Flash News

നീതി ആയോഗ് : 2024 മുതല്‍ ലോക്‌സഭ-നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കണം



ന്യൂഡല്‍ഹി: 2024 മുതല്‍ രാജ്യത്ത് ലോക്‌സഭ -നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണമെന്ന നിര്‍ദേശവുമായി നീതി ആയോഗ്. നിര്‍ദേശം നടപ്പാക്കുകയാണെങ്കില്‍ 2024ല്‍ അവസാനിക്കുന്ന തരത്തില്‍ ചില സംസ്ഥാന സര്‍ക്കാരുകളുടെ കാലാവധി വെട്ടിച്ചുരുക്കുകയോ ദീര്‍ഘിപ്പിക്കുകയോ ചെയ്യുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ ആവശ്യമായി വരുമെന്ന് നീതി ആയോഗ് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ചെലവുകള്‍ കുറയ്ക്കുന്നതിനും ഭരണരംഗത്ത് തടസ്സം ഒഴിവാക്കുന്നതിനുമാണ് പുതിയ നിര്‍ദേശമെന്ന് നീതി ആയോഗ് വിശദീകരിക്കുന്നു. നിര്‍ദേശം നടപ്പാക്കാനുള്ള മാര്‍ഗരേഖ തയ്യാറാക്കുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ചുമതല നല്‍കിയിട്ടുണ്ട്. ആറുമാസത്തിനകം വിശദമായ റിപോര്‍ട്ട് നല്‍കാനാണ് കമ്മീഷന് നിര്‍ദേശം നല്‍കിയത്. 2019-20 സാമ്പത്തികവര്‍ഷം വരെയുള്ള കരട് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നീതി ആയോഗിന്റെ തീരുമാനം. കഴിഞ്ഞമാസം 23ന് സംസ്ഥാന മുഖ്യമന്ത്രിമാരടക്കമുള്ളവര്‍ പങ്കെടുത്ത നീതി ആയോഗ് ഭരണസമിതി യോഗത്തില്‍ നിര്‍ദേശം ചര്‍ച്ച ചെയ്തിരുന്നു. ഇതുസംബന്ധിച്ച തുടര്‍നടപടികള്‍ക്കായി പ്രത്യേക സംഘത്തെ നിയോഗിക്കും. പൊതുസേവനങ്ങള്‍ക്ക് സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ക്ക് പുറംകരാര്‍ നല്‍കണമെന്നും നിര്‍ദേശമുണ്ട്. സിവില്‍സര്‍വീസ് രംഗം ശാക്തീകരിക്കണം. സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളില്‍ കൂടുതല്‍ കാലാവധി അനുവദിക്കണം. നിലവില്‍ അഡീഷനല്‍ സെക്രട്ടറി റാങ്കിലുള്ളവര്‍ സെക്രട്ടറി റാങ്കിലെത്തിയാല്‍ വിരമിക്കല്‍ കാലാവധി വരെ രണ്ടുവര്‍ഷമോ അതില്‍കുറവോ ആണ് പദവിയിലുണ്ടാവുക. ഇതിനായി സെക്രട്ടറി റാങ്കിലുള്ള സ്ഥാനക്കയറ്റം പെട്ടെന്ന് അനുവദിക്കണമെന്ന് റിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it