നീതി കിട്ടാതെ പിന്നോട്ടില്ല

കൊച്ചി/കോട്ടയം: തങ്ങളുടെ സഹോദരിക്കു നീതി കിട്ടുന്നതു വരെ സമരവുമായി മുന്നോട്ടു പോവുമെന്നു കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതിനെതിരേ സേവ് ഔര്‍ സിസ്‌റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ നാലു ദിവസമായി ഹൈക്കോടതി ജങ്ഷനില്‍ നടക്കുന്ന സമരത്തില്‍ പങ്കെടുക്കാനെത്തിയ ഇവര്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.
സമരത്തിനു പിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടലും ഗൂഢാലോചനയും ഉണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. അത്തരത്തിലുള്ള യാതൊരു ഇടപെടലും ഇല്ല. ഇനി ആര്‍ക്കും ഇത്തരത്തിലുളള അവസ്ഥ ഉണ്ടാവാന്‍ പാടില്ലെന്നും കനാസ്ത്രീകള്‍ പറഞ്ഞു. മിഷനറീസ് ഓഫ് ജീസസ് സഭ സമരത്തെ തള്ളിപ്പറയുന്നതി ല്‍ തങ്ങള്‍ക്കു വിഷമമുണ്ട്. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ സമ്മര്‍ദത്തെ തുടര്‍ന്നായിരിക്കും അവര്‍ അത്തരത്തില്‍ ഒരു സമീപനം സ്വീകരിക്കുന്നതെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി. വിശുദ്ധപാതയില്‍ ജീവിക്കുന്ന ഒട്ടേറെ വൈദികര്‍ ഉണ്ട് അവര്‍ക്കിടയില്‍. ഇത്തരത്തില്‍ തിന്മയുള്ളവരെ മൂടിവയ്ക്കാന്‍ പാടില്ല. അവര്‍ക്കു തക്കതായ ശിക്ഷ നല്‍കണം. അതു മാത്രമേ ഇതിനു പരിഹാരമുള്ളൂ.
നേരത്തെ സിസ്റ്റര്‍ അഭയക്കുണ്ടായ അനുഭവത്തില്‍ നിന്നു സഭ പാഠം പഠിച്ച് അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഉചിതമായ ശിക്ഷ നല്‍കിയിരുന്നുവെങ്കില്‍ വീണ്ടും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലായിരുന്നു. എന്നാല്‍ സഭാ നേതൃത്വം അന്നതിന് തയ്യാറായില്ലെന്നു മാത്രമല്ല അവരെ സംരക്ഷിക്കാനാണു ശ്രമിച്ചത്.
ഇപ്പോഴും അതാണു സഭയില്‍ നടക്കുന്നത്. ജലന്ധര്‍ ബിഷപ്പില്‍ നിന്നു തനിക്ക് നേരിട്ട ദുരനുഭവം ഇത്രയും നാളും കന്യാസ്ത്രീ പുറത്തു പറയാതിരുന്നതു ഭയന്നിട്ടാണ്. താന്‍ ഇതു പുറത്തു പറഞ്ഞാല്‍ ഏതു വിധത്തിലായിരിക്കും പൊതുസമൂഹത്തിന്റെ പ്രതികരണമുണ്ടാവുകയെന്നതു സംബന്ധിച്ച് ആശങ്കയുണ്ടായിരുന്നു. കന്യാസ്ത്രീക്കെതിരേ ഇപ്പോള്‍ ആരോപണം ഉയര്‍ത്തുന്നതു ഫ്രാങ്കോ മുളയ്ക്കലിനെതിരേയുള്ള കേസ് വഴിമാറ്റാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നും അവര്‍ പറഞ്ഞു. പി സി ജോര്‍ജിനെതിരേ ഹൈക്കോടതിയെ സമീപിക്കാനാണു തീരുമാനമെന്നും ഇവര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it