നീതി കിട്ടാതെപോയത് കരുണാകരന് മാത്രം: കെ മുരളീധരന്‍

കോഴിക്കോട്: ചാരക്കേസുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി സ്വാഗതം ചെയ്യുന്നതായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംഎല്‍എ. ചാരക്കേസില്‍ നീതി കിട്ടാതെ പോയത് കെ കരുണാകരന് മാത്രമാണ്. കേസിന്റെ പേരില്‍ കെ കരുണാകരനെ രാജിവയ്പിക്കാന്‍ അവസാനമായി ശ്രമിച്ചത് നരസിംഹറാവുവാണ്.
അതിനു കാരണം, ബാബരി മസ്ജിദിന്റെ തകര്‍ച്ചയെ തുടര്‍ന്ന് ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസ്സിന് നഷ്ടപ്പെടുത്തിയത് നരസിംഹറാവുവാണെന്നും അദ്ദേഹത്തെ സ്ഥാനത്തു നിന്നു മാറ്റണമെന്നും ആക്ഷേപമുണ്ടായിരുന്നു. റാവുവിന് പകരം മാധ്യമങ്ങളില്‍ വന്ന പേരുകളില്‍ കരുണാകരന്റെ പേരും ഉള്‍പ്പെട്ടു.
അതുവരെ കരുണാകരന്‍ രാജിവയ്‌ക്കേണ്ടതില്ലെന്നു പറഞ്ഞ റാവു അതിനുശേഷം നിലപാട് മാറ്റി രാജി ആവശ്യപ്പെടുകയായിരുന്നു. ഡല്‍ഹിയിലേക്കു വിളിപ്പിച്ച് കരുണാകരനെ ഒരാഴ്ചയോളം ഒരു സ്ഥാനവും നല്‍കാതെ ഇരുത്തി അവസാനം അപ്രധാന ചുമതലയുള്ള മന്ത്രിയാക്കി ഒതുക്കി നരസിംഹറാവു ചതിക്കുകയായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.
വര്‍ഷങ്ങളായി പീഡിപ്പിക്കപ്പെട്ട ശാസ്ത്രജ്ഞനു വൈകിക്കിട്ടിയ അംഗീകാരമാണ് വിധി. ചാരക്കേസ് ചാരമായതോടെ കെ കരുണാകരനോട് ചെയ്തത് നീതിയല്ല എന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടു. വേദനയോടെയാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. മൂന്ന് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്താല്‍ ഗൂഢാലോചനകള്‍ പുറത്തുവരും. സുപ്രിംകോടതി വിധി ജനങ്ങളുടെ മനസ്സിലെ സംശയങ്ങള്‍ ദൂരീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it