നീനു വീണ്ടും കോളജിലേക്ക്

കോട്ടയം: ഉള്ളിലുള്ള സങ്കടക്കടലിനെ വകഞ്ഞുമാറ്റി നീനു വീണ്ടും കോളജിലേക്ക്. നട്ടാശ്ശേരി എസ്എച്ച് മൗണ്ടില്‍ കെവിന്‍ പി ജോസഫിന്റെ കൊലപാതകം നടന്ന് 17ാം ദിനമാണ് നീനു കോളജ് കാംപസിലെത്തുന്നത്. കെവിന്റെ അച്ഛന്‍ ജോസഫാണ് നീനുവിനെ ബൈക്കില്‍ മാന്നാനത്തെ കോളജില്‍ കൊണ്ടുവിട്ടത്.
രാവിലെ എഴുന്നേറ്റ് പ്രാര്‍ഥന. പിന്നെ കെവിന്റെ ചിത്രത്തിനു മുന്നില്‍ അല്‍പ്പനേരം. ബിരുദമെടുക്കണമെന്നതും ജോലി നേടണമെന്നതുമൊക്കെ കെവിന്റെ ആഗ്രഹമായിരുന്നു. അതിന്റെ സാക്ഷാല്‍ക്കാരത്തിനു വേണ്ടി കൂടിയാണ് നീനു വീണ്ടും കാംപസിലേക്ക് പോവാന്‍ തയ്യാറെടുത്തത്. അമ്മ മേരി കെട്ടിക്കൊടുത്ത പൊതിച്ചോറുമായി അച്ഛന്റെ ബൈക്കില്‍ കയറി കെവിന്റെ ഓര്‍മകള്‍ അലയടിക്കുന്ന വീട്ടില്‍നിന്ന് ആദ്യമായി പുറംലോകത്തേക്ക്. ആദ്യം ഗാന്ധിനഗര്‍ പോലിസ് സ്‌റ്റേഷനിലേക്കായിരുന്നു യാത്ര.
വീണ്ടും കോളജില്‍ പോവാന്‍ എന്തെങ്കിലും നടപടിക്രമങ്ങളുണ്ടോയെന്ന് കോട്ടയം എസ്പിയോട് ജോസഫ് ചോദിച്ചിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് ഗാന്ധിനഗര്‍ പോലിസ് സ്റ്റേഷനില്‍ ചെന്നത്. തുടര്‍ന്ന് മാന്നാനം കോളജിലേക്ക്. എല്ലാവരും നിറഞ്ഞ മനസ്സോടെ നീനുവിനെ സ്വീകരിച്ചു. ബിരുദത്തിനൊപ്പം സിവില്‍ സര്‍വീസും കരസ്ഥമാക്കണമെന്നതാണ് ആഗ്രഹം. നീനുവിന്റെ പഠനച്ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുത്തതും വീടു വയ്ക്കാനും സ്ഥലം വാങ്ങാനുമായി 10 ലക്ഷം രൂപ ലഭിച്ചതും കുടുംബത്തിന് വലിയആശ്വാസമായി. അതുകൊണ്ടുതന്നെ കെവിന്റെ കുടുംബത്തിന് താങ്ങും തണലുമാവാനാണ് നീനുവിന്റെ ആഗ്രഹം.
അവള്‍ പഠിക്കട്ടെ, അതിനായി ഞങ്ങള്‍ക്ക് ആവുന്നത് ചെയ്തുകൊടുക്കുമെന്ന ജോസഫിന്റെ ഉറച്ച വാക്കുകളാണ് നീനുവിന് ഭാവിജീവിതത്തിനുള്ള ശക്തിപകര്‍ന്നത്.
Next Story

RELATED STORIES

Share it