malappuram local

നീന്തലറിയാത്തവര്‍ക്കും സര്‍ട്ടിഫിക്കറ്റ്; പഞ്ചായത്ത്് പ്രസിഡന്റുമാര്‍ വെട്ടിലാവും

നഹാസ് എം നിസ്്്താര്‍
പെരിന്തല്‍മണ്ണ: നീന്തലറിയാത്ത വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ ഏകജാലക പ്രവേശനം നേടാന്‍ പഞ്ചായത്ത് വക സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായി ആക്ഷേപം. ഇതോടെ ക്രമക്കേടിന് കൂട്ടുനിന്ന പഞ്ചായത്ത് പ്രസിഡന്റുമാര്‍ വെട്ടിലാവും. പ്ലസ് വണ്‍ പ്രവേശന മാനദണ്ഡങ്ങള്‍ക്ക് വെയിറ്റേജ് പോയിന്റ് നേടാനുള്ള അവശ്യരേഖയാക്കുന്ന നീന്തല്‍ സര്‍ട്ടിഫിക്കറ്റാണ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഒപ്പിട്ടു നല്‍കുന്നത്.
പല പഞ്ചായത്തുകളിലും പഞ്ചായത്ത് ഓഫിസിനു സമീപത്തെ സ്വകാര്യ ഫോട്ടോസ്റ്റാറ്റ് കടകളില്‍ ആവശ്യക്കാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായാണ് നീന്തല്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയത്. പഞ്ചായത്ത്് പരിധിയില്‍പെടുന്ന ഒരോ വിദ്യാര്‍ഥിയും വാര്‍ഡ് അംഗത്തിന്റെ അറിവോടെയാണ് സര്‍ട്ടിഫിക്കറ്റ് നേടേണ്ടത്. ഇതിനായി ഒരോ വിദ്യാര്‍ഥിയെയും കുളത്തില്‍ എത്തിച്ച് നീന്തല്‍ പ്രായോഗിക പരീക്ഷയും നടത്തണം. എന്നാല്‍, പല പഞ്ചായത്ത് ഓഫിസുകളിലും മുന്‍കൂട്ടി തയ്യാറാക്കിയ രേഖയില്‍ പേര് ചേര്‍ത്തുനല്‍കല്‍ മാത്രമാണ് നടക്കുന്നത്. ഏകജാലകം വഴി അപേക്ഷ നല്‍കിയ വിദ്യാര്‍ഥികള്‍ അവരുടെ അപേക്ഷയുടെ കോപ്പിയും അസ്സല്‍ രേഖകളും പരിശോധനയ്ക്കായി സ്‌കൂളില്‍ ഹാജരാക്കിയപ്പോഴാണ് നീന്താനറിയാത്തവര്‍ക്കും പഞ്ചായത്ത് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് കണ്ടെത്തിയത്.
സംഭവം സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ ഒതുക്കിയതായാണ് വിവരം. അതേസമയം, സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി. ഈ മാസം 18ന് ശേഷം നടക്കുന്ന സൂഷ്മ പരിശോധനയില്‍ സ്്്കൂളില്‍നിന്നു വ്യാജ രേഖകള്‍ ലഭിക്കുന്നമുറയ്ക്ക്് ജില്ലയിലെ പല പഞ്ചായത്ത് പ്രസിഡന്റുമാരും നടപടിക്ക് വിധേയമാവും. അതേസമയം, സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് പദ്ധതി വിജയമാക്കിയ പഞ്ചായത്തുകളും ജില്ലയില്‍ നിരവധിയുണ്ട്.
Next Story

RELATED STORIES

Share it