wayanad local

നീതുവിന്റെ മരണം: പോലിസ് നിഷ്‌ക്രിയത്വത്തിനെതിരേ ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്

കല്‍പ്പറ്റ: ഒക്‌ടോബര്‍ 10 ന് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സുഗന്ധഗിരി വയല്‍കുന്ന് ചാമിയുടെ മകള്‍ നീതുവിന്റെ മരണത്തിനുത്തരവാദികളായവര്‍ക്കെതിരേ പോലിസ് നടപടിയെടുക്കുന്നില്ലന്ന് ആരോപണം.
വ്യക്തമായ തെളിവുകള്‍ പോലിസിന് നല്‍കിയെങ്കിലും യാതൊരു നടപടിയുമെടുക്കാ ന്‍ തയാറായില്ലെന്ന് നീതുവിന്റെ മാതാപിതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നീതു ഉപയോഗിച്ചിരുന്ന ഫോണ്‍ മരണശേഷം വീട്ടില്‍ നിന്നും വീട്ടുകാര്‍ക്ക് ലഭിച്ചിരുന്നു. തങ്ങള്‍ നീതുവിന് ഫോണ്‍ വാങ്ങി നല്‍കിയിട്ടില്ല. ഇത് വീടിനു സമീപത്തുള്ള പടിക്കമണ്ണില്‍ സൈഫുദ്ദീന്‍ നല്‍കിയതായി സംശയിക്കുന്നു. ഫോണ്‍ പരിശോധിച്ചപ്പോള്‍ മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് നീതു സൈഫുദീനുമായി മണിക്കൂറുകളോളം സംസാരിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.
മരണം നടന്ന ദിവസവും നാല് തവണ ആ നമ്പറില്‍ നീതു വിളിക്കാന്‍ ശ്രമിച്ചിരുന്നു. ഈ തെളിവുകളെല്ലാമുള്ള മൊബൈല്‍ ഫോണടക്കം നല്‍കി നീതുവിന്റെ പിതാവ് ചാമി പോലിസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ മകളുടെ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് പോലിസ് സ്‌റ്റേഷനില്‍ കൊടുക്കാന്‍ പോയ ചാമിയുടെ കയ്യില്‍ പോലിസ് മൊബൈല്‍ ഫോണ്‍ നിര്‍ബന്ധപൂര്‍വം തിരിച്ചേല്‍പ്പിക്കുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. പിന്നീട് പരിശോധിച്ചപ്പോള്‍ യാതൊരു തെളിവുകളും ഫോണില്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ വിദേശത്തുള്ള സൈഫുദീനെ ഫോണില്‍ ബന്ധപ്പെട്ടെന്നും, അയാള്‍ നിരപരാധിയാണെന്നും, മരണവുമായി യാതൊരു ബന്ധവുമില്ലെന്നുമാണ് പോലിസ് പറയുന്നത്. എന്നാല്‍ പരാതി നല്‍കിയതിനുശേഷം കേസ് ഫയല്‍ ചെയ്യാന്‍ പോലും പോലിസ് തായാറായിട്ടില്ലെന്നും നീതുവിന്റെ മാാപിതാക്കളും ആക്ഷന്‍കമ്മിറ്റി ഭാരവാഹികളും പറഞ്ഞു. മരണത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പട്ടികജാതി വകുപ്പിനും പരാതി നല്‍കിയിരുന്നു.
ഉത്തരവാദികളായവര്‍ക്കെതിരേ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകും. ഇതിന്റെ മുന്നോടിയായി 28ന് രാവിലെ പത്തിന് പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ചു നടത്താനും തീരുമാനിച്ചിട്ടുണ്ട്.
നീതുവിന്റെ പിതാവ് ചാമി, മാതാവ് പുഷ്പ, ബന്ധു സി ബാബു, ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ എന്‍ പി രാമന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it