Districts

നീതി കിട്ടിയില്ല

തിരുവനന്തപുരം: മന്ത്രിസ്ഥാനം രാജിവച്ച കേരളാ കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ എം മാണി യുഡിഎഫ് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി മാധ്യമങ്ങള്‍ക്കു മുന്നില്‍. നീതി ലഭിക്കേണ്ട കേന്ദ്രങ്ങളില്‍ നിന്നു തനിക്ക് നീതി ലഭിച്ചിട്ടില്ലെന്നും താന്‍ തെറ്റുകാരനല്ലെന്നും കെ എം മാണി പറഞ്ഞു.
എനിക്ക് നീതി ലഭിച്ചിട്ടില്ല. എനിക്കെതിരേ എഫ്‌ഐആര്‍ എടുക്കരുതായിരുന്നു. എഫ്‌ഐആര്‍ എടുക്കേണ്ട സാഹചര്യമില്ലായിരുന്നു. എനിക്കെതിരേ നടന്നത് രാഷ്ട്രീയ ഗൂഢാലോചനയാണ്. അത് ആരെന്നു വ്യക്തമായി അറിയാമെങ്കിലും ഇപ്പോള്‍ പറയുന്നില്ല- വാര്‍ത്താസമ്മേളനത്തില്‍ കെ എം മാണി വ്യക്തമാക്കി. ഒരേ കേസില്‍ രണ്ടു നീതിയാണോ എന്ന ചോദ്യത്തിന്, അതിനെപ്പറ്റി ഒന്നും പറയുന്നില്ലെന്നു പറഞ്ഞ മാണി, കെ ബാബുവിനു യുഡിഎഫില്‍ നിന്ന് കൂടുതല്‍ സഹായം ലഭിച്ചോ എന്ന ചോദ്യത്തിന്, അങ്ങനെ ലഭിച്ചിട്ടുണ്ടെങ്കില്‍ അതില്‍ തനിക്ക് പരാതിയില്ലെന്നും പറഞ്ഞു.
സംശുദ്ധവും സത്യസന്ധവുമായ രാഷ്ട്രീയജീവിതത്തിന്റെ പ്രത്യേക ഘട്ടത്തിലാണ് ബാര്‍ കോഴയാരോപണം ഉയര്‍ന്നുവന്നത്. നിയമസഭാംഗത്വത്തിന്റെ സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ കേരള രാഷ്ട്രീയത്തില്‍ കേരളാ കോണ്‍ഗ്രസ്സിനു ലഭിച്ച വ്യാപകമായ സ്വീകാര്യത ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഇതില്‍ അസ്വസ്ഥരായവരുടെ ആസൂത്രിത ശ്രമമായിരുന്നു ബാര്‍ കോഴ വിവാദം. ആറു പതിറ്റാണ്ടായി രാഷ്ട്രീയത്തില്‍ നിലകൊള്ളുന്ന തന്നെ നെറികെട്ട ആരോപണം കൊണ്ടു തകര്‍ക്കാനുള്ള ശ്രമമാണ് പിന്നെ കേരളം കണ്ടത്. രക്തത്തിനായി ദാഹിച്ചവരോടും നുണക്കഥ മെനഞ്ഞവരോടും കുടുംബത്തെപ്പോലും വേട്ടയാടിയവരോടും പരാതിയോ പരിഭവമോ ഇല്ല. പക്ഷേ, രാഷ്ട്രീയത്തില്‍ സൂക്ഷിക്കേണ്ട നൈതികത സംബന്ധിച്ച് ഇവര്‍ ആത്മപരിശോധന നടത്തണമെന്നു മാണി പറഞ്ഞു.
എല്‍ഡിഎഫുമായി ചേര്‍ന്നു താന്‍ സര്‍ക്കാരുണ്ടാക്കുമെന്നു പ്രചാരണമുണ്ടായിരുന്നു. താന്‍ അങ്ങനെ ചെയ്യുമെന്നു ചിലര്‍ക്ക് ഭയമുണ്ടായി. അത് ആരെന്നു മാധ്യമപ്രവര്‍ത്തകര്‍ കണ്ടെത്തണം. മുഖ്യമന്ത്രിയാണ് താങ്കള്‍ക്കെതിരേയുള്ള ഗൂഢാലോചനയുടെ കേന്ദ്രമെന്നു പറഞ്ഞാല്‍ സമ്മതിക്കുമോയെന്ന ചോദ്യത്തിന്, മുഖ്യമന്ത്രിയെക്കുറിച്ച് അങ്ങനെ പറയരുതെന്നും അദ്ദേഹം സമഭാവനയോടെ എല്ലാവരോടും പെരുമാറുന്ന ആളാണെന്നുമായിരുന്നു കെ എം മാണിയുടെ പ്രതികരണം.
എന്റെ രക്തത്തിനു വേണ്ടി ദാഹിച്ചവരുണ്ട്. ചില വ്യക്തികളും ശക്തികളും എന്നെ വേട്ടയാടി. വേദനയുണ്ടെങ്കിലും മനശ്ശക്തി കൊണ്ടു പിടിച്ചുനിന്നു. രാഷ്ട്രീയത്തില്‍ ഇതെല്ലാം ഉള്ളതാണ്. ആരാണ് തന്നെ വേട്ടയാടിയതെന്നു പറയാത്തത് മാന്യത കൊണ്ടാണ്. രാജിവച്ചു പോകുമ്പോള്‍ സഹപ്രവര്‍ത്തകരായ മന്ത്രിമാര്‍ക്കെതിരേ പരാതി പറയുന്നതു ശരിയല്ല. ആരോടും പകയില്ല. യുഡിഎഫില്‍ നിന്നു കൂടുതല്‍ പിന്തുണ പ്രതീക്ഷിച്ചിരുന്നു. ചെയ്ത സേവനവും ആത്മാര്‍ഥതയും പ്രതിബദ്ധതയും കാണാന്‍ എല്ലാവര്‍ക്കും കഴിഞ്ഞില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ആഗ്രഹിച്ച വിജയം ഉണ്ടാകാത്തതിന്റെ പാപഭാരം പോലും തന്റെയും പാര്‍ട്ടിയുടെയും പേരില്‍ ആരോപിച്ച ചില കേന്ദ്രങ്ങളുണ്ട്. എന്നാല്‍, കേരളാ കോണ്‍ഗ്രസ്സിനു രാഷ്ട്രീയാടിത്തറയുള്ള സ്ഥലങ്ങളില്‍ അത് ശക്തവും ഭദ്രവുമായിരുന്നു. കോടതിവിധിയില്‍ കുറ്റാരോപണങ്ങള്‍ ഒന്നുമില്ല. ചില പരാമര്‍ശങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. നിയമപരമായും ധാര്‍മികമായും രാജിവയ്‌ക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. നിയമമന്ത്രി പുലര്‍ത്തേണ്ട മാതൃകയും നീതിബോധവും കണക്കിലെടുത്താണ് രാജിവച്ചത്. യുഡിഎഫില്‍ നിന്ന് രാജിക്കു സമ്മര്‍ദ്ദമുണ്ടായിട്ടില്ല -മാണി വ്യക്തമാക്കി.
Next Story

RELATED STORIES

Share it