നീതി ആയോഗില്‍ നിന്നു സ്മൃതി ഇറാനി പുറത്ത്‌

ന്യൂഡല്‍ഹി: വിവാദങ്ങള്‍ വിട്ടൊഴിയാത്ത കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് സമയം അത്ര നല്ലതല്ല. വാര്‍ത്താ വിനിമയ മന്ത്രാലയത്തില്‍ നിന്നു നീക്കി ഒരു മാസം കഴിയുന്നതിനു മുമ്പ് നീതി ആയോഗില്‍ നിന്നു സ്മൃതി ഇറാനി പുറത്തായി. നീതി ആയോഗിന്റെ പ്രത്യേക ക്ഷണിതാക്കളുടെ പട്ടികയില്‍ നിന്നാണു സ്മൃതി ഇറാനിയെ നീക്കിയത്.
ജൂണ്‍ ഏഴിന് പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവിലാണു സ്മൃതി ഇറാനിയെ നീതി ആയോഗ് ക്ഷണിതാവ് സ്ഥാനത്തു നിന്നു മാറ്റിയതായി പറയുന്നത്. മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്കറാണ് തീരുമാനമെടുത്തത്. പകരം മന്ത്രി ഇന്ദ്രജിത് സിങിന് ക്ഷണിതാവ് സ്ഥാനം നല്‍കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുമതിയോടു കൂടിയാണ് ഈ മാറ്റമെന്നാണ് റിപോര്‍ട്ട്. ജൂണ്‍ 17നു പ്രധാനമന്ത്രി കൂടി പങ്കെടുക്കുന്ന നീതി ആയോഗിന്റെ യോഗം നടക്കാനിരിക്കെയാണ് മാറ്റം.
മെയ് 14നാണ് സ്മൃതി ഇറാനിയെ വാര്‍ത്താ വിനിമയ മന്ത്രാലയത്തില്‍ നിന്നു പുറത്താക്കുന്നത്. സ്മൃതി ഇറാനിയുടെ ഡെപ്യൂട്ടിയായി ജോലി ചെയ്തിരുന്ന രാജ്യവര്‍ധന്‍ സിങ് റാത്തോറിനു മന്ത്രാലയത്തിന്റെ ചുമതല നല്‍കുകയായിരുന്നു. താരതമ്യേന പ്രാധാന്യം കുറഞ്ഞ ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തിന്റെ ചുമതലയാണ് സ്മൃതി ഇറാനിക്ക് നിലവിലുള്ളത്.
Next Story

RELATED STORIES

Share it