വഹണ ഏജന്‍സിയായി റാന്നി നെല്ലിക്കമണ്‍ ബിസി സ്വിമ്മിങ് അക്കാഡമി എന്ന സ്ഥാപനത്തിനെ ജില്ലാ പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ചിട്ടുള്ളതായി ഫയലില്‍ നിന്ന് വ്യക്്തമല്ല.

3.നീന്തല്‍ പരിശീലനത്തിന് ഗുണഭോക്്താക്കളെ തിരഞ്ഞെടുത്തിന്റെ വിവരങ്ങള്‍ ലഭ്യമല്ല. സ്‌കൂള്‍ അധികൃതര്‍ സാക്ഷ്യപ്പെടുത്തി നല്‍കിയ പരിശീലനാര്‍ഥികളുടെ വിവരങ്ങളും ലഭ്യമല്ല. ഇവ ജില്ലാ പഞ്ചായത്തു കമ്മിറ്റി അംഗീകരിച്ചതിന്റെയും വിവരങ്ങള്‍ ലഭ്യമല്ലെന്ന് ഓഡിറ്റ് റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

4. പട്ടിക ജാതി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്കായി നടപ്പിലാക്കിയ പദ്ധതിയുടെ ഗുണഭോക്്താക്കള്‍ പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ടവരാണെന്നതിന് രേഖകളൊന്നുമില്ല.

5. കായിക മേഖലയില്‍ സ്‌റ്റേഡിയം നിര്‍മിച്ച് പരിപാലിക്കുന്നതിന് മാത്രമാണ് ജില്ലാ പഞ്ചായത്തില്‍ നിഷിപ്്തമായ ചുമതല. ഈ സാഹചര്യത്തില്‍ നീന്തല്‍ പരിശീലനത്തിന് പദ്ധതി വച്ചത് ക്രമവിരുദ്ധമായാണ്.

6. വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കിയത് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ച പരിശീലനകരല്ല. ഈ ഇനത്തില്‍ പണം കൈപ്പറ്റിയിരിക്കുന്നത് സ്ഥാപനത്തിന്റെ ചുമതലക്കാരിയായ ജയ്്‌മോള്‍ ജോര്‍ജ് ഏബ്രഹാം എന്ന വ്യക്്തിയാണ്.

7. നിര്‍വഹണ ഏജന്‍സിയുമായി നിര്‍വഹണ ഉദ്യോഗസ്ഥന്‍ കരാറില്‍ ഏര്‍പ്പെട്ടതിനും രേഖകളില്ല.

8. സര്‍ക്കാര്‍ പ്രത്യേകം അനുവദിച്ചിട്ടുള്ള സംഗതികളില്‍ ഒഴികെ ഭക്ഷണ വിതരണം നടത്തുന്നതിന് വികസന ഫണ്ട്് ഉപയോഗിക്കുവാന്‍ പാടുള്ളതല്ല. എന്നാല്‍ ജില്ലാ പഞ്ചായത്ത് ഈ ഇനത്തില്‍ 1.4 ലക്ഷം രൂപ ക്രമവിരുദ്ധമായി ചെലവഴിച്ചു.

[related]
Next Story

RELATED STORIES

Share it