Middlepiece

നീതിപീഠത്തെ ആരു ചോദ്യംചെയ്യും?

ഇന്ദ്രപ്രസ്ഥം/നിരീക്ഷകന്‍

ന്യായാധിപന്‍മാര്‍ ആരോടാണ് ഉത്തരവാദപ്പെട്ടിരിക്കുന്നത്? ഭരണഘടനയോട് എന്നായിരിക്കും ഉത്തരം. കാരണം, ഭരണഘടനയാണ് ഭരണസംവിധാനത്തിന്റെ അടിത്തറ. ഭരണഘടന പ്രകാരം ഭരണനിര്‍വഹണ, നീതിന്യായ, നിയമനിര്‍മാണ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനു പലവിധ സമീപനങ്ങളുമുണ്ട്. ഓരോ വിഭാഗവും മറുവിഭാഗത്തിന്റെ അധികാരപരിധിയില്‍ കടന്നുകയറുന്നത് ഒഴിവാക്കുക എന്നതാണ് ഇതിലെ കാതലായ വശം.
നിയമനിര്‍മാണ സംവിധാനമായ അസംബ്ലിയിലേക്കും പാര്‍ലമെന്റിലേക്കും അംഗങ്ങളെ ജനങ്ങള്‍ നേരിട്ടു തിരഞ്ഞെടുക്കുകയാണ്. മൊത്തം ചെയ്ത വോട്ടില്‍ ആര്‍ക്കാണോ ഒരെണ്ണമെങ്കിലും കൂടുതലുള്ളത് അയാളാണ് വിജയി. ഭരണനിര്‍വഹണ വിഭാഗം അഥവാ എക്‌സിക്യൂട്ടീവ് ഇതില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്നതാണ്. അവര്‍ക്ക് പാര്‍ലമെന്റിനോടും മറ്റു ജനപ്രതിനിധിസഭകളോടും ഉത്തരവാദിത്തമുണ്ട്. ഭൂരിപക്ഷ പിന്തുണ നഷ്ടമായാല്‍ അവര്‍ക്ക് അധികാരവും നഷ്ടമാവും.

ഈ രണ്ടു മേഖലകളിലും നിലവിലുള്ള സംവിധാനങ്ങളില്‍ ധാരാളം തകരാറുകളുണ്ട്. ഉദാഹരണത്തിന്, മൊത്തം വോട്ടര്‍മാരില്‍ വെറും ന്യൂനപക്ഷത്തിന്റെ മാത്രം പിന്തുണയിലും ഒരാള്‍ക്ക് എംഎല്‍എയും എംപിയുമാവാം, മന്ത്രിയാവാം, പ്രധാനമന്ത്രിയുമാവാം. ഇന്ത്യയിലെ പ്രധാനമന്ത്രിമാരില്‍ ഭൂരിപക്ഷം പേര്‍ക്കും നാട്ടിലെ ജനങ്ങളില്‍ ഭൂരിപക്ഷത്തിന്റെയും പിന്തുണ ഒരിക്കലും ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. എക്‌സിക്യൂട്ടീവിന്റെ കഥയും ഇതുതന്നെ. ഒരു തവണ അധികാരത്തിലേറിയാല്‍ പിന്നെ അഞ്ചു വര്‍ഷത്തേക്ക് തിരിഞ്ഞുനോക്കേണ്ടതില്ല.

ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി പൂര്‍ണ സ്വതന്ത്രവും പക്ഷപാതരഹിതവുമായിരിക്കണം ജുഡീഷ്യറി എന്നാണ് തത്ത്വം. അതിനായി ഭരണഘടനയില്‍ ജുഡീഷ്യറിക്ക് പ്രത്യേക പദവിയും അധികാരങ്ങളും നിര്‍വചിച്ചുവച്ചിട്ടുണ്ട്. ജഡ്ജിമാരെ പുറത്താക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. അഴിമതിക്കാരെന്നു കുപ്രസിദ്ധരായ പല ന്യായാധിപന്‍മാരും തങ്ങളുടെ തൊഴില്‍ യാതൊരു ചാഞ്ചല്യവുമില്ലാതെ അഭംഗുരം നടത്തിയിട്ടുണ്ട്.  അമിതമായ അഴിമതി ജുഡീഷ്യറിയുടെ ഉന്നതങ്ങളില്‍ നിലനില്‍ക്കുന്നു എന്നു പറയാനാവില്ല. അവിടെ  ഒരുതരത്തിലുള്ള കൂട്ടുത്തരവാദിത്തമുണ്ട്. ഒന്നിലേറെ ജഡ്ജിമാരുള്ള ബെഞ്ചുകളിലാണ് കേസുകള്‍ കേള്‍ക്കുന്നത്. ഭൂരിപക്ഷാഭിപ്രായം അനുസരിച്ചാണ് വിധി വരുന്നത്.

പക്ഷേ, ആരാണ് ഉന്നത നീതിപീഠത്തിലെ ജഡ്ജിയെ നിയമിക്കേണ്ടത്? 1993ലും 1998ലും ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട പ്രമാദമായ കേസുകള്‍ സുപ്രിംകോടതി പരിഗണിച്ചിരുന്നു. ഭരണകൂടം ജഡ്ജിമാരുടെ നിയമനത്തില്‍ കൈകടത്തുന്നതായ ആരോപണവും നിലനിന്നിരുന്നു.

അതിനു മുന്‍കാല ഭരണാധികാരികള്‍ ഉത്തരവാദികളുമാണ്. പ്രധാന പ്രതി ഇന്ദിരാഗാന്ധി തന്നെ. 1975ല്‍ ഇന്ദിരാഗാന്ധി സുപ്രിംകോടതി ചീഫ്ജസ്റ്റിസ് നിയമനത്തില്‍ സീനിയോറിറ്റിയും ജനാധിപത്യ മര്യാദകളും മറികടന്ന് താല്‍പര്യമുള്ളയാളെ നിശ്ചയിച്ചപ്പോള്‍ മൂന്നു സീനിയര്‍ ജഡ്ജിമാര്‍ രാജിവച്ച കാലം മുതല്‍ നീതിപീഠത്തിലെ ഭരണാധിപന്മാരുടെ കൈകടത്തല്‍ വലിയ വിവാദ വിഷയമായി നിലനിന്നതാണ്.  അങ്ങനെയാണ് 1998 മുതല്‍ സുപ്രിംകോടതി ജഡ്ജി നിയമനത്തിനു കൊളീജിയം സമ്പ്രദായം നടപ്പാക്കിയത്. ഉന്നത നീതിപീഠത്തിലെ ജഡ്ജിയെ ചീഫ്ജസ്റ്റിസും സീനിയര്‍ ജഡ്ജിമാരും ചേര്‍ന്ന കൊളീജിയം കണ്ടെത്തി നിയമിക്കും.

രണ്ടു പതിറ്റാണ്ടായി അതങ്ങനെ നിലനില്‍ക്കുന്നു.  എന്നാല്‍, നീതിപീഠത്തെ ഒരു വരേണ്യവര്‍ഗത്തിന്റെ കൈയിലെ ഉപകരണമാക്കി മാറ്റിയതും ഇതേ കൊളീജിയം തന്നെ.  ജഡ്ജിമാര്‍ തങ്ങള്‍ക്കു വേണ്ടപ്പെട്ടവരെ വാഴ്ത്തപ്പെട്ടവരായി തിരഞ്ഞെടുക്കുന്ന ഒരു സവിശേഷ ഇടപാടാണിത്.

ഇതു ഭാവിയില്‍ രാജ്യത്തിനു ദോഷം ചെയ്യും. സമൂഹത്തിന്റെ വളര്‍ച്ച പുറത്തുനില്‍ക്കുന്ന വിഭാഗങ്ങളെ ഉള്‍ക്കൊണ്ടു മാത്രമേ സാധിക്കുകയുള്ളൂ. അതിനു മല്‍സരം വേണം. കാറ്റും വെളിച്ചവും വേണം. പരസ്പരം പുറംചൊറിയല്‍ പറ്റില്ല. ചുരുക്കത്തില്‍, കൊളീജിയം പുനസ്ഥാപിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധി ശരിയായ ദിശയിലുള്ള ഒരു കാല്‍വയ്പല്ല. ദേശീയ ജുഡീഷ്യല്‍  കമ്മീഷന്‍ പോലുള്ള ഒരു വിശാല സംവിധാനത്തിലേക്ക് നീതിപീഠ നിയമനങ്ങള്‍ മാറിയേതീരൂ.
Next Story

RELATED STORIES

Share it