Idukki local

നീന്തല്‍ക്കുളത്തിന്റെ ചോര്‍ച്ച പരിഹരിക്കാനാവുന്നില്ല;  സ്‌കൂള്‍ വിദ്യാര്‍ഥികളുടെ നീന്തല്‍ പരിശീലനപദ്ധതി തുടക്കത്തിലേ പാളി

ചെറുതോണി: വാഴത്തോപ്പ് ഗ്രാമപ്പഞ്ചായത്ത് നടപ്പാക്കിയ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ നീന്തല്‍ പരിശീലന പദ്ധതി ആരംഭത്തിലെ അവതാളത്തിലായി. പോര്‍ട്ടബിള്‍ നീന്തല്‍ക്കുളത്തിന്റെ ചോര്‍ച്ച പരിഹരിക്കാനാവുന്നില്ലയെന്നതാണ് പ്രശ്‌നം. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 10 ലക്ഷം രൂപ വകയിരുത്തി കഴിഞ്ഞ ഭരണ സമിതി രൂപീകരിച്ച നീന്തല്‍ പരിശീലന പദ്ധതി പുതിയ ഭരണ സമിതി അധികാരമേറ്റ ശേഷമാണ് തുടങ്ങിയത്.
എന്നാല്‍ ഉദ്ഘാടന ദിവസം പോലും നല്ലനിലയില്‍ നീന്തല്‍ക്കുളം പ്രവര്‍ത്തിച്ചില്ലെന്നു നാട്ടുകാര്‍ പറയുന്നു. ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച പോര്‍ട്ടബിള്‍ നീന്തല്‍ക്കുളത്തിന്റെ വശങ്ങളിലൂടെ വെള്ളം പാഴായി പോവുകയാണ്.
അതിനാല്‍ വേണ്ടത്ര അളവില്‍ വെള്ളം നില നിര്‍ത്താനാവുന്നില്ല. ഇക്കാരണത്താല്‍ മൂന്ന് അടിയില്‍ കൂടുതല്‍ ഉയരത്തില്‍ വെള്ളം കുളത്തില്‍ സംഭരിക്കാന്‍ കഴിയാതെ വന്നതോടെയാണ് പരിശീലനം തടസ്സപ്പെട്ടത്.
നാലു വശങ്ങളും ഇഴചേര്‍ത്തു ബന്ധിപ്പിച്ചാണ് നീന്തല്‍ക്കുളം നിര്‍മിച്ചിട്ടുള്ളത്. അതിനാല്‍ അറ്റകുറ്റപ്പണികളിലൂടെ തകരാര്‍ പരിഹരിക്കാനാവില്ല. പൂര്‍ണമായും പൊളിച്ച് പണിയുകയോ പുതിയത് നിര്‍മിക്കുകയോ മാത്രമാണ് പരിഹാരം. പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെയും നീന്തല്‍ പരിശീലിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്‌കരിച്ചത്.
എന്നാല്‍ വേണ്ടത്ര ഗൃഹപാഠമില്ലാതെ തിരക്കിട്ട തീരുമാനവും പദ്ധതി നടപ്പാക്കലുമാണ് നീന്തല്‍കുളം പ്രയോജനപ്പെടാതെ പോവാനിടയാക്കിയതെന്ന് മുന്‍ഭരണ സമിതിയിലെ അംഗങ്ങള്‍ ആരോപിക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍പരിചയമില്ലാത്തവരെ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയതെന്നും വിമര്‍ശനമുണ്ട്.
കുളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സാങ്കേതിക പരിജ്ഞാനമില്ലാത്തവരെക്കൊണ്ട് ഏറ്റെടുപ്പിച്ചതും പദ്ധതിയെ അവതാളത്തിലാക്കിയെന്ന് നാട്ടുകാര്‍ പറയുന്നു.
പദ്ധതി നടത്തിപ്പിലെ വീഴ്ചകളെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it