Flash News

നീതി ലഭിച്ചില്ലെങ്കില്‍ പോലിസ് സ്റ്റേഷനു മുന്നില്‍ മരണം വരെ നിരാഹാരമെന്ന് ഉസ്മാന്റെ ഭാര്യ

അബ്ദുല്‍  ഖാദര്‍  പേരയില്‍

ആലുവ: മുഖ്യമന്ത്രിയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും നീതി ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അല്ലാത്തപക്ഷം മരണം വരെ പോലിസ് സ്റ്റേഷനു മുമ്പില്‍ നിരാഹാരം കിടക്കുമെന്ന് എടത്തലയില്‍ പോലിസ് മര്‍ദനത്തില്‍ ഗുരുതര പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന ഉസ്മാന്റെ ഭാര്യ ഫെബിന തേജസിനോട് പറഞ്ഞു.
ഒരു തെറ്റും ചെയ്യാത്ത തന്റെ ഭര്‍ത്താവിനെ ക്രൂരമായി മര്‍ദിച്ച പോലിസിനെ രക്ഷപ്പെടുത്തുന്ന നടപടികളാണ് മുഖ്യമന്ത്രിയും പോലിസും നടത്തുന്നത്. മര്‍ദിച്ചവര്‍ക്ക് ഒരു കുഴപ്പവുമില്ല. എന്നാല്‍, ഇര ഇപ്പോള്‍ കുറ്റവാളിയും. ഇതാണോ ഈ രാജ്യത്തെ നീതിയെന്നും  ഫെബിന കുറ്റപ്പെടുത്തി. ഉസ്മാനെ മര്‍ദിച്ച പോലിസുകാരെ സ്ഥലംമാറ്റിയതൊഴിച്ചാല്‍ മറ്റൊരു നടപടിയും ഈ കേസില്‍ ഉണ്ടായിട്ടില്ല. ഏറെ പ്രാരബ്ധങ്ങളുള്ള കുടുംബമാണ് തങ്ങളുടേത്. പലപ്പോഴായി 10 വര്‍ഷത്തിലധികം തന്റെ ഭര്‍ത്താവ് പ്രവാസജീവിതം നയിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യതയിലാണ്. പറക്കമുറ്റാത്ത മൂന്നു മക്കളും വൃദ്ധരായ മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന്റെ നട്ടെല്ലായിരുന്നു ഉസ്മാന്‍. എന്നാല്‍, ഇന്ന് ഒരു കാരണവുമില്ലാതെ പോലിസ് മര്‍ദനമേറ്റ് അവശനിലയിലായിരിക്കുകയാണ്. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റതിനാല്‍ ഏറെനാള്‍ വിശ്രമിക്കേണ്ടിവരും. ഇതിനിടയില്‍ കുടുംബത്തിന്റെ അവസ്ഥ പരിതാപകരമാണെന്നും ഫെബിന പറഞ്ഞു.
എട്ടുമാസം സൗദിയിലെ ഈത്തപ്പഴ ഗോഡൗണിലെ ജോലിക്കിടയില്‍ ശമ്പളംപോലും കിട്ടാതെ വലഞ്ഞ ഉസ്മാന്‍, നാട്ടില്‍ നിന്ന് വിമാന ടിക്കറ്റെടുക്കാനുള്ള പണം അയച്ചുകൊടുത്തിട്ടാണ് നാട്ടിലെത്തിയത്. മറ്റൊരു ജോലിക്കായുള്ള ശ്രമത്തിനിടയിലാണു പ്രശ്‌നങ്ങളുണ്ടായത്. ഇനിയിപ്പോള്‍ വിദേശയാത്രയ്ക്കും ഇവര്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നുറപ്പാണ്. 10 ലക്ഷം രൂപ ബാങ്ക് വായ്പ എടുത്ത് വീട് നിര്‍മിച്ചെങ്കിലും വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതായതോടെ വീട്് ജപ്തിയിലാണ്. മുഖ്യമന്ത്രിയെ നേരില്‍ കാണണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഉസ്മാനെ ശുശ്രൂഷിക്കുന്ന തിരക്കില്‍ ഇതു നടന്നില്ല.
ഉസ്മാനോ കുടുംബക്കാരോ തീവ്രവാദികളല്ല. അവരുടെ കുടുംബത്തിലും മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാരുണ്ട്. ഉസ്മാന്‍ ഒരു പാര്‍ട്ടിയുടെയും സജീവ പ്രവര്‍ത്തകനായിരുന്നില്ല.  കടുത്ത ദുരിതത്തിലായ തങ്ങളെ ആരു സഹായിച്ചാലും അത് രണ്ടു കൈയും നീട്ടി സ്വീകരിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും മുന്നിലില്ലെന്നും ഫെബിന പറഞ്ഞു.
Next Story

RELATED STORIES

Share it