Flash News

നീതിയെക്കുറിച്ച് പറയുന്നത് കാപട്യം ; രാജ്യത്ത് അസമത്വം: വരുണ്‍ഗാന്ധി



അലഹബാദ്: രാജ്യത്ത് സാമ്പത്തിക അസമത്വം നിലനില്‍ക്കുന്നതായും ഈ സാഹചര്യത്തില്‍ നീതിയെക്കുറിച്ച് സംസാരിക്കുന്നത് കാപട്യമാണെന്നും ബിജെപി എംപി വരുണ്‍ഗാന്ധി. അലഹബാദ് ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച സിമ്പോസിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി സംസ്ഥാനങ്ങളില്‍ കടത്തില്‍മുങ്ങിയ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ വന്‍ വ്യവസായികളുടെ വായ്പ സര്‍ക്കാര്‍ എഴുതിത്തള്ളുകയാണ്. 2001 മുതല്‍ കേന്ദ്രത്തില്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ ഏതാണ്ട് മൂന്നുലക്ഷം കോടിയുടെ വായ്പകള്‍ എഴുതിത്തള്ളി. ഇതില്‍ രണ്ടുലക്ഷം കോടിയും രാജ്യത്തെ 30 വന്‍ കമ്പനികളുടേതായിരുന്നു. ഇതിനെ നീതിയെന്ന് വിളിക്കാമോ? അദ്ദേഹം ചോദിച്ചു. രാജ്യത്തിന്റെ പകുതിയിലേറെ വിഭവങ്ങള്‍ നിയന്ത്രിക്കുന്നത് ജനസംഖ്യയിലെ ഒരു ശതമാനമാണ്. മറുവശത്ത് ജനസംഖ്യയില്‍ മൂന്നിലൊന്ന് ഇപ്പോഴും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. 90 ലക്ഷം കുട്ടികള്‍ വിശപ്പ് മാറ്റാന്‍ കൂലിപ്പണി ചെയ്യാന്‍ നിര്‍ബന്ധിതരാണ്. തന്റെ നിയോജകമണ്ഡലമായ സുല്‍ത്താന്‍പൂരില്‍ കര്‍ഷക ആത്മഹത്യ അനുവദിക്കില്ലെന്ന് മൂന്ന് വര്‍ഷം മുമ്പ് തീരുമാനിച്ചതാണ്. ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത 22 കോടിയിലേറെ തുകയും തന്റെ എംപി ഫണ്ടിലെ രണ്ട് കോടിയും ചേര്‍ത്ത് 4,000 കര്‍ഷകരുടെ കടം തീര്‍ക്കാന്‍ കഴിഞ്ഞു. വിദേശങ്ങളില്‍ നിന്നുള്ള മൂലധന നിക്ഷേപം നമ്മെ മഹത്തായ രാജ്യമാക്കാന്‍ പോകുന്നില്ലെന്നും വരുണ്‍ പറഞ്ഞു.
Next Story

RELATED STORIES

Share it