Flash News

നീതി തേടി ഓണ്‍ലൈന്‍ പെറ്റീഷന്‍; ഒപ്പുവച്ചത് ഏഴുലക്ഷത്തോളം പേര്‍

ശ്രീനഗര്‍: കൂട്ടബലാല്‍സംഗത്തിനിരയായി ഇന്ത്യയുടെ കണ്ണീരായി മാറിയ ജമ്മുകശ്മീരിലെ നാടോടി ബാലിക ആസിഫയ്ക്ക് നീതിതേടി ആരംഭിച്ച ഓണ്‍ലൈന്‍ പെറ്റീഷന് വന്‍ ജനപിന്തുണ. കശ്മീരിലെ വനിതാ കൂട്ടായ്മ വിമണ്‍സ് ഇനീഷ്യേറ്റീവ് ഫോര്‍ ജസ്റ്റിസ് ഫോര്‍ ആസിഫ മാര്‍ച്ച് 10ന് ആരംഭിച്ച പെറ്റീഷന് ഇതിനകം ഏഴുലക്ഷത്തിലേറെ പേരുടെ പിന്തുണയാണു ലഭി              ച്ചത്.
ക്രൂരമായ കൂട്ടബലാല്‍സംഗത്തെക്കുറിച്ച് ജമ്മുകശ്മീര്‍ ക്രൈംബ്രാഞ്ച് പോലിസ് രണ്ടാമത്തെ അന്വേഷണ റിപോര്‍ട്ട് ഫയല്‍ ചെയ്തതിനു തൊട്ടുപിന്നാലെയാണ് ചെയ്ഞ്ച് ഡോട്ട് ഓര്‍ഗ് വെബ്‌സൈറ്റില്‍ പെറ്റീഷന്‍ ആരംഭിച്ചത്. വ്യാഴാഴ്ച രാത്രി വരെ മുക്കാല്‍ലക്ഷത്തോളം പേരുടെ പിന്തുണ മാത്രമുണ്ടായിരുന്ന പെറ്റീഷനില്‍ ഒറ്റദിവസംകൊണ്ട് ആറ് ലക്ഷത്തിലേറെ പേരാണ് ഒപ്പുവച്ചത്.
ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, ഉപമുഖ്യമന്ത്രി നിര്‍മല്‍സിങ് എന്നിവര്‍ക്കുള്ളതാണ് ഓണ്‍ലൈന്‍ പെറ്റീഷന്‍. കത്‌വ ജില്ലയിലെ രസാന ഗ്രാമത്തിലുള്ള ആസിഫ എന്ന പെണ്‍കുട്ടിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തുകൊന്ന സംഭവത്തിലുള്ള അന്വേഷണത്തിലെ മെല്ലെപ്പോക്കില്‍ ഞങ്ങള്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു. ക്രൂരമായ ലൈംഗിക പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകം രാഷ്ട്രീയവല്‍ക്കരണത്തിനും വര്‍ഗീയ വിഭജനത്തിനും ഇടയാക്കുന്നതിലുള്ള ആശങ്ക രേഖപ്പെടുത്തുന്നു. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ നേരിടുന്നതിനും പ്രതികളെ സംരക്ഷിക്കുന്നതിനും തീവ്രദേശീയതയെ മറയാക്കുന്ന ഒരുവിഭാഗത്തിന്റെ നടപടി അപലപനീയമാണ്- പെറ്റീഷന്റെ ആമുഖത്തില്‍ പറയുന്നു. കശ്മീര്‍ ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധ ഭാസിന്‍, ഹെല്‍പ് ഫൗണ്ടേഷന്‍ സ്ഥാപകാധ്യക്ഷ നിഗത് ഷാഫി പണ്ഡിറ്റ്, എഴുത്തുകാരിയും റിട്ട. കോളജ് പ്രിന്‍സിപ്പലുമായ നീര്‍ജ മട്ടൂ, ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂനിയന്‍ മുന്‍ വൈസ് പ്രസിഡന്റ് ഷെഹ്്‌ല റാഷിദ് ഷോറ, എഴുത്തുകാരിയും കവിയുമായ നിതാഷ കൗള്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക പവന്‍ ബാലി, ജമ്മുകശ്മീര്‍ ഹൈക്കോടതി അഭിഭാഷക മന്‍ദീപ് റീന്‍, എഴുത്തുകാരിയും ഒക്്‌ലഹോമ യൂനിവേഴ്‌സിറ്റി വിസിറ്റിങ് പ്രഫസറുമായ നൈല അലി ഖാന്‍ എന്നിവരാണ് ഓണ്‍ലൈന്‍ പെറ്റീഷന് തുടക്കമിട്ടത്.
നികൃഷ്ടമായ കുറ്റകൃത്യത്തെ മറച്ചുവയ്ക്കാനും അന്വേഷണത്തെ അട്ടിമറിക്കാനും നിക്ഷിപ്ത താല്‍പര്യക്കാരും വലതുപക്ഷ രാഷ്ട്രീയക്കാരും ശ്രമം നടത്തുന്നുണ്ട്. പിഡിപി-ബിജെപി സഖ്യത്തിലെ രണ്ടു മുതിര്‍ന്ന മന്ത്രിമാരാണ് ഇതിനു നേതൃത്വം കൊടുക്കുന്നത്. സാഹചര്യം മുതലെടുത്ത് സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ എതിര്‍വിഭാഗവും രംഗത്തുണ്ട്. സംഭവത്തെ വര്‍ഗീയവല്‍ക്കരിക്കുന്നതില്‍ നിന്നും രാഷ്ട്രീയവല്‍ക്കരിക്കുന്നതില്‍ നിന്നും എല്ലാ വിഭാഗങ്ങളും പിന്മാറണമെന്നും കുടുംബത്തിന് സമാധാനം നല്‍കണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്യുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം വേഗത്തിലാക്കുകയും കുറ്റവാളികളെ എത്രയും വേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവരുകയും ചെയ്യണമെന്നും പെറ്റീഷന്‍ ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it